അറിയിപ്പ് മുഴങ്ങിക്കേട്ടു. തീവണ്ടി പുറപ്പെടാറാവുന്നു.
ഒരു സാന്ത്വനംപോലെ മേരി തന്റെ കൈപിടിച്ചമര്‍ത്തി. പിന്നെ തന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി മെല്ലെ പറഞ്ഞു- ”വണ്ടി നീങ്ങാന്‍ തുടങ്ങിയാല്‍ ബുദ്ധിമുട്ടാകും. നമുക്ക് കയറിയാലോ? ഇനി മഹേഷിനെ പ്രതീക്ഷിച്ചുകൂടാ.”
മനസ്സ് വിസമ്മതിച്ചു. പക്ഷേ മടക്കയാത്ര ഒഴിവാക്കാനാവില്ലല്ലോ.
വണ്ടിയ്ക്കുള്ളില്‍ കയറി. വാതിലിനടുത്തുള്ള ജനാല സീറ്റില്‍ തന്നെ ഇരിപ്പിടം കണ്ടെത്തി.
കണ്ണുകള്‍ വീണ്ടും വീണ്ടും ഉഴറി നടന്നു-പ്ലാറ്റ്ഫോമില്‍, സ്റ്റേഷന് പരിസരത്ത് എല്ലായിടവും, എന്നിട്ട് നിരാശയോടെ പിന്‍വാങ്ങി.
ശൂന്യമായ മനസ്സ് വിലപിച്ചു- ”ഇല്ലാ… അവന് ഇനി വരില്ലാ”
”നീ ഇത്ര പാവമായിപ്പോയല്ലോ പെണ്ണേ! അവന് നമ്മളെക്കാണാനെത്തുമെന്ന് നീ പ്രതീക്ഷിച്ചു കളഞ്ഞല്ലോ. അല്ലെങ്കിലും നിനക്കിതുപതിവാ. ഓരോ യാത്രയിലും ഇതുപോലെ എന്തെങ്കിലുമൊക്കെ ഒപ്പിച്ചോളും നീയ്. നിന്നെക്കൊണ്ട് ഞാന്‍ തോറ്റു”- ബാഗെടുത്ത് മുകളിലത്തെ ബര്‍ത്തില്‍ ഒതുക്കിവയ്ക്കുന്നതിനിടയില്‍ മേരി വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
വായിച്ചുകൊണ്ടിരുന്ന പുസ്തകങ്ങള്‍ ബാഗില്‍ നിന്നെടുത്ത് സീറ്റിലിട്ടു തന്ന് ഒന്ന് പുഞ്ചിരിച്ച് മേരി തുടര്‍ന്നു- ”ഗംഗേ… അതുമിതും ചിന്തിക്കാതെ നീ ആ പുസ്തകം വായിച്ചു തീര്‍ക്കാന്‍ നോക്ക്. ചെന്നാലുടനെ പുസ്തകം മടക്കികൊടുത്തില്ലെങ്കില്‍ ആ ലൈബ്രറിയിലെ സിംഹം നമ്മളെ ശരിയാക്കും, പറഞ്ഞേക്കാം.”
താന്‍ ബുക്ക് കൈയിലെടുത്തു മടുപ്പോടെ വെറുതെ തിരിച്ചും മറിച്ചും നോക്കിയിരുന്നു. ഇഷ്ടമില്ലാത്ത കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയെപ്പോലെ.
ഒരു വരിപോലും വായിക്കാനാവാതെ കുഴങ്ങി. പിന്നെ ബുക്ക് മടിയില്‍ വിശ്രമം കൊണ്ടു.
സീറ്റില്‍ ചാരിയിരുന്നു.
മേരി ഗഹനമായ വായനയില്‍ മുഴുകിക്കഴിഞ്ഞിരിക്കുന്നു.
ഇനി ഏറെനേരം മൗനസപര്യയാണവള്‍ക്ക്.
തനിയ്ക്കതുകൊണ്ട് കണ്ണടച്ച് വിശ്രമിക്കാം.
പക്ഷേ മനസ്സ് സമ്മതിക്കണ്ടേ? ഓര്‍മകളുടെ തീരങ്ങള്‍ തേടി അതു യാത്രയായി.
യാത്രയ്ക്കൊടുവില്‍ എത്തിച്ചേര്‍ന്നത് രണ്ടുനാള്‍ മുന്‍പുള്ള തീവണ്ടി യാത്രയില്‍.
താനും മേരിയുമൊത്ത് ഇങ്ങോട്ടുള്ള തീവണ്ടി യാത്ര-ഇവിടത്തെ ഒരു കോളേജിലേക്ക് പരീക്ഷാ ജോലികള്‍ക്കായി.
തനിക്കോര്‍മയുണ്ട്-എറണാകുളം വിടുമ്പോള്‍ തന്നെ കമ്പാര്‍ട്ടുമെന്റുകള്‍ തിങ്ങി നിറഞ്ഞിരുന്നു.
നേരിയ തലവേദനയെ കീഴടക്കാന്‍ പണിപ്പെട്ട് കണ്ണടച്ചിരിക്കുകയായിരുന്നു താന്‍.
ഒരു പേക്കിനാവിന്റെ പിടച്ചിലില്‍ ഇടയ്ക്കെപ്പോഴൊ കണ്ണുതുറന്നപ്പോഴാണ് താനാ കാഴ്ച കണ്ടത്.
ഒരു കാല് മാത്രം പടിയിലുറപ്പിച്ച് കമ്പാര്‍ട്ടുമെന്റിന്റെ വാതിലില്‍ തൂങ്ങിപ്പിടിച്ച് നില്ക്കുന്നു ഒരു കൗമാരക്കാരന്-കറുത്തിരുണ്ട മുടിയും പ്രസരിപ്പാര്‍ന്ന കണ്ണുകളുമൊക്കെയായി.
അവന്റെ ദേഹത്തിന്റെ മുക്കാല്‍ഭാഗവും വണ്ടിയ്ക്ക് പുറത്താണ്.
”ആ പയ്യന്റെ നില്പ്പു കണ്ടോ മേരി”- ഞാന്‍ മേരിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കി. മേരി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് വീണ്ടും വായനയില്‍ മുഴുകി.
എന്തോ എനിക്കതിനായില്ല.
ഞാനസ്വസ്ഥയായി-ഒരു നിമിഷം അവന്റെ പിടിയെങ്ങാനും വിട്ടുപോയാലോ?
്യൂഞാന്‍ എത്തിനോക്കി. അവനും എന്നെ ശ്രദ്ധിക്കുന്നുണ്ട്.
അകത്തേയ്ക്ക് കയറി നില്ക്കാന് ഞാന്‍ ആംഗ്യം കാട്ടി പറഞ്ഞു.
അവന് അനുസരിക്കാനൊരു ശ്രമം നടത്തി ഒരു ചെറു പുഞ്ചിരിയോടെ. വളരെ പാടുപെട്ട് ശരീരം വണ്ടിയ്ക്കുള്ളിലേക്ക് അല്‍പ്പം അമര്‍ത്തി നിന്നു.
ചുട്ടുപൊള്ളുന്ന ചൂടിയില്‍ വണ്ടി നീങ്ങിക്കൊണ്ടേയിരുന്നു.
വീണ്ടുമൊരു മയക്കത്തിന്റെ അന്ത്യത്തില്‍ കണ്ണുതുറന്നപ്പോള്‍ ഞാനവനെ കണ്ടു-പഴയ പോസ്റ്റില്‍ തന്നെ-ശരീരം മുഴുവന്‍ പുറത്താക്കി, കാല്‍മാത്രം പടിയിലുറപ്പിച്ച്.
ഇത്തവണ അല്‍പ്പം അധികാരത്തിലാണ് ഞാന്‍ ആംഗ്യം കാട്ടിയത്-അകത്തേയ്ക്ക് കയറി നില്ക്കാന്.
അവന് എന്നെ അനുസരിച്ചു.
പിന്നീട് ഞാന്‍ കണ്ണുതുറക്കുന്നുണ്ടോ എന്നായിരുന്നു എപ്പോഴും അവന്റെ ശ്രദ്ധ.
അപ്പോഴൊക്കെ ഞാന്‍ പറയും മുന്‍പേ അവന് അകത്തേക്ക് കടന്നു നില്ക്കാന് തുടങ്ങി-ഒരു ഒളിച്ചുകളിക്കാരന്റെ പാടവത്തോടെ.
ഞാന്‍ ചിരിച്ചുപോയി-അവനും.
എത്ര പെട്ടെന്നാണ് അവനെനിയ്ക്കൊരു കുഞ്ഞനുജനായത്.
വണ്ടി നാലഞ്ചു സ്റ്റേഷനുകള്‍ കടന്നുകഴിഞ്ഞു. തിരക്ക് അല്‍പ്പം കുറഞ്ഞു. അവന് കഷ്ടിച്ച് വണ്ടിയ്ക്കുള്ളില്‍ നില്‍ക്കാനായി.
ഞാന്‍ ഇടയ്ക്കിടെ മയങ്ങി. പിന്നെ ഉണര്‍ന്നു.
ഇത്തവണ ഞാനവനെ ശ്രദ്ധിക്കുമ്പോള്‍ അവന് ഒരു കൂട്ടം മധ്യവയസ്ക്കര്‍ക്കിടയിലായിരുന്നു. സ്ഥിരം യാത്രക്കാരാണെന്നു തോന്നുന്നു അവര്‍. അവരുടെ സംഭാഷണങ്ങള്‍ക്കിടയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, വിടുമ്പന്‍ ചിരി ഇതൊക്കെ അവനെ അലോസരപ്പെടുത്തുന്നുവെന്ന് അവന്റെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.
ബാഗ് എടുത്ത് മടിയില്‍വെച്ച് മേരിയോട് ഒതുങ്ങിയിരിക്കുവാന്‍ പറഞ്ഞ് ഞാനല്പം സ്ഥലമുണ്ടാക്കി. ഇരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അവനോടിയെത്തി.
”ഹാവൂ….. ആശ്വാസമായി-സീറ്റില്‍ ഒതുങ്ങിക്കൂടുമ്പോല്‍ അവന് മന്ത്രിച്ചു.
”ഇങ്ങനെ തുങ്ങിക്കിടന്നാണോ യാത്ര ചെയ്യുന്നത്?”-ഒട്ടൊരു ശാസനാ സ്വരത്തില്‍ ഞാന്‍ ചോദിച്ചു.
”എന്തുപറയാനാ ആന്റി, ഇതില്‍ പോയില്ലെങ്കില്‍ ഞാനിന്നെങ്ങിനെയാ വീട്ടിലെത്തുക?”
”എവിടെപ്പോയതാ നീയ്?”-എനിയ്ക്കറിയാന്‍ തിടുക്കമായി.
”എറണാകുളത്ത് എന്‍ഡിഎയുടെ പരീക്ഷയായിരുന്നു ഇന്ന്.”
”എന്നിട്ടെങ്ങിനെയുണ്ടായിരുന്നു എക്സാം”
”കുഴപ്പമില്ലായിരുന്നു. പക്ഷേ കിട്ടില്ലെന്നുറപ്പാണ്”
”അതെന്തേ അങ്ങനെ?”
”മുഴുവനും ശരിയായാലേ ഇത്തരം പരീക്ഷകള്‍ക്ക് പ്രതീക്ഷിക്കേണ്ടതുള്ളൂ ആന്റി”- നിരാശയോടെ അവന് തുടര്‍ന്നു.
”നിന്റെ പേരെന്താ?”
”മഹേഷ്”
”വീടെവിടെയാ”
”മാഹീല്”
”ഓ…മയ്യഴിയുടെ പുത്രനാണ് നീ… അല്ലേ മുകുന്ദന്റെ തൂലികയ്ക്ക് ലാസ്യം പകര്‍ന്ന മയ്യഴിയുടെ”
”പഴയ മയ്യഴിയല്ലിപ്പോ അവിടം. മദ്യം ഒഴുകുന്ന മറ്റൊരു സംസ്കാരം കുടിയേറിയ നാടാണ് മയ്യഴിയിപ്പോ”- അവന്റെ സ്വരത്തിലെ നിരാശ എന്നെ സ്പര്‍ശിച്ചു.
”ഏതു നാട്ടിലാണ് മദ്യം ഒഴുകാത്തത്?” ഒരു മറു ചോദ്യത്തില്‍ ഞാനവനെ സമാധാനിപ്പിച്ചു.
”ആന്റി എഴുതാറുണ്ടോ?”- മഹേഷിന് സംശയം. ”നീയെന്തേ അങ്ങനെ ചോദിച്ചത്? വല്ലപ്പോഴും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും.”
”നീയാണ് മോനേ അടുത്ത ഇര. നിന്നെ ക്ഷണിച്ചിരുത്തിയത് പിന്നെന്തിനാ? നിനക്കതു മനസ്സിലായില്ലേ?” വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി മേരി രംഗത്തെത്തി.
ഒരു കൊച്ചുകുട്ടിയെപ്പോലെ മഹേഷ് വാചാലനായി. അവന് ജനിച്ചു വളരുന്ന കൂട്ടുകുടുംബത്തിന്റെ-ഒരു പട്ടാള കുടുംബത്തിന്റെ-കഥ കേള്‍ക്കാന്‍ ഇമ്പം തോന്നി.
മഹേഷിന്റെ അച്ഛന്, അച്ഛന്റെ സഹോദരങ്ങള്‍ എല്ലാവരും പട്ടാളക്കാരാണ്. അവന്റെ വീട്ടിലെ പെണ്ണുങ്ങളെ വിവാഹം ചെയ്തവരും പട്ടാളക്കാരാണത്രെ.
അടുത്ത തലമുറയും ആ വഴിയ്ക്കു തന്നെ. അവന്റെ ചേട്ടന് ഇപ്പോള്‍ പരിശീലനത്തിലാണ്. മഹേഷിന്റെയുള്ളിലും പട്ടാള ബാരക്കുകളുടെ ഗര്‍ജനം. അതുകൊണ്ടാണ് അവനും എന്‍ഡിഎ പരീക്ഷ കടക്കാന്‍ ശ്രമിക്കുന്നത്.
”വര്‍ത്തമാനം മതിയാക്കി വല്ലതും കഴിക്കാം നമ്മള്‍ക്ക്”- ബാഗ് തുറന്ന് ബ്രഡും പഴവും എടുത്ത് മേരി പറഞ്ഞു:
”നീ കൂടുന്നില്ലേ മഹേഷ്?” ഒരു പഴം അവന് നീട്ടി ഞാന്‍ പറഞ്ഞു.
”ഇത്ര മതി എനിക്ക്. വല്ല്യമ്മ കാത്തിരിക്കും-എത്ര രാത്രിയായാലും കഴിച്ചിട്ടേ കിടക്കാന്‍ പറ്റൂ. എന്റമ്മയേക്കാള്‍ സ്നേഹാ എനിക്ക് വല്യമ്മയോട്.”
”വല്ല്യമ്മയെന്നാല്‍…?” -ഞാനന്വേഷിച്ചു. ”എന്റച്ഛന്റെ ജ്യേഷ്ഠന്റെ ഭാര്യ. താമസിച്ചായിരുന്നു വല്യച്ഛന്റെ വിവാഹം. അവര്‍ക്ക് കുട്ടികളില്ല. അവര്‍ക്ക് മകനിപ്പോ ഞാനാ.”
മഹേഷ് എന്തോ ഓര്‍ത്ത് എന്റെ മുഖത്തേക്ക് ഉറ്റുനോക്കിയിരുന്നു. പിന്നെ പറഞ്ഞു- ”എന്റെ വല്ല്യമ്മയെക്കണ്ടാല്‍ ആന്റിയെപ്പോലെതന്നെയായിരിക്കും. പ്രത്യേകിച്ച് ചിരിക്കുമ്പോളൊക്കെ.”
”നീ ഇതിനെക്കൂടി കൊണ്ടുപൊയ്ക്കോ എനിക്ക് സൈ്വര്യമാകട്ടെ”-മേരിയുടെ ചിരിശബ്ദം മുഴങ്ങിക്കേട്ടു.
”ആന്റി എന്നാ മടങ്ങിപ്പോവുന്നത്?”
”നാളത്തെ കഴിഞ്ഞ് ഉച്ചയ്ക്കുള്ള തീവണ്ടിയ്ക്ക്”
”ഞാനും ആ സ്റ്റേഷനില്‍ വരട്ടേ വല്യമ്മയേയും കൂട്ടി. ആന്റിക്ക് വല്യമ്മയെ കാണാല്ലോ.”
എനിക്കത്ഭുതം തോന്നി. ഒപ്പം സന്തോഷവും. മഹേഷിന് എന്നോടിത്ര അടുപ്പം തോന്നിയല്ലോ.
”മഹേഷ് നീ തീര്‍ച്ചയായും വരണം. നിനക്കമ്മയായ നിന്റെ വല്യമ്മയെ ഞങ്ങളും കാണട്ടെ.”
വണ്ടി മാഹി സ്റ്റേഷനിലെത്തി.
മഹേഷ് യാത്ര പറഞ്ഞിറങ്ങി. പുഞ്ചിരിയോടെ. അപ്പോഴും അവന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ”തീര്‍ച്ചയായും നാളെക്കഴിഞ്ഞ് ഞാന്‍ സ്റ്റേഷനിലുണ്ടാവും. വല്ല്യമ്മയുമൊത്ത്.”
മഹേഷ് ഇറങ്ങിപ്പോയപ്പോള്‍ എന്റെ മനസ്സ് ശൂന്യമായി-കിളി പറന്നകന്ന കൂടുപോലെ.
അല്പ്പനേരത്തേക്ക് എന്തെന്നില്ലാത്ത നഷ്ടബോധത്തില്‍ ഞാനുഴറി.
വല്ല്യമ്മയുമൊത്ത് നാളെ കഴിഞ്ഞ് റയില്‍വേ സ്റ്റേഷനിലെത്തുന്ന മഹേഷിന്റെ ചിത്രം മനസ്സില്‍ വരച്ച് ഞാനാശ്വാസം കൊണ്ടു. പിന്നീടുള്ള യാത്രയിലുടനീളം ആ ചിത്രം ജ്വലിച്ചുനിന്നു. എന്റെ യാത്രയുടെ ലക്ഷ്യം തന്നെ അതാണെന്നൊരു തോന്നല്‍
പക്ഷേ അതെല്ലാം വെറും പാഴ്ക്കിനാവുകളായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.
അല്ലെങ്കില്‍ ഇന്നിപ്പോ… ഇത്രനേരമായിട്ടും…
മഹേഷും അവന്റെ വല്യമ്മയും എവിടെ?
അവന് എനിക്ക് നല്‍കിയിരുന്ന വാഗ്ദാനമൊക്കെ വിസ്മൃതിയില്‍ മുങ്ങിയിട്ടുണ്ടാവും.
ഹൃദയം മുറിപ്പെട്ടു- ”അവനെന്നോടു കാട്ടിയ അടുപ്പം? വെറും നൈമിഷികമായിരുന്നുവോ അത്.”
”നീ വിഷമിക്കേണ്ടാ ഗംഗേ… നിനച്ചിരിക്കാതെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിക്കാണും അവന്”- മേരിയുടെ ആശ്വാസവചനങ്ങള്‍.
വണ്ടിമെല്ലെ നീങ്ങാന്‍ തുടങ്ങിയതറിഞ്ഞു. മടക്കയാത്ര ആരംഭിക്കുന്നു. നിരാശയില്‍ മുങ്ങിയ കണ്ണുകള്‍ തുറക്കാന്‍ വിസമ്മതിച്ചു. ആശ്വാസം തേടി സീറ്റില്‍ വീണ്ടും ചാരിയിരുന്നു ഞാന്‍ പെട്ടെന്ന് ഒരുള്‍വിളിപോലെ.
കണ്ണുകള്‍ തുറന്ന് പുറത്തേയ്ക്ക് നോക്കി.
തനിക്കു വിശ്വാസിയ്ക്കാനായില്ല.
പ്ലാറ്റ്ഫോമിലൂടെ എതിര്‍ദിശയില്‍ ഓടിവരുന്നു മഹേഷ്. ഈശ്വരാ… അവനോടൊപ്പമെത്താന്‍ പാടുപെട്ട് ധൃതിയില്‍ നടന്നുവരുന്ന സ്ത്രീയാരാണ്? കണ്ണുകള്‍ ചിമ്മി വീണ്ടും വീണ്ടും നോക്കി.
തന്റെ രാധേച്ചിയല്ലേ അത്?
ഓര്‍മകളില്‍ ഒരു നിറദീപംപോലെ ഇപ്പോഴും പ്രകാശിക്കുന്ന തന്റെ രാധികചേച്ചി.
ഭവാനിപ്പേരമ്മയുടെ മകള്‍ രാധികാദേവി.
മഹേഷിന്റെ വല്ല്യമ്മയായിരിക്കണം അത് കാരണം വല്ല്യമ്മയേയും കൂട്ടി എത്താമെന്നായിരുന്നല്ലോ അവന്റെ വാഗ്ദാനം.
”രാധേച്ചീ….പിടഞ്ഞെഴുന്നേറ്റ തനിക്ക് ഓടാതിരിക്കാനായില്ല.
വാതിലിനടുത്ത് തന്നെ കണ്ട്, തന്റെ വിളികേട്ട് മഹേഷ് ഒരുനിമിഷം നിന്നു എന്തുചെയ്യേണ്ടു എന്നറിയാതെ.
പിന്നെ തീവണ്ടിയ്ക്കൊപ്പം അല്‍പ്പദൂരം ഓടി. ഒപ്പം രാധേച്ചിയും-അമ്പരപ്പാര്‍ന്ന കണ്ണുകളുമായി.
രാധേച്ചിയുടെ വിതുമ്പുന്ന ചുണ്ടുകള്‍ ഗംഗ… ഗംഗ എന്ന് മന്ത്രിക്കുന്നത് എനിക്ക് കാണാമായിരുന്നു.
വര്‍ഷങ്ങളുടെ വേര്‍പാടിനെ മറികടന്ന് രാധേച്ചി എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
എന്തുചെയ്യേണ്ടൂ എന്നറിയാതെ ഞാന്‍ കുഴങ്ങി. പിന്നീട് ഞാന്‍ ഗംഗ തന്നേ എന്നു സൂചിപ്പിച്ച് കൈവീശിക്കാട്ടി.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങള്‍ രാധികച്ചേച്ചിയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് തനിക്ക് തോന്നി.
അടക്കാനാവാത്ത നൊമ്പരവുമായി ഞാനവിടെത്തന്നെ നിന്നു.
എന്റെ മനസ്സില്‍ നിരവധി ചിത്രങ്ങള്‍ ഒളിമിന്നി. ചിത്രങ്ങള്‍ക്കൊടുവിലൊരു നിറസന്ധ്യ തെളിഞ്ഞു കണ്ടു.
ഇലഞ്ഞിയും മരോട്ടിമരങ്ങളുമൊക്കെ ഇരുള്‍പരത്തിയ കാവില്‍ വിളക്കുവച്ച് മടങ്ങുകയായിരുന്നു താനും രാധേച്ചിയും.
പെട്ടെന്ന് രാധേച്ചി ഒരു നിമിഷം നിന്നു.
തന്റെ കൈ ചേര്‍ത്ത് പിടിച്ചു.
പിന്നെ തന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പറഞ്ഞു. ”ഞാന്‍ പോയാ നിനക്കാരാ കൂട്ട്? വിളക്കു വയ്ക്കാന്‍ പോവുമ്പോ.”
അതിന് രാധേച്ചി എവിടെപ്പോണു?
”ഒരിടത്തേക്ക്… ഒരാളോടൊപ്പം”
”എന്നു പോകും? എന്തിനാ പോണത്? -ഞാന്‍ വിഷണ്ണനായി നിന്നു.
”അതൊന്നും നിനക്കു മനസ്സിലാവില്ല” -എന്റെ തലയില്‍ സ്നേഹപൂര്‍വം തലോടി ഒന്നുചിരിച്ച് രാധചേച്ചി തുടര്‍ന്നു. ”ചേച്ചി വെറുതെ തമാശ പറഞ്ഞതല്ലേ. ഇതൊന്നും മോള് ആരോടും പറയരുത് കേട്ടോ”
ആ വാചകങ്ങളില്‍ താമശയ്ക്കപ്പുറം താനൊന്നും കണ്ടില്ല. അതുകൊണ്ട് തന്നെ താനതു രഹസ്യമായി സൂക്ഷിച്ചു-ഇന്നോളം.
ആഴ്ചകള്‍ക്കൊടുവിലൊരു മദ്ധ്യാഹ്നത്തില്‍ കുടുംബത്താകെ അടക്കിപിടിച്ച സംസാരങ്ങള്‍.
മുത്തശ്ശിയുടെ വിങ്ങിപ്പൊട്ടല്‍
ഭവാനിപ്പേരമ്മയുടെ ഗദ്ഗദങ്ങള്‍
പേരപ്പന്റെ ഗൗരവമാര്‍ന്ന മുഖം
തനിക്കൊന്നും മനസ്സിലായില്ല.
സന്ധ്യയ്ക്ക് വിളക്കുവയ്ക്കാനൊരുങ്ങുമ്പോളറിഞ്ഞു-രാധേച്ചിയെ കാണാനില്ലത്രേ.
താന്‍ ഞെട്ടിപ്പോയി.
അപ്പോള്‍ രാധേച്ചി പറഞ്ഞതൊക്കെ സത്യമായിരുന്നവോ?
രഹസ്യം സൂക്ഷിച്ച തന്റെ മനസ്സില്‍ കുറ്റബോധം ഉറഞ്ഞുതുള്ളി.
നീണ്ട തിരച്ചിലിനൊടുവില്‍ ഒരു ദിവസം വല്യച്ഛന്റെ സ്വരം ഉയര്‍ന്നുകേട്ടു- ”കുടുംബത്തിന് നാണക്കേടുണ്ടാക്കിയവള്‍ എവിടെയെങ്കിലും പോവട്ടെ. ഇനി ഈ പടി കടക്കേം വേണ്ടാ.”
ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു ദിവസങ്ങളോളം.
ക്രമേണ രാധേച്ചിയുടെ തിരോധാനം അംഗീകരിക്കപ്പെട്ട സത്യമായി.
എല്ലാവരും അവരെ മറന്നിരുന്നുവോ? തനിയ്ക്കറിഞ്ഞുകൂടാ.
പക്ഷേ തന്റെ മനസ്സില്‍ രാധേച്ചി ഒരു നൊമ്പരമായി അമര്‍ന്ന് കിടന്നു.
ഇപ്പോഴിതാ വീണ്ടുമൊരു നൊമ്പരമായി…
മഹേഷിനൊപ്പം ആരെയോ കാണാന്‍ വന്ന്…
അമ്പരപ്പോടെ എന്നെ നോക്കിനിന്ന്…
എന്നെ തിരിച്ചറിഞ്ഞ്…
എന്റെ പേര് മന്ത്രിച്ച്…
എന്നെ മോഹിപ്പിച്ച്…
വണ്ടിയ്ക്ക് വേഗത കൂട്ടുന്നു.
രാധേച്ചിയും മഹേഷും കണ്ണില്‍നിന്ന് മറയുകയാണ്.
ഒരു മിന്നല്‍ക്കൊടിപോലെ…
പെയ്തൊടുങ്ങിയൊരു തുലാമഴപോലെ…
എനിക്കു പറയാന്‍ ഏറെയുണ്ടായിരുന്നു.
രാധേച്ചിയുടെ ഗംഗ കോളേജദ്ധ്യാപികയായതിനക്കുറിച്ച്; ഇപ്പോഴും രാധികയെ ഓര്‍ത്ത് കണ്ണീര് വാര്‍ക്കുന്ന ഭവാനിപ്പേരമ്മയെക്കുറിച്ച്
കാറ്റത്തു വീണടിഞ്ഞുപോയ പാലമരങ്ങളെക്കുറിച്ച്
പലതും… പലതും.
ഒരു രഹസ്യം ചോദിക്കാനുണ്ടായിരുന്നു. ”മഹേഷിന്റെ വല്യച്ഛനെ രാധേച്ചിക്കെങ്ങനെ പരിചയമായി?
പക്ഷേ ഞാനെന്തു ചെയ്യാന്‍….?
പ്രതികരിക്കാൻ ഇവിടെ എഴുതുക: