കുമരകം: ഇരണ്ടപക്ഷികളും, നീര്‍കാക്കകളും കുമരകത്തിന് ഭീഷണിയാകുന്നു. ഇരണ്ടകള് കര്‍ഷകര്‍ക്ക് ഭീഷണിയാകുമ്പോള്‍ നീര്‍കാക്കകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നത്. ദേശാടന പക്ഷിയായ താമരകോഴി കര്‍ഷകര്‍ക്ക് വന്‍ നാശമാണുണ്ടാക്കുന്നത്.
പക്ഷി സങ്കേതമായതിനാല്‍ ഇവയെ വേട്ടയാടുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പാണ്. നെല്‍വയലുകളില്‍ വിത കഴിയുന്നതോടെ ആയിരക്കണക്കിന് കൂട്ടമായാണ് ഇരണ്ടകള് പാടശേഖരങ്ങളില്‍ പറന്നിറങ്ങി നെല്‍വിത്തുകള്‍ ആഹാരമാക്കുന്നത്. കുമരകത്തെ സംബന്ധിച്ചിടത്തോളം കര്‍ഷകരും മത്സ്യതൊഴിലാളികളുമാണ് അധികവും. പക്ഷിവേട്ട നിരോധിച്ചുകൊണ്ടുള്ള നിയമം വന്നതോടെ ഇവയുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്.
നീര്‍കാക്കകളുടെ കൂട്ടങ്ങള്‍ കായലിലും തോടുകളിലും മത്സ്യകുഞ്ഞുങ്ങളെയും മത്സ്യങ്ങളെയും ആഹാരമാക്കി ജീവിക്കുന്ന പക്ഷിവര്‍ഗ്ഗമാണ് ഇവയും. മത്സ്യസമ്പത്തിന്റെ തകര്‍ച്ചയ്ക്ക് വന്‍ ഭീഷണിയാണ് ഇവ ഉയര്‍ത്തുന്നത്. പക്ഷികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം കര്‍ഷകരെയും മത്സ്യതൊഴിലാളികളെയും ഇവയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഉണ്ടാകണമെന്നാണ് നെല്‍കര്‍ഷകരുടെ ആവശ്യം. നീര്‍കാക്കകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് അപൂര്‍വ്വയിനത്തില്‍പെട്ട പലതരത്തിലുള്ള മത്സ്യങ്ങളുടെയും വംശനാശത്തിനിടയാക്കിയിട്ടുണ്ട്.
ജീവജാലങ്ങളുടെ പരസ്പരപൂരകമായ സന്തുലാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള പഠനവും പ്രവര്‍ത്തനവും ഇവിടെ സംഭവിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: