ഉണ്ടാല്‍ ദഹിക്കണം, പറഞ്ഞാല്‍ മറക്കണം എന്നാണ് ചൊല്ല്. മനുഷ്യരാശി ഇങ്ങനെ നിലനിന്നുപോകാന്‍ തന്നെ കാരണം മേപ്പടി പഴഞ്ചൊല്ലിന്റെ പതിരില്ലാത്തവശം ശക്തിപ്പെടുന്നതുകൊണ്ടു കൂടിയാണെന്ന് ജീവിതം ഏറെ കണ്ടവര്‍ പറയുന്നു.
ശരിയാവാം, തെറ്റാവാം. അതൊക്കെ ഓരോരുത്തരുടെയും സ്വഭാവമഹിമക്കും രീതിക്കും അനുസരിച്ച് മനസ്സിലാക്കുകയേ നിവൃത്തിയുളളൂ.
സ്നേഹത്തെക്കുറിച്ച് വിഖ്യാതനായ ലുറേറ്ററുടെ ഒരു വചനമുണ്ട്: കണ്ണുകൊണ്ട് കാണാനാവാത്തത് സ്നേഹത്തിന് കാണാനാവും, കാതുകൊണ്ട് കേള്‍ക്കാനാവാത്തത് സ്നേഹത്തിന് കേള്‍ക്കാനാവും. ഇപ്പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് നമുക്കു മുമ്പിലുള്ള ഒരുപാട് അനുഭവങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ സ്നേഹം പ്രകടനാത്മകമായാല്‍ ഇപ്പറഞ്ഞ ഒന്നും ഉണ്ടാവില്ല എന്നതത്രേ വസ്തുത. ഇത് രാഷ്ട്രീയത്തിലേക്ക് ഒന്ന് പകര്‍ത്തി നോക്കൂ. തികച്ചും അസാധാരണമായ ഒരു സമവാക്യം അതില്‍ കാണാം. അസഹിഷ്ണുതയുടെ ഹിമാലയമായ ഒരു പാര്‍ട്ടിയാണതെങ്കിലോ?
കൂത്തുപറമ്പ് രക്തസാക്ഷിത്വദിനം (വാസ്തവത്തില്‍ അങ്ങനെയല്ല, കൂട്ടക്കുരുതി ബോധപൂര്‍വം ആസൂത്രണം ചെയ്തതായിരുന്നു എന്ന ആരോപണം ഇന്നും സജീവം) ആചരിക്കുമ്പോള്‍ കുന്തമുന എന്നും ലക്ഷ്യമിട്ടിരുന്നത് എംവിആര്‍ എന്ന പൂര്‍വാശ്രമത്തിലെ സഖാവിനെ തന്നെയായിരുന്നു. കഴിഞ്ഞ പത്തൊമ്പത് വര്‍ഷവും അക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഒന്നാകെ തകിടം മറിഞ്ഞു. അഞ്ചുപേര്‍ കൂത്തുപറമ്പില്‍ വെടിയേറ്റു വീണതിന്റെ ചോരക്കറ പേറുന്ന എംവിആര്‍ ഈ ലോകത്ത് നിന്ന് പോയ്മറയുകയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലൊരുവിഭാഗം പൂര്‍വാശ്രമ പാര്‍ട്ടിയിലേക്ക് അണിചേരുകയും ചെയ്തപ്പോള്‍ കാര്യങ്ങളുടെ സൈദ്ധാന്തിക വിശകലനത്തില്‍ അടവുനയത്തിന്റെ ഓന്തുരാഷ്ട്രീയം തെളിഞ്ഞുവന്നു.
ഡിഫിയുടെ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് നേര് നേരത്തെ അറിയിക്കുന്ന പത്രത്തില്‍ എഴുതിയ കൂത്തുപറമ്പിന് 20 വയസ് എന്ന ലേഖനത്തില്‍ എംവിആര്‍ വിശുദ്ധന്; പഴി പോലീസിന്. രണ്ടുവരി വായിച്ചാലും: കൂത്തുപറമ്പിലെത്തിയ മന്ത്രിക്കുനേരെ കറുത്ത തുണി ഉയര്‍ത്തി ആയിരക്കണക്കിന് ജനങ്ങള്‍ പ്രതിഷേധിച്ചു. ഒരു സംഘര്‍ഷവുമുണ്ടായില്ല. മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങുകയും ചെയ്തു. പോലീസുകാര്‍ക്കോ മന്ത്രിക്കോ പ്രതിഷേധത്തെ തുടര്‍ന്ന് നേരിയ പോറല്‍ പോലുമേറ്റില്ല. എന്നാല്‍, തികച്ചും അനാവശ്യമായി ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവെക്കുകയാണുണ്ടായത്.
അപ്പോ ക്ലിയറായില്ലേ? എംവിആര്‍ എന്ന പാവം മനുഷ്യനെക്കുറിച്ച് പണ്ട് പറഞ്ഞതെല്ലാം അങ്ങട്ട് മറേന്നാളീന്ന്. കഴിഞ്ഞ 19 വര്‍ഷമായി രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഡിഫി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കുന്ന പ്രസ്താവനയില്‍ നിന്ന് ഇത്തവണ എംവിആര്‍ എന്ന പേരും അപ്രത്യക്ഷമായി. എങ്ങനെയുണ്ട് അടവുനയം. ഇതു സംബന്ധിച്ച് മൂത്ത പാര്‍ട്ടി സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ പങ്കെടുത്ത നേതാക്കള്‍ക്കും എംവിആര്‍ കല്‍ക്കണ്ടമായി. അപ്പോ നടേ സൂചിപ്പിച്ച പഴമൊഴി ഒന്നുകൂടി ഓര്‍ക്കുക. ആ മൊഴി രാഷ്ട്രീയക്കാര്‍ എന്നും താലോലിച്ചു കൊണ്ടേയിരിക്കുമെന്ന ലോകസത്യത്തിനു മുമ്പില്‍ രണ്ടു മെഴുകുതിരി കത്തിച്ചുവെക്കാം.
ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ അതിന്റെ ആധാരശിലയായ വോട്ടെടുപ്പിനെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല. പഠിപ്പും പത്രാസും പാണ്ഡിത്യവും ഏറെയുള്ളവരുടെയും സ്ഥിതി അങ്ങനെ തന്നെ. എപ്പോഴും ഉടുതുണിക്ക് മറുതുണിയില്ലാത്ത, മുഴുപ്പട്ടിണിയും അരപ്പട്ടിണിയുമായി കഴിയുന്നവരാണ് വോട്ടെടുപ്പില്‍ കണിശമായി പങ്കെടുത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്.
കഴിഞ്ഞ തവണത്തെ ലോക്സഭാ വോട്ടെടുപ്പ് വേളയില്‍ ആലപ്പുഴയിലെ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകന്റെ വൃദ്ധമാതാവ് വോട്ടു ചെയ്തതിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ വന്നിരുന്നു. ചൂണ്ടുവിരലിലെ മഷി അഭിമാനമായി കരുതിക്കൊണ്ടുള്ള ആ അമ്മയുടെ ആഹ്ലാദം കാണുന്നവരില്‍ സൃഷ്ടിച്ച ആദരവും സന്തോഷവും അളവറ്റതായിരുന്നു. പോസ്റ്റ് ചെയ്ത് അര മണിക്കൂറിനകം ആയിരങ്ങളാണ് അതിഷ്ടപ്പെട്ടത്. ജനാധിപത്യത്തിന്റെ കാവല്ഭടന്മാര് ജാഗ്രതയോടെ നിന്നില്ലെങ്കില്‍ അപകടം അറിയാതെ ഇഴഞ്ഞുവരും, അടിയന്തരാവസ്ഥപോലെ.
എന്നാല്‍ ഈ ജനാധിപത്യ പ്രക്രിയക്കെതിരെ മുഖം തിരിച്ചു നില്‍ക്കുകയും ഒടുവില്‍ ഭരണകൂടത്തില്‍ നിന്ന് എല്ലാം സ്വായത്തമാക്കുകയും ചെയ്യുന്നവര്‍ വോട്ടു ചെയ്തില്ലെങ്കില്‍ ഒരു നടപടിയും സ്വീകരിക്കാനാവില്ല. അതേസമയം ജനങ്ങള്‍ക്ക് അതിന്റെ ശക്തി ബോധ്യപ്പെടണം എന്ന് ഒരു ഭരണകൂടം തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിദാന അവകാശം നിയമം മൂലം നിര്‍ബന്ധമാക്കി. വോട്ടു ചെയ്തില്ലെങ്കില്‍ ശിക്ഷയുണ്ടാവുമെന്ന ബോധ്യമുണ്ടായാല്‍ ഇന്നത്തെ അവസ്ഥയ്ക്ക് ഗുണപരമായ മാറ്റം വരുമെന്ന് ശുഭചിന്തയാണിതിനു പിന്നില്‍.
എന്നാല്‍ ബിജെപി സര്‍ക്കാറിന്റെ അജണ്ടയാക്കി അത് ചര്‍വിതചര്‍വണം നടത്താനാണ് മാധ്യമതമ്പുരാക്കന്മാരും ബുജികളും തയ്യാറായത്. അവര്‍ക്കു നേരെ വസ്തുതയുടെ വിശാലഭൂമികയുമായി ജനമനസ്സറിയുന്ന അഭിഭാഷകന് രംഗത്തുവന്നു. അദ്ദേഹത്തിന്റെ ലേഖനം നവം. 25ലെ മാതൃഭൂമിയില്‍ വായിക്കാം. നിര്‍ബന്ധിത വോട്ട്: ശരിയും തെറ്റും എന്ന തലക്കെട്ടില്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നിരത്തുന്ന വാദമുഖങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യ ശ്രീകോവിലെ അര്‍ച്ചനാപുഷ്പങ്ങളാണ്.
ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമത്തിന്റെ നല്ല വശങ്ങള് കാണാതെ നഖശിഖാന്തം എതിര്‍ക്കുന്ന പ്രവണത തടയപ്പെടേണ്ടതു തന്നെയാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സുഗമമായ ഗതിപ്രവാഹത്തിന് രാജ്യം സ്വീകരിച്ച മാര്‍ഗങ്ങളില്‍ മുഖ്യമാണ് പ്രാതിനിധ്യജനാധിപത്യക്രമം. വോട്ടു ചെയ്യാനുള്ള ജനങ്ങളുടെ വിമുഖത ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണ്.
ഇത്തരമൊരു പശ്ചാത്തലത്തില്‍ ഗുജറാത്തിലെ പുതിയ നിയമത്തെ ആഴത്തില്‍ വിലയിരുത്തുകയും സ്വാഗതം ചെയ്യുകയുമാണ് വേണ്ടത് എന്ന് ശ്രീധരന്‍പിള്ള പറയുന്നു. സ്വാഗതം ചെയ്തില്ലെങ്കില്‍ വേണ്ട, ഭീതിപ്പെടുത്തുന്ന കുപ്രചാരണം എന്തിനാണ്? ഭാരത ജനാധിപത്യത്തെ കരുത്തും കരളുറപ്പുമുള്ളതാക്കാന്‍ തനമനധനം നീക്കിവച്ച മഹാത്മാവിന്റെ നാട്ടില്‍ നിന്നു തന്നെ വേണ്ടേ ഇത്തരമൊരു നിയമം ഉയര്‍ന്നുവരാന്‍? അതിനെതിരു നില്ക്കുന്നവര് ഏത് അരാജകവാദത്തിന്റെ മുന്നണിപ്പോരാളികളാണെന്നാണ് നമുക്കറിയാത്തത്.
പിള്ള തുടരുന്നതും കൂടി കേള്‍ക്കുക: ഗുജറാത്തില്‍ വോട്ടവകാശം നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്തവരെ ക്രൂശിക്കാനുള്ള അപകടവ്യവസ്ഥകളൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നിര്‍മ്മിക്കാനിരിക്കുന്നതേയുള്ളൂ. വോട്ടു ചെയ്യാത്തവരുടെ പേരില്‍ കഠിനശിക്ഷകള്‍ ചുമത്താന്‍ അവിടുത്തെ ജനകീയ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് ദിവസം മതിയായ കാരണം കൂടാതെ ബോധപൂര്‍വ്വം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കുന്ന പ്രവണതയ്ക്ക് തടയിടുക എന്നത് പുതിയ നിയമം ലക്ഷ്യമിടുന്നുണ്ട്. ഇത്രയേയുള്ളൂ കാര്യം. ഞങ്ങള്‍ വോട്ടു ചെയ്യില്ല. എന്നാല്‍ ഭരണത്തിലേറുന്ന സര്‍ക്കാരില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും കിട്ടുകയും വേണം എന്ന നിലപാട് ജനാധിപത്യമല്ല. അതിന്റെ ഭൂമികയില്‍ വിളയുന്ന വിഷവൃക്ഷങ്ങളെ ശ്രീധരന്‍പിള്ള മനുഷ്യസ്പര്‍ശമുള്ള രാഷ്ട്രീയത്തിലൂടെ ചൂണ്ടിക്കാണിച്ചു തരുന്നു.
ജനാധിപത്യ സംവിധാനത്തിലെ നിയമ-നീതിവ്യവസ്ഥകളിലെ അടിസ്ഥാനശിലകള്‍ ഇളക്കി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ഈ അഭിഭാഷകന് നമുക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു. ജന്മഭൂമിയില് നവം. 23ന് യുവമോര്‍ച്ച സമരത്തോട് കാട്ടിയ അനീതി എന്ന തലക്കെട്ടിലും സുപ്രഭാതത്തില്‍ നവം. 25ന് അറസ്റ്റധികാരവും ജാമ്യവും എന്ന തലക്കെട്ടിലും എഴുതിയ ലേഖനങ്ങളില്‍ നീതിയുടെ നിഷ്പക്ഷ സമീപനം പോലീസ് അട്ടിമറിക്കുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.
ഏഴു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന ഒരു കുറ്റത്തിന് യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിനെ അറസ്റ്റ് ചെയ്ത് 21 ദിവസം തടങ്കലില്‍ പാര്‍പ്പിച്ചതിനെക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നുണ്ട്. വാസ്തവത്തില്‍ കണ്ണുമഞ്ഞളിച്ച പോലീസ് ഉദ്യോഗസ്ഥരും അവര്‍ക്കൊത്താശ ചെയ്യുന്നവരും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്കെതിരെ നെഞ്ചുറപ്പോടെ രംഗത്തിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഒരു പരിഷ്കൃത സമൂഹത്തില്‍ അറസ്റ്റിനുവേണ്ടിയുള്ള മുറവിളി എത്രമാത്രം പരിഹാസ്യമാണെന്നും അന്യായമായി അങ്ങനെ സംഭവിച്ചാല്‍ ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കാതെ കര്‍മനിരതാവേണ്ടത് എങ്ങനെയെന്നും അദ്ദേഹം പറയുന്നു.
തന്റെ ചോരയ്ക്കുവേണ്ടി നിരന്തരം പ്രയത്നിക്കുന്നവരോട് അത് കിട്ടാനുള്ള എളുപ്പവഴി പറഞ്ഞു കൊടുക്കുന്ന ഒരു കഥാപാത്രം ലോക ക്ലാസിക് നാടകത്തിലുണ്ട്. എതിരാളികളോടുപോലും മനുഷ്യസഹജമായ നന്മ വേണമെന്ന സന്ദേശമാണ് നാടകം നല്‍കുന്നത്. അതേ സന്ദേശമാണ് ശ്രീധരന്‍പിള്ളയെന്ന അഭിഭാഷകനെയും പ്രചോദിപ്പിക്കുന്നത്. സ്വന്തം പ്രൊഫഷനെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്കേ അതൊക്കെ സാധിക്കൂ. നടേ സൂചിപ്പിച്ച ലുവേറ്ററുടെ വാക്കുകള്‍ ഇവിടെ ഒന്നുകൂടി ഓര്‍ത്തുവെക്കുക. അത് മനസ്സില്‍ കൂടുതല്‍ പ്രകാശം പരത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: