ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഷഷ്ഠി വിളക്ക്തെളിഞ്ഞു. അഷ്ടമിവിളക്കായ ശനിയാഴ്ച മുതല്‍ വിശേഷമായ സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കും. വെള്ളിയാഴ്ച സപ്തമി വിളക്കാഘോഷിക്കും. ഗുരുവായൂരിലെ പുരാതന തറവാടായ മാണിക്കത്ത് കുടുംബത്തിലെ ചന്ദ്രശേഖര മേനോന്റെ വകയായാണ് ഷഷ്ഠി വിളക്കാഘോഷിച്ചത്.
വിളക്കാചാരത്തിന്റെ ഭാഗമായി രാത്രി വിളക്കെഴുന്നള്ളിപ്പില്‍ ഇടക്കൊട്ടി പ്രദക്ഷിണമുണ്ടായിരുന്നു. കൊമ്പന് വലിയകേശവന് കോലമേറ്റി. നാളെ നടക്കുന്ന സപ്തമി വിളക്കില്‍ മുഴുവന്‍ ദീപങ്ങളും വെളിച്ചെണ്ണയിലാണ് തെളിയിക്കുക. വെളിച്ചെണ്ണമാത്രം ഉപയോഗിച്ച് തെളിയിക്കുന്ന ഏക ചുറ്റു വിളക്കാണിത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള സ്പ്തമി വിളക്ക് നെന്മിനി എന്‍.സി.പരമേശ്വരന്റെ പേരിലാണ് ഇപ്പോള്‍ നടക്കുന്നത്.
ശനിയാഴ്ച നടക്കുന്ന അഷ്ടമി വിളക്ക് സാമൂതിരി കോവിലകവുമായി ബന്ധമുള്ള പുളിക്കഴെ വാര്യത്ത് കുടുംബം വകയാണ്. അഷ്ടമി വിളക്ക് മുതല്‍ ഏകാദശി വരെ ഗുരുവായൂരപ്പന് സ്വര്‍ണ്ണ കോലത്തിലാണ് എഴുന്നള്ളുക. ഗജരത്നം പത്മനാഭനാണ് സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കുക. സ്വര്‍ണ്ണക്കോലം എഴുന്നള്ളി ക്കുന്നത് ദര്‍ശ്ശിക്കു ന്നതിന് വന്‍ ഭക്തജന തിരക്കാണനുഭവപ്പെടുക. ഞായറാഴ്ച നവമി നെയ്യ് വിളക്കാണ്. കൊളാടി കുടുംബത്തിന്റെ വകയാണ് നവമി നെയ്യ് വിളക്കാഘോഷം.
നൂറ്റാണ്ടിലേറെ പഴക്കമുള്ള നവമി വിളക്കിന് വാദ്യമേളങ്ങള്‍ക്ക് പ്രാധാന്യമില്ലാതെ നമസ്കാര സദ്യക്കാണ് പ്രാധാന്യം നല്‍കുക. ഗുരുവായൂരപ്പനും പരിചാരകന്മാര്ക്കും നല്കുന്ന നമസ്കാര സദ്യയാണ് പ്രത്യേകത. പച്ചമാങ്ങ കൊണ്ട് തയ്യാറാക്കുന്ന മാങ്ങാപ്പെരുക്കും, ഇടിച്ചക്ക തോരനും അടങ്ങുന്ന നമസ്കാര സദ്യ ഉച്ചപൂജക്ക് നിവേദിക്കും. രാത്രി നറുനെയ്യില്‍ ദീപങ്ങള്‍ തെളിയിക്കും. മുന്‍കാലങ്ങളില്‍ ഏകാദശിയോടനുബന്ധിച്ച് നടത്തിയിരുന്ന ഏക നെയ്യ് വിളക്കാണ് നവമി നെയ്യ് വിളക്ക്. തിങ്കളാഴ്ച ദശമി വിളക്കാഘോഷവും ചൊവ്വാഴ്ച ഗുരുവായൂര്‍ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കോടെ ഏകാദശി വിളക്കാഘോഷത്തിന് സമാപനമാകും. ഡിസംബര്‍ 2നാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: