കാലം ബാക്കി വെച്ചുപോയ അവശേഷിപ്പുകളില്‍ നിന്നാണ് അനന്തര തലമുറ പൂര്‍വ്വകാല ചരിത്രവും സംസ്കാരവുമെല്ലാം പുനര്‍വായിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ചരിത്രാവശിഷ്ടങ്ങള്‍ ഓരോ പ്രദേശങ്ങളിലും നമുക്ക് കാണാന്‍ കഴിയും. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ആദിമ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രത്താളുകളിലേക്ക് വെളിച്ചം വീശുന്ന ‘മുനിയറകള്‍’ എന്നറിയപ്പെടുന്ന നിരവധി ശിലാകുടീരങ്ങളാണ് തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ വനപ്രദേശങ്ങളിലുണ്ടായിരുന്നത്.
പ്രത്യേകരീതിയില്‍ പലകപോലെ പൊളിച്ചെടുത്ത കല്‍പ്പാളികള്‍ മുകള്‍വശം പരന്ന പാറകളിന്മേല്‍ ഭിത്തികള്‍ പോലെ കുത്തനെ നിര്‍ത്തി അതിനു മുകളില്‍ ഇതേ രൂപത്തിലുള്ള കല്‍പ്പാളികള്‍ കൊണ്ട് മേല്‍ക്കൂര തീര്‍ത്തുള്ള നിര്‍മിതി. പ്രവേശന ദ്വാരത്തിലൂടെ കഷ്ടിച്ച് ഒരാള്‍ക്ക് ഉള്ളിലേക്ക് നൂഴ്ന്നു കടക്കാവുന്ന രീതിയില്‍ അതിവിദഗ്ദ്ധമായി നിര്‍മ്മിച്ച ഈ മുനിയറകള്‍ പഴയ കാലത്ത് നിബിഡവനങ്ങള്‍ക്കുള്ളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വന്യമൃഗങ്ങളില്‍ നിന്നും രക്ഷ നേടാനായി ഉണ്ടാക്കിയ ആവാസവ്യവസ്ഥയുടെ ശേഷിപ്പുകളാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കാനന വാസികളായ മുനിമാര്‍ തപസ്സിരിക്കാനായി ഉണ്ടാക്കിയ ഗുഹാഗൃഹങ്ങളാണിവയെന്ന് മറ്റൊരു പക്ഷമുണ്ട്. അതിനാലാണ് ഇവക്ക് പുതുതലമുറ മുനിയറകള്‍ എന്ന് പേര് നല്‍കിയത്.
അകത്തു ഒരാള്‍ക്ക് ഇരിക്കാനും കിടക്കാനും കഴിയുന്നത്ര വലിപ്പമുള്ള രണ്ടും മൂന്നും ഗുഹാമുറികള്‍ ഇതിനകത്ത് കാണാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക സാങ്കേതിക വിദ്യകളൊന്നും വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ഇത്ര വിധഗ്ദ്ധമായി കരിങ്കല്‍ പാളികള്‍ എങ്ങിനെ പൊളിച്ചെടുത്തു,എങ്ങിനെ അടുക്കി വച്ചു എന്നെല്ലാം ആലോചിക്കുമ്പോള്‍ നമ്മുടെ മുന്‍ഗാമികളായ ആദിമമനുഷ്യരുടെ കഴിവുകളെക്കുറിച്ച് അത്ഭുതം കൂറാതിരിക്കാന്‍ തരമില്ല. വരന്തരപ്പിള്ളി പഞ്ചായത്തിലെ മുനിയാട്ടുകുന്ന്,ഇഞ്ചക്കുണ്ട്,പരുന്തുപാറ മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുചിറ,കൊരേച്ചാല്‍,നാടിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം പുരാതന ജീവിതാവശിഷ്ടങ്ങള്‍ നിരവധിയായി കണ്ടു വന്നിരുന്നു. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഈ മുനിയറകള്‍ രാജ ഭരണ കാലത്ത് തന്നെ (1937ല്‍) കൊച്ചി സര്‍ക്കാര്‍ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നതായി ചരിത്രം പറയുന്നു.
പിന്നീട് ജനകീയ സര്‍ക്കാര്‍ വന്നതിന് ശേഷം 1956 ല്‍ കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ഇവ വേണ്ട വിധത്തില്‍ സംരക്ഷിക്കാന്‍ തയ്യാറാവാത്തതിനാല്‍ ഒട്ടു മിക്കവയും ഇതിനോടകം തന്നെ കുടിയേറ്റക്കാരുടെയും പാറമട മാഫിയകളുടെയും കൈകളാല്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞു. വിരലിലെണ്ണാവുന്നവ മാത്രമാണ് ഇനിയും അവശേഷിക്കുന്നത്. ഇവയും ഏതുനിമിഷവും ഇല്ലായ്മ ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സ്വകാര്യ കരിങ്കല്‍ മാഫിയകള്‍. തച്ചുടക്കപ്പെട്ട ഇത്തരം നിര്‍മിതികള്‍ക്കകത്ത് നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്‍പാത്രങ്ങളും ലോഹ ആയുധങ്ങളുടെ അവശിഷ്ടങ്ങളും കണ്ടു കിട്ടിയിരുന്നതായി പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഈ മുനിയറകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ മണ്ണിനടിയില്‍ നിന്നും ധാരാളം പുരാതനമായ ‘മംഗലികള്‍’ എന്നപേരിലറിയപ്പെടുന്ന വലിയ മണ്‍പാത്രങ്ങളും ലഭിക്കാറുണ്ട്. ഇവക്കകത്ത് അസ്ഥികള്‍ ദ്രവിച്ചതിനു സമാനമായ ചുണ്ണാമ്പ് മണ്ണും കാണപ്പെടാറുണ്ട്.അക്കാലഘട്ടങ്ങളില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നവയാണ് ഈ ‘മംഗലികള്‍’ എന്നാണ് വിശ്വാസം.
അവശേഷിക്കുന്ന മുനിയറകള്‍ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തുറന്നു പരിശോധിച്ചാല്‍ പൂര്‍വചരിത്രത്തെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ നടത്താന്‍ കഴിയും എന്നതില്‍ രണ്ടു പക്ഷമില്ല. മുനിയാട്ടുകുന്നും അവശേഷിക്കുന്ന മുനിയറകളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായില്ലെങ്കില്‍ അത് ചരിത്രത്തോട് മാത്രമല്ല അടുത്ത തലമുറയോടും കാണിക്കുന്ന ഏറ്റവും വലിയ നീതികേടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: