ചെറുതുരുത്തി: പഞ്ചായത്ത് വക സാമൂഹ്യവിരുദ്ധര്ക്കുള്ള അഴിഞ്ഞാട്ടകേന്ദ്രമായി ദേശമംഗലം തലശേരി ഭൂചലനനിരീക്ഷണകേന്ദ്രം മാറുന്നു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുമ്പോഴാണ് ദേശമംഗലം പഞ്ചായത്ത് ഭൂചലന നിരീക്ഷണകേന്ദ്രം സാമൂഹ്യവിരുദ്ധര്‍ക്ക് വിട്ടുകൊടുത്തിട്ടുള്ളത്.
1998ലാണ് നിരന്തര ഭൂചലനത്തെത്തുടര്‍ന്ന് പഞ്ചായത്ത് നിരീക്ഷണകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിവെച്ചത്. ചെറുതുരുത്തി ദേശമംഗലം തുടങ്ങി വടക്കാഞ്ചേരി വരെയും പാലക്കാട് ജില്ലയിലെ പട്ടാമ്പി, കവളപ്പാറ, ഷൊര്‍ണൂര്‍ ഭാഗങ്ങളിലെയും 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ഭൂചലനങ്ങളെത്തുടര്ന്നാണ് ഈ കേന്ദ്രം സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സിലെ ശാസ്ത്രജ്ഞരായ സിപി.രാജേന്ദ്രനും കുശല രാജേന്ദ്രനും അനുബന്ധ ഉദ്യോഗസ്ഥരും ഇതിന്റെ പ്രഭവകേന്ദ്രം തലശ്ശേരിയിലാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന്, തളി, വറവട്ടൂര്‍, തിരുമറ്റക്കോട്, ദേശമംഗലം, ആറംങ്ങോട്ടുകര, വരവൂര്‍, തലശ്ശേരി, കൊറ്റബത്തൂര്, പള്ളം തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ വീട്ടുമുറ്റത്ത് താല്‍ക്കാലിക ഷെഡിലേറ്റ് മാറ്റി പാര്‍പ്പിക്കയും ചെയ്തിരുന്നു. ആ സമയത്ത് ജനങ്ങളുടെ ഭീതിയകറ്റാന്‍ നിരീക്ഷണ ഓഫീസര്‍മാരും ജില്ലാകളക്ടര്‍ ആയിരുന്ന രാജു നാരായണസ്വാമിയും മുന്‍കയ്യെടുത്താണ് നിരീക്ഷണകേന്ദ്രം അഞ്ച് ലക്ഷം രൂപ മുടക്കി ആരംഭിച്ചത്. ഭാരതീയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഓഫീസ് നിന്നിരുന്ന സ്ഥലത്താണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. തുടക്കത്തില്‍ താല്ക്കാലികാടിസ്ഥാനത്തില് സീസ്ഗ്രോഫ് ഓപ്പറേറ്ററായി തുടങ്ങിയെങ്കിലും നാല് വര്‍ഷം മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത്.
ഭൂചലനം രേഖപ്പെടുത്തിയ ദിനങ്ങളിലെല്ലാം തന്നെ പട്ടികളുടെ പ്രത്യേക കുരകളും പക്ഷിമൃഗാദികളുടെ കൂട്ടക്കരച്ചിലും പതിവായിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നു. കേന്ദ്രത്തിലെ ഡിസ്മോമീറ്ററും മറ്റു ഉപകരണങ്ങളും പീച്ചിയിലേക്ക് മാറ്റി. അതിനുശേഷം ഇത് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയായിരുന്നു. അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞാല്‍ സാമൂഹ്യവിരുദ്ധരുടെ കയ്യില്‍ നിന്നും ഭൂചലനനിരീക്ഷണകേന്ദ്രത്തെ മോചിപ്പിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: