Categories: Business

പക്ഷിപ്പനിയും മദ്യനയവും ടൂറിസം മേഖലയ്‌ക്ക് തിരിച്ചടി

Published by

കൊച്ചി: പക്ഷിപ്പനിയും മദ്യനയവും കേരളത്തിലെ ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കി. സീസണ്‍ ആരംഭിച്ചയുടനാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നാടന്‍ ഭക്ഷണം അന്വേഷിച്ചെത്തുന്ന വിദേശികെള പക്ഷിപ്പനി പ്രതികൂലമായി ബാധിക്കും. വിദേശ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ടൂര്‍ ഓപ്പറേറ്റര്‍മാരും വിശദീകരണം തേടി ഹോട്ടല്‍ ഉടമകളെ സമീപിച്ചു തുടങ്ങി. നവംബര്‍ മുതല്‍ ജനുവരി വരെയാണ് ടൂറിസ്റ്റ് സീസണ്‍.

മദ്യനയവും വിനോദ സഞ്ചാരികളെ അകറ്റും. വിദേശികളും തദ്ദേശീയരുമായ വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും ആഘോഷങ്ങളുടെ ഭാഗമായി മദ്യം ഉപയോഗിക്കുന്നവരാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒഴികെ മറ്റിടങ്ങളില്‍ മദ്യംകിട്ടാതെ വരുന്നത് പ്രതിസന്ധി സൃഷ്ടിക്കും. ഇത് ടൂറിസം മേഖലയില്‍ തൊഴില്‍ സാധ്യകളെ ഇല്ലാതാക്കും.

കായല്‍ ടൂറിസത്തേയും പ്രതികൂലമായി ബാധിക്കും. വിദേശികളില്‍ ഭൂരിഭാഗവും ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ക്കായി എത്തുന്നത് ആലപ്പുഴ, കുമരകം മേഖലകളിലാണ്.

ഹൗസ്‌ബോട്ടുകളും ഹോട്ടലുകളും ഇവിടെ ധാരാളമുള്ളതിനാലാണിത്. എന്നാല്‍ ആലപ്പുഴ,കോട്ടയം, ജില്ലകളിലാണ് പക്ഷിപ്പനി കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിദേശ സഞ്ചാരികളില്‍ നിന്നുള്ള വരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിരുന്നു. ഇക്കുറിയും അത് പ്രതീക്ഷിച്ചിരിക്കെയാണ് മദ്യനയവും പക്ഷിപ്പനിയും വിഘാതമായത്. ഇടുക്കി, വയനാട് ജില്ലകളാണ് വിനോദസഞ്ചാര മേഖലക്ക് കുറച്ചെങ്കിലും ആശ്വാസമേകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by