തൃശൂര്‍: നടുവിലാലിലെ കടമുറിയുടെ കുടിശ്ശികയെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷി അംഗങ്ങളുടെ വാക്പോര്. കുടുംബശ്രി അംഗങ്ങള്‍ നടത്തുന്ന നടുവിലാലിലെ ഷോപ്പിങ്ങ് കോംപ്ലകിലെ ഐഫ്രം എന്ന സ്ഥാപനത്തിന്റെ ലൈസല്സ് ഫീസ് സംബന്ധിച്ച വിഷയത്തില്‍ നിലവിലുള്ള കുടിശ്ശിക ഗഡുക്കളായി നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് അജണ്ട ചര്‍ച്ചക്കെടുത്തപ്പോള്‍ മേയര്‍ മുന്നോട്ട് വെച്ചു.
എന്നാല്‍ ഭരണകക്ഷിയംഗങ്ങള്‍ വിഷയത്തില്‍ രണ്ട് തട്ടായപ്പോള് ചില കൗണ്‍സിലര്‍മാരുടെ താത്പര്യങ്ങള്‍ പുറത്ത് വന്നു. കട മുറി തിരിച്ചെടുത്ത് റീ ടെണ്ടര്‍ നടത്തണമെന്ന് ഭരണ കക്ഷി കൗണ്‍സിലര്‍മാരായ ലാലി ജയിംസ്, സദാശിവന്, പി.യു.ഹംസ എന്നിവര്‍ ആവശ്യപ്പെട്ടപ്പോള്‍ സി.എസ്.ശ്രീനിവാസന് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. ഭരണ കക്ഷി അംഗങ്ങളുടെ ഏറെ നേരത്തെ തമ്മിലടിക്ക് ശേഷം മേയറുടെ നിര്‍ദ്ദേശം നടപ്പിലാക്കുകയായിരുന്നു. പൊതു ചര്‍ച്ചക്കിടെ ശക്തന് നഗറിലെ കടുത്ത മാലിന്യ പ്രശ്നത്തെ കുറിച്ച് ബിജെപി കൗണ്‍സിലര്‍ വിനോദ് പൊള്ളഞ്ചേരി വിഷയം അവതരിപ്പിച്ചു. മത്സ്യ മാര്‍ക്കറ്റിന് മുന്നില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് വിനോദ് ചൂണ്ടിക്കാട്ടി.
ആശ്രയ പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ടവരെ കുറിച്ച് കൗണ്‍സിലര്‍മാര്‍ക്ക് അറിയില്ലെന്നത് ഭൂരിഭാഗം പേരും ഉന്നയിച്ചു. പല അനര്‍ഹരും ലിസ്റ്റില്‍ കടന്നു കൂടിയതായി കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. തിയ്യറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതിന് പ്രതിഷേധത്തിനിടെ കൗണ്‍സില്‍ അംഗീകാരം നല്കി.
കൈരളി തിയറ്ററില്‍ 70 രൂപയുണ്ടായിരുന്ന സീറ്റ് ചാര്‍ജ്ജ് 110 രൂപയായി ഉയര്‍ത്താനാണ് തിരുമാനം. ഗ്രീന്‍ സര്‍ക്കിളില്‍ 50 രൂപയില്‍ 90 രൂപയുമായി ഉയര്‍ത്തിയിട്ടുണ്ട്. ശ്രീയില്‍ 60, 50 നിരക്കുകളില്‍ ഉള്ളത് 100, 90 എന്നിങ്ങനെ ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ ആവശ്യപ്രകാരമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തിരുമാനിച്ചതെന്നാണ് മേയര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: