കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായ അക്രമങ്ങളിലൂടെ വലിയ തോതിലുളള അക്രമങ്ങള്‍ക്ക് സിപിഎം കോപ്പുകൂട്ടുകയാണെന്നും ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കടന്നു ചെന്ന് മിന്നലാക്രമണം നടത്തി പ്രകോപനം സൃഷ്ടിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വടക്കേ പൊയിലൂര്‍, മയ്യില്‍, തലശ്ശേരി, കല്ല്യാശ്ശേരി, പയ്യന്നൂര്‍ മേഖലകളില്‍ വ്യാപകമായ രീതിയില്‍ സിപിഎം അക്രമങ്ങള്‍ നടത്തുകയാണ്. പ്രത്യാക്രമണം നടത്തേണ്ടതില്ലെന്നും ജനാധിപത്യപരമായ നിലയില്‍ സിപിഎം അക്രമങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടാനും ബിജെപിതീരുമാനിച്ചതിനാലാണ് ജില്ലയില്‍ സമാധാനം നിലനില്‍ക്കുന്നത്.
ആസൂത്രിതമായി പ്രകോപനം സൃഷ്ടിച്ച് തിരിച്ചടിയുണ്ടാക്കാന്‍ സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സിപിഎം അക്രമം അവസാനിപ്പിക്കാന്‍ ഗവണ്മെന്റും ആഭ്യന്തരവകുപ്പും അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം തന്നെ സിപിഎം നേതാക്കളുടെ ആശ്രിതരും ആജ്ഞാനുവര്‍ത്തികളുമാണ്. എല്ലാ വര്‍ഷവും ഡിസംബറില്‍ ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാന ദിനാചാരണത്തോടനുബന്ധിച്ച് സിപിഎം അക്രമം അഴിച്ചിവിടുന്നത് പതിവാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പയ്യന്നൂരില്‍ വിനോദെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ യാതൊരു പ്രകോപനവുമില്ലാതെ സിപിഎം സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഏകപക്ഷീയമായ അക്രമങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
ആര്‍എസ്എസിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാവിനെ വധിച്ചിട്ടു പോലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തിരിച്ചടിക്ക് മുതിര്‍ന്നില്ല. എന്നാല്‍ ഇതിനെയെല്ലാം ദൗര്‍ബല്യമായി കണക്കാക്കി പ്രകോപനം സൃഷ്ടിക്കുകയാണ്. ഇതിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പാര്‍ട്ടിക്കുളളില്‍ നേതൃത്വത്തിന്റെ ചെയ്തികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനാലാണ്.
കൂത്തുപറമ്പ് രക്ത സാക്ഷി ദിനം കഴിഞ്ഞതോടെ സിപിഎം അണികള്‍ക്കിടയില്‍ ശക്തമായ അസംതൃപതി ഉടലെടുത്തിരിക്കുകയാണ്. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദിയെന്ന് ആരോപിച്ച് രാഘവനെ വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന സിപിഎം രാഘവനെ കുറ്റവിമുക്തനാക്കിയതിനെതിരെ കൂത്തുപറന്പ് രക്തസാക്ഷി കുടുംബങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
രക്തസാക്ഷിയായ റോഷന്റെ വീട്ടിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ ജ്യോതി തെളിയിക്കാന്‍ റോഷന്റെ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഉച്ചവരെ ജില്ലാ സെക്രട്ടറിക്കും സെക്രട്ടറിയേറ്റ് മെമ്പര്‍ക്കും വീട്ടില്‍ പിതാവുമായി ചര്‍ച്ചചെയ്യേണ്ട അവസ്ഥയുണ്ടായി.
ജ്യോതി പയ്യാമ്പലത്തെ രാഘവന്റെ ചിതയില്‍ നിന്ന് തെളിയിച്ചാല്‍ മതിയെന്ന് ഈ പിതാവ് നേതാക്കളോട് പറഞ്ഞതായുമുളള വാര്‍ത്തകള്‍ പാര്‍ട്ടി കുടുംബങ്ങളില്‍ സിപിഎമ്മിന്റെ രാഘവപ്രേമത്തിനെതിരേയുളള പ്രതിഷേധം എത്ര ശക്തമാണെന്ന് തെളിയിക്കുന്നതാണെന്നും സുരേന്ദ്രന് പറഞ്ഞു.
എം.വി.രാഘവനുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുണ്ടായിരിക്കുന്ന മനംമാറ്റം വാര്‍ത്തകളിലൂടേയും മറ്റും അറിയാതിരിക്കാന്‍ വെടിവെയ്പ്പില്‍ പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന കൂത്തുപറമ്പിലെ പുഷ്പന്റെ വീട്ടിലേക്കുളള കേബിള്‍ കണക്ഷന് വിച്ഛേദിക്കുകയും പത്രങ്ങള്‍ നിര്‍ത്തിയിരിക്കുകയുമാണ് പാര്‍ട്ടി നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപിയെ പാര്‍ട്ടിയുടെ ഏത് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് കൂടെ കൂട്ടിയതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം.
രാഘവനോടും സിഎംപിയോടും സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സ്നേഹം വോട്ട് ലക്ഷ്യമാക്കിയല്ലെന്നും നോട്ടിനു വേണ്ടിയാണെന്നും രാഘവന്റെ അസ്ഥിക്കു വേണ്ടിയല്ല ആസ്തിക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു ചര്‍ച്ചയും കൂടാതെ സിഎംപിയെ കൂടെകൂട്ടിയതിനെതിരെ അണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന പ്രതിഷേധം മറച്ചുവെയ്ക്കാനാണ് ജില്ലയില്‍ അക്രമപരമ്പര സിപിഎം സൃഷ്ടിക്കുന്നത്.
കൃഷ്ണപിളളയുടെ സ്തൂപം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയതിലൂടെ ഏത് അധമ പ്രവൃത്തിയും ചെയ്യാന്‍ മടിയില്ലെന്ന് സിപിഎം തെളിയിച്ചിരിക്കുകയാണ്. ജയകൃഷ്ണന് മാസ്റ്റര്‍ വധവും ടി.പി.വധവും സിബിഐ അന്വേഷിക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര ഗവണ്മെന്റിനോട് വീണ്ടും ആവശ്യപ്പെടണം. പരിയാരം മെഡിക്കല്‍ കോളേജിന് എം.വി.രാഘവന്റെ പേര് നല്കുന്നതില് സിപിഎമ്മിന്റെ അഭിപ്രായം വെളിപ്പെടുത്താന്‍ നേതാക്കള്‍ തയ്യാറാവണമെന്നും സുരേന്ദ്രന് പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ രാഘവന് ഉത്തരവാദിത്വമുണ്ടോ. ഇല്ലെന്നാണ് നിലപാടെങ്കില്‍ രാഘവന്റെ കൂടുംബത്തോട് സിപിഎം പരസ്യമായി മാപ്പു പറയണം.
സിപിഎമ്മിന്റെ നികുതി നിഷേധ സമരം എന്തായിയെന്നും നികുതിയടക്കാത്ത ഏത് സഖാവാണ് നാട്ടിലുളളതെന്നും നേതൃത്വത്തിനെതിരായ സിപിഎം അണികളുടെ വികാരം ഇനി ഒരിക്കലും കെട്ടടങ്ങില്ല. അത് പ്രക്ഷുബ്ദമായി കൊണ്ടിരിക്കും. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നത്തില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാന്‍ സിപിഎമ്മുകാര്‍ സ്വന്തം പാര്‍ട്ടി നേതാക്കളെ വകവരുത്തി ബിജെപിയുടെ തലയില്‍ കെട്ടിവെയ്ക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: