കൊല്ലം: ജീവിതകാലം മുഴുവന്‍ താന്‍ പണിയെടുത്ത വീട്ടുടമയായ വനിതാ ഡോക്ടറുടെ ഭാഗത്തുനിന്നുള്ള ക്രൂരമായ അവഗണനയാണ് വൃദ്ധയ്ക്ക് വനിതാകമ്മീഷനു മുമ്പാകെ പറയാനുണ്ടായിരുന്നത്. കുട്ടിക്കാലം മുതല്‍ ഈ വീട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്.
ആയുസിന്റെ ഭൂരിഭാഗവും നഗരഹൃദയത്തിലെ ഡോക്ടറുടെ വീട്ടില്‍ ചെലവാക്കുന്നതിനിടയില് വിവാഹം കഴിക്കാനോ ബന്ധുബലം ഉണ്ടാക്കാനോ സാധിച്ചില്ല. ഇപ്പോള്‍ ഹൃദ്രോഗിയായപ്പോള്‍ വീട്ടില്‍ നിന്നും ജോലിയില്‍ നിന്നും നിര്‍ദാക്ഷിണ്യം പുറത്താക്കി.
2011ലായിരുന്നു പുറത്താക്കിയത്. അതിനുശേഷം നിരവധിതവണ കേണപേക്ഷിച്ചിട്ടും നാടറിയുന്ന ഡോക്ടര്‍ ചില്ലിക്കാശുപോലും മരുന്നിന് കൊടുത്തില്ല. ഈ നെറികേട് ചോദ്യം ചെയ്യാന്‍ വൃദ്ധ തീരുമാനിച്ചതിന് ഇതും കാരണമാണ്.
ജോലി ചെയ്ത കാലയളവ് കണക്കാക്കി ഒരു തുക മനുഷ്യത്വത്തിന്റെ പേരില്‍ നല്‍കണമെന്ന് വൃദ്ധ നേരത്തെ മുതലെ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷന് സിഐ അന്വേഷിച്ച് നല്കിയ റിപ്പോര്‍ട്ടില്‍ വൃദ്ധയുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. ഹൃദ്രോഗബാധിതയായ വൃദ്ധ ഇപ്പോള്‍ ചവറയിലുള്ള അകന്ന ബന്ധുവിനൊപ്പമാണ് താമസിക്കുന്നത്. ഇന്നലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരാതികേട്ട കമ്മീഷനംഗം കെ.എ.തുളസി ഡോക്ടറുടെ മൊബൈലിലേക്ക് നിരവധിതവണ വിളിച്ചെങ്കിലും ഫോണെടുക്കാന്‍ തയ്യാറായില്ല. വയോജന സംരക്ഷണനിയമപരിധിയിലാണ് കേസെടുത്തിട്ടുള്ളത്.
ആലപ്പുഴയിലെ തുണിമില്ലില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനിയുടേതായിരുന്നു മറ്റൊരു പരാതി. ഇവരെ മാനസികമായി പീഡിപ്പിച്ച സഹപ്രവര്‍ത്തകരായ സംഘടനാനേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. ഇവര്‍ കാരണം ജോലി ചെയ്യാനാകാത്ത അവസ്ഥയില്‍ നാലുമാസമായി കുടുംബം പട്ടിണിയിലാണ്.
നേരത്തെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത കമ്പനി സിഇഒയെ സ്ഥലംമാറ്റിയിരുന്നു. ജോലിസ്ഥലത്തെ മാനഹാനിക്ക് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ വനിതാകമ്മീഷന് തീരുമാനിച്ചു.
മകളെ ആറുവര്‍ഷം മുമ്പ് ഉപേക്ഷിച്ച ഭര്‍ത്താവിനെതിരെ കുന്നിക്കോട് സ്വദേശിയും കൃഷിക്കാരനുമായ മൈതീന്‍കുഞ്ഞും കമ്മീഷനെ സമീപിച്ചു. മകളെ തിരിഞ്ഞുനോക്കാത്ത ഭര്‍ത്താവ് മകളില്‍ നിന്നും വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുകിട്ടണമെന്നായിരുന്നു ആവശ്യം. ഇയാളെ കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടി.
104 കേസുകള്‍ പരിഗണിച്ചതില്‍ 52 എണ്ണം പരിഹരിച്ചു. 32 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി. വാദിയും പ്രതിയും ഹാജരാകാത്ത ഒമ്പതു കേസുകളുണ്ടായിരുന്നു. രണ്ട് കേസുകള്‍ കൗണ്‍സിലിങിനായി മാറ്റിവച്ചു. പുതുതായി ആറു പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടാംവാരം അടുത്ത സിറ്റിംങ് നടക്കും.
സിറ്റിംഗില്‍ കമ്മീഷനംഗം കൂടാതെ വനിതാസെല്‍ സിഐ അനിലകുമാരി, കൗണ്‍സിലര്‍മാരായ അഡ്വ.നൗഷാദ്, അഡ്വ.ഷീജ, അഡ്വ.സല്‍മത്ത്, അഡ്വ.കൃഷ്ണവേണി, അഡ്വ.മിനി എന്നിവരും പരാതികള്‍ കേട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: