തൃശൂര്‍: ഗാന്ധിജിയുടെ രാമരാജ്യസങ്കല്‍പ്പം ലക്ഷ്യമിട്ടത് ഭാരതത്തിന്റെ സമഗ്രവികസനമായിരുന്നുവെന്നു സൗത്ത് ആഫ്രിക്കയിലെ മുന്‍ എംപിയും ഗാന്ധിജിയുടെ കൊച്ചുമകളുമായ ഇളാ ഗാന്ധി അഭിപ്രായപ്പെട്ടു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) രജത ജൂബിലിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധി ഗ്രാമസ്വരാജും ജനാധിപത്യ വികേന്ദ്രീകരണവും എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ത്രിദിന ദേശീയ ശില്പശാലയില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ക്ഷേമമേകുന്നതാണ് രാമരാജ്യസങ്കല്‍പ്പം. അവകാശത്തെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നവര്‍ രാഷ്ട്രത്തിനുവേണ്ടി തനിക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്നു കൂടി ചിന്തിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ കാര്യത്തിലും മുന്‍പന്തിയിലാണ്. അത് സമ്പൂര്‍ണ സാക്ഷരതയുടെ കാര്യത്തിലായാലും അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിലായാലുമെല്ലാം. കേരളത്തിന്റെ ഈ നേട്ടം അസൂയാവഹമാണെന്നും ഇളാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പ്രമുഖ ചിത്രകാരന് എബി എന്‍.ജോസഫ് വരച്ച ഗാന്ധി ചിത്രങ്ങളുടെ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനവും പത്മഭൂഷണ്‍ ഇളാ ഗാന്ധി നിര്‍വഹിച്ചു.
സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് -സാമൂഹ്യനീതി വകുപ്പു മന്ത്രി എം.കെ.മുനീര്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കിലയുടെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മണി ശങ്കര്‍ അയ്യര്‍ എംപി നിര്‍വഹിച്ചു. മഹാത്മാ ഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. കല്യാണം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഗാന്ധിജി ഇന്ത്യയെ മാത്രമല്ല മുഴുവന്‍ ലോകത്തേയുമാണു സ്നേഹിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. മുഴുവന്‍ ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് അദ്ദേഹം ജീവന് ബലിയര്‍പ്പിച്ചത്. മുന്‍ ധനകാര്യമന്ത്രി ടി.എം.തോമസ് ഐസക് ആമുഖപ്രഭാഷണം നടത്തി.
തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം.മണികണ്ഠന്, കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കില ഡയറക്ടര്‍ ഡോ. പി.പി. ബാലന് സ്വാഗതവും അസോഷ്യേറ്റ് പ്രഫസര്‍ ഡോ. സണ്ണി ജോര്‍ജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: