കാഞ്ഞങ്ങാട്: അമിതമായ ജലചൂഷണം മൂലം വരാന്‍ പോകുന്ന നാളുകളിലെ വെള്ളത്തിന്റെ ദൗര്‍ലഭ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വെള്ളത്തിന്റെ പേരില്‍ എന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാവുന്നു. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളാല്‍ നമ്മുടെ തോടുകളും, പുഴകളും, കുളങ്ങളും, വയലുകളും നിറയുമ്പോള്‍ പാരിസ്ഥിതിക സന്തുലനാവസ്ഥ തകിടം മറിയുന്ന വലിയ ദുരന്തത്തിലേക്ക് നമ്മെ കണ്ണുതുറപ്പിക്കുകയാണ് കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയിലെ വെള്ളത്തിന്റെ പേരില്‍ എന്ന ചിത്ര പരമ്പര. ആക്രിലിക് മാധ്യമത്തില്‍ ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍ വരച്ച മുപ്പതോളം ചിത്രങ്ങളാണ് കാണികളുടെ മനസിനെ ജലസംരക്ഷണത്തിന്റെ ബോധതലങ്ങളിലേക്ക് ആനയിക്കുന്നത്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഭൂമിയുടെ ഉപരിതലം ആര്‍ത്തിപിടിച്ച മനുഷ്യന് ഇടിച്ചു നിരത്തുമ്പോള്‍ ജലനിരപ്പ് താഴ്ന്നു പോകുന്നത് കൂടാതെ ഒറ്റപ്പെട്ട മഴയില്‍ പോലും വെള്ളപൊക്കം പോലുള്ള ജലദുരന്തങ്ങളിലേക്ക് നാം വഴിപ്പെട്ടുപോകുന്നു എന്നും ഈ ചിത്രങ്ങല്‍ ഓര്‍മ്മപ്പെടുത്തുന്നു. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാല്‍ നിറയപ്പെട്ട ഒരു വലിയ തടാകത്തില്‍ മത്സ്യം പിടിക്കുന്ന ഒറ്റപ്പെട്ട ഒരു കുട്ടിയുടെ ചൂണ്ടയില്‍ കുടുങ്ങിയിരിക്കുന്ന മത്സ്യം ഭാവിയിലെ ജലദൗര്‍ലഭ്യത്തിന്റെ ഭീകര ദൃശ്യത്തിന്റെ നേര്‍കാഴ്ചയായി മാറുന്നു.
ജലാശയങ്ങള്‍ വറ്റി വരളുമ്പോള്‍ ആകാശത്തിലേക്ക് ഊളിയിടുന്ന മത്സ്യങ്ങളുടെ പ്രയാണത്തെ ഒരു ചോദ്യചിഹ്നമായി ചിത്രകാരന് കാണിക്കുന്നു. ഒരിറ്റ് ജലത്തിനുവേണ്ടി കുടിവെള്ള പൈപ്പില്‍ ജലമന്വേഷിക്കുന്ന കാക്കകള്‍, കുഴല്‍ക്കിണറുകള്‍ വെള്ളമില്ലാതെ ഉപേക്ഷിക്കപ്പെടുമ്പോഴും കുത്തക മുതലാളിമാരുടെ കുപ്പിക്കകത്ത് യഥേഷ്ടം വെള്ളം ലഭിക്കുകയും ചെയ്യുന്ന കാഴ്ച വരും കാലത്തെ വെള്ളത്തിനായുള്ള യുദ്ധത്തെ സൂചിപ്പിക്കുന്നു.
ചിത്രവര്ണ്ണങ്ങളിലൂടെ ഒരുപാട് ചോദ്യങ്ങള്‍ പറയാതെ പറയുന്നുണ്ട് ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍. ഒരു കാലത്ത് വെള്ളം സുരക്ഷിതമായി ഉപയോഗിക്കുവാന്‍ വേണ്ടി വീടുകളിലുണ്ടായിരുന്ന കിണ്ടികള്‍ ഷോക്കേസുകളിലേക്ക് മാറ്റിയപ്പോള്‍ പാഴായിപോകുന്ന വെള്ളം എത്രയാണെന്നും ചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. താന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും പ്രദേശികമായ ബിംബങ്ങളും, ഗ്രാമ്യവര്ണ്ണങ്ങളും ഉപയോഗിച്ചാണ് വെളളത്തിന്റെ വലിയ ദുരന്തം ആവിഷ്കരിച്ചിരിക്കുന്നത്.
വെള്ളത്തിന്റെ പേരില്‍ എന്ന ഈ ചിത്രപരമ്പരകളുടെ മൂന്നമത്തെ പ്രദര്‍ശനമാണ് കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്നത്. കോഴിക്കോട് ഗവ:മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റായി സേവനമനുഷ്ടിക്കുന്ന രാജേന്ദ്രന് പുല്ലൂരിന്റെ ചിത്രങ്ങള്‍ പരിസ്ഥിതി അവബോധമുണര്ത്തുന്നവയാണ്. വര്‍ണ്ണങ്ങളുടെയോ ബിംബങ്ങളൂടെയോ ദുരൂഹതകളില്ലാതെ ലളിതവര്ണ്ണങ്ങളില് ചാലിച്ച ചിത്രങ്ങള്‍ കാണികളില്‍ ഊഷ്മളതയുടെ പരിവേഷമുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: