തൃശൂര്‍:കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിരവധി കേസുകളില്‍ പ്രതികളായ അന്തര്‍സംസ്ഥാന മോഷണസംഘത്തെ ഷാഡോ പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ ജോണ്‍പീറ്റര്‍(സത്യകുമാര്‍, 28), എറണാകുളം കുന്നത്തുനാട് മരുകന്, ആന്റണി എന്നീ പേരുകളില്‍ അറിയപ്പെടുന്ന അനീഷ്(28), പറവൂര്‍ നീണ്ടൂര്‍ കൊണ്ടോളിപറമ്പില്‍ അരുണ്‍കുമാര്‍(31) എന്നിവരാണ് പിടിയിലായത്. രാത്രി പൂട്ടിക്കിടക്കുന്ന സ്കൂളുകളും, സൂപ്പര്‍മാര്‍ക്കറ്റുകളും, വീടുകളും കുത്തിത്തുറന്ന് കവര്ച്ചചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന അന്വേഷണത്തിന് നേതൃത്വം നല്കിയ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇക്കഴിഞ്ഞ നാലിനു പുലര്‍ച്ചെ തൃശൂര്‍ പാട്ടുരായ്ക്കലിലെ ജോസ് ലെതര്‍ വര്‍ക്സ് എന്ന സ്ഥാപനത്തിന്റെ ഷട്ടറുകള്‍ തകര്‍ത്ത് അകത്തുകടന്ന് വിദേശനിര്‍മിത കാമറയും പണവും, ചെരിപ്പുകളും കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. അന്നുരാത്രി തന്നെ പാട്ടുരായ്ക്കലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് പൊളിച്ച് നിരവധി സ്റ്റേഷനറി സാധനങ്ങളും പൂങ്കുന്നത്തെ ന്യൂ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് ലഹരിക്കുപയോഗിക്കുന്ന മരുന്നുകളും പണവും, പൂങ്കുന്നം ഹരിനഗറിലെ എവര്‍ഗ്രീന്‍ മാര്‍ജിന്‍ഫ്രീ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടര്‍ തകര്‍ത്ത് പണവും നിരവധി സ്റ്റേഷനറി സാധനങ്ങളും മോഷ്ടിച്ചിരുന്നു.
ഈ മാസം ആദ്യം രാത്രി വടക്കാഞ്ചേരിയിലെ ഗവ. ഗേള്‍സ് ഹൈസ്കൂളിലെ പൂട്ടിക്കിടന്ന ഓഫീസിന്റെ പൂട്ടുകള്‍ പൊളിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള ഹാന്‍ഡി കാമറ, സ്റ്റീരിയോ സെറ്റ്, 10,000 രൂപയും കവര്‍ച്ച ചെയ്തതും അന്നുതന്നെ വടക്കാഞ്ചേരിയിലെ നാലു കടകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്നതിനിടെ പോലീസ് എത്തിയതിനെ തുടര്‍ന്ന് മോഷ്ടിച്ച സാധനങ്ങള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയും ചെയ്തതും ഇതേ സംഘമാണ്.
കഴിഞ്ഞ ഒക്ടോബറില്‍ എംപിഎസ് കമ്പനിയില്‍ ജോലിചെയ്യുന്ന പാലക്കാട് കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷനടുത്തുള്ള ശരവണമുത്തുവിന്റെ പൂട്ടിക്കിടന്ന വീട്ടില്‍ കയറി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങളും വെള്ളി പാത്രങ്ങളും, പട്ടുസാരികളും, പണവും കവര്‍ന്നതും ഗള്‍ഫില്‍ ജോലിചെയ്യുന്ന ഒലവക്കോട് റെയില്‍വേ സ്റ്റേഷനടുത്തുള്ള ഉണ്ണികൃഷ്ണന്റെ ഇരുനില വീടിന്റെ മുകള്‍നിലയിലെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് 32 ഇഞ്ച് എല്‍ഇഡി ടിവി, തുണിത്തരങ്ങള്‍, വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, 10,000 രൂപ, വിദേശ കറന്‍സികള്‍ എന്നിവ മോഷണം ചെയ്തതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഈ മാസം രാത്രി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള യൂസഫിന്റെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടര്‍ പൊളിച്ച് പണവും, സൗന്ദര്യവര്‍ധക വസ്തുക്കളും മോഷ്ടിച്ചതും അന്നേദിവസം സമീപത്തുള്ള ജേക്കബിന്റെ ബ്രൈറ്റ് സ്റ്റീല്‍ വര്‍ക്സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് ജേക്കബിന്റെ അപൂര്‍വ നാണയശേഖരത്തിലെ വെള്ളിനായണങ്ങളും പണവും മോഷ്ടിച്ചതും സെപ്റ്റംബറില്‍ മലപ്പുറം തിരൂര്‍ സ്വദേശിയും പ്രവാസിയുമായ അഷ്റഫിന്റെ വീട്ടില്‍നിന്നും വിദേശനിര്‍മിത ഇലക്ട്രോണിക്സ് ഉപകരണങ്ങളും ബാഗുകളും ഫാന്‍സി ആഭരണങ്ങളും മോഷ്ടിച്ചതും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
പ്രതി അരുണിന് തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലും തമിഴ്നാട്ടിലും നിരവധി കഞ്ചാവ്, കവര്‍ച്ചാ, പിടിച്ചുപറി കേസുകളും ബൈക്ക് മോഷണകേസുകളും നിലവിലുണ്ട്. സത്യകുമാറിന് എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും നിരവധി കവര്‍ച്ചാ, ഭവനഭേദന കേസുകളുണ്ട്. അനീഷിന് കേരളത്തിലെ പല ജില്ലകളിലും പോക്കറ്റടി, കവര്‍ച്ചാ, പിടിച്ചുപറി കേസുകളുണ്ട്. വിവിധ കോടതികളും പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, കണ്ണമ്പാളയം, മേട്ടുപാളയം എന്നിവിടങ്ങളില്‍ മാറി മാറി താമസിച്ച് കാമുകിമാരൊത്ത് ആഡംബരജീവിതം നയിക്കുകയായിരുന്നു. മോഷ്ടിച്ച പല സാധനങ്ങളും കണ്ണമ്പാളയത്തെ വാടകവീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു. ബാക്കിയുള്ളവ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം കണ്ടെടുക്കും.
തൃശൂര്‍ സിറ്റി അസി. പോലീസ് കമ്മീഷണര്‍ ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം ഈസ്റ്റ് സിഐ സജീവന്റെ നേതൃത്വത്തില്‍ എസ്ഐ സുരേഷ്, ഷാഡോ പോലീസ് എസ്ഐമാരായ ഫിലിപ് വര്‍ഗീസ്, കെ.ആര്. വിജയന്, എഎസ്ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സീനിയര്‍ സിപിഒമാരായ പി.എം. റാഫി, എന്‍.ജി. സുവൃതകുമാര്‍, കെ. ഗോപാലകൃഷ്ണന്, സിപിഒമാരായ ടി.വി. ജീവന്, പി.കെ. പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ് എന്നിവരും ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐമാരായ എന്‍.പി. തങ്കച്ചന്, മുകുന്ദന്, സീനിയര്‍ സിപിഒമാരായ ഇ.എ. ജയചന്ദ്രന്, എന്‍.പി. നെല്‍വിന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: