കഥകളിയുടെ തറവാടായ കൊട്ടാരക്കരയില്‍ മരുമകളായെത്തി കൊട്ടാരക്കരയുടെ പേര് സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്ത ആട്ടക്കാരിയാണ് കൊട്ടാരക്കര ഗംഗ.
കഥകളിക്ക് കാരണഭൂതനായ ഉണ്ണിഗണപതിയെ കണികണ്ടുണരാന്‍ ലഭിച്ചത്തിന്റെ സുകൃതഫലമാണ് മുപ്പതാം വയസ്സില്‍ കഥകളി പഠിച്ച് മുപ്പത്തിയൊന്നാം വയസില്‍ അരങ്ങിലെത്തി നാലായിരത്തോളം കളിവിളക്കുകള്ക്കുമുന്നില് കൈയ്യും മെയ്യും മുദ്രയും സമര്‍പ്പിച്ച് ആടിത്തിമര്‍ക്കാന്‍ കഴിഞ്ഞത്. അതും പുരുഷന്മാര് പോലും ചെയ്യാന്‍ പാടുപെടുന്ന ഉദ്ധത വേഷങ്ങള്‍.
ശരീരത്തേയും മനസിനെയും ഒരുപോലെ തളര്‍ത്തുന്ന, അസുഖം പിടിപെട്ടിട്ടും കുറച്ചുകാലം കൊണ്ട് അതില്‍ നിന്ന് മുക്തയായി പൂര്‍വാധികം പ്രതിഭയോടെ ആട്ടവിളക്കിന് മുന്നിലെത്തിച്ചതും ശ്രീഗണേശന് തന്നെയെന്ന് ഗംഗ പറയുന്നു.
1952 ല്‍ നാഗര്‍കോവിലിലെ വടിവീശ്വരം ഗ്രാമത്തിലെ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ഷേക്സ്പിയര് സുബ്രഹ്മണ്യം എന്നറിയപ്പെട്ടിരുന്ന ഇംഗഌഷ് നാടകനടനും ബാങ്ക് ഉദ്യോഗസ്ഥനുമായ സുബ്രഹ്മണ്യത്തിന്റേയും പാര്‍വ്വതി അമ്മാളിന്റേയും മകളായി ജനനം.
കൊല്ലം ഫാത്തിമമാതാ കോളജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം. 77 ല്‍ ബാങ്ക് ഉദ്യോഗസ്ഥനായ കൊട്ടാരക്കര തെക്കെമഠത്തില്‍ (ഉദയഗിരി)യില്‍ സൂര്യനാരായണന്റ ജീവിതസഖിയായി മഹാഗണപതിനടയ്ക്ക് അഭിമുഖമായുള്ള വീട്ടിലെത്തി.
ചെറുപ്പത്തില്‍ അല്പം നൃത്തം പഠിച്ചതുമാത്രമാണ് കലാപരമായുള്ള സമ്പാദ്യം. മഹാഗണപതിക്ഷേത്രത്തിലെ കഥകളിരാവുകള്‍ മനസിനെ ഭ്രമിപ്പിച്ചു. നിമിത്തമെന്നവണ്ണം സൂര്യനാരായണന്റെ കുടുംബസുഹൃത്തായ ഭദ്ര കഥകളി പഠിക്കാന്‍ സ്ഥലവും കൂട്ടിനാളിനെയും അന്വേഷിച്ച് വീട്ടില്‍ എത്തി.
‘ഗംഗയ്ക്ക് ഇഷ്ടമാണങ്കില്‍ കൂടെക്കൂട്ടിക്കൊള്ളൂ, സ്ഥലം ഞാന്‍ തരാം’ എന്ന് കലാസ്വാദകന് കൂടിയായ സൂര്യനാരായണന് സമ്മതിച്ചു. ‘കൂടെ പഠിക്കാം അരങ്ങില്‍ കയറാന്‍ പറയരുത്’ എന്ന നിബന്ധനയില്‍ മയ്യനാട് കേശവന് നമ്പൂതിരിയുടെ ശിക്ഷണത്തില്‍ 82 ല്‍ പഠനം തുടങ്ങിയെങ്കിലും 83 ല്‍ നരകാസുരവധത്തിലെ ലളിത (സ്ത്രീവേഷം)യായി ജന്മംകുളം ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു.
അരങ്ങേറ്റത്തിന്ശേഷം ശരീരഘടനയും പ്രവൃത്തിരീതിയും ഉദ്ധതവേഷങ്ങള്ക്ക് (ശക്തിമാനായ പുരുഷവേഷം) പാകമാകയാല് ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഗുരു ഉപദേശിച്ചു. ഈ വേഷങ്ങള്‍ക്ക് ആവശ്യമായ ഊക്ക്, നോക്ക്, അലര്‍ച്ച, പകര്‍ച്ച എന്നിവ ഗംഗക്ക് അനായാസം കൈവരിക്കാന്‍ കഴിയും എന്ന നിരീക്ഷണത്തിന്റ അടിസ്ഥാനത്തില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് എന്നിവരുടെ കീഴില്‍ പഠനം തുടര്‍ന്നു.
ദുര്യോധനവധത്തിലെ ദുശ്ശാസനന്, ബകവധത്തിലെ ബകന്, ഉത്തരാസ്വയംവരത്തിലെ ത്രിഗര്ത്തന്, ദക്ഷയാഗത്തിലെ വീരഭദ്രന്, ബാലി, സുഗ്രീവന് ഒപ്പം കിരാതത്തിലെ കാട്ടാളന് തുടങ്ങിയ വേഷങ്ങള്‍ നൂറുകണക്കിന് വേദികളില്‍ ആടി.
അവതരണത്തിന് ഏറ്റവും വിഷമം പിടിച്ച നരസിംഹവേഷവും അനായാസേനയാണ് ഗംഗ രംഗത്ത് അവതരിപ്പിക്കുന്നത്. പുരുഷന്മാരെ വെല്ലുന്ന പ്രതിഭയാണ് ഉദ്ധത വേഷങ്ങള്‍ ആടുമ്പോള് 62-ാം വയസിലും ഗംഗയുടേതെന്നാണ് കഥകളി ആസ്വാദകരുടെ നിരീക്ഷണം. മുഖത്ത് തേയ്പ്, വരപ്പ്,കീരീടം വച്ചുമുറുക്കുക തുടങ്ങി കഥകളിചമയങ്ങളില് ഉടുത്തുകെട്ടിന് മാത്രമാണ് വേഷക്കാരെ ആശ്രയിക്കുന്നത്. മൂവായിരത്തിലധികം വേദികളില്‍ നിറഞ്ഞാടിയെങ്കിലും ഇഷ്ടവേഷം ഏതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. എല്ലാവേഷവും ഇഷ്ടമെന്ന് മറുപടി.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവില്‍ നിന്ന് താടിവേഷത്തിന് 2000ത്തില്‍ ലഭിച്ച പുരസ്കാരം മുതല്‍ രൗദ്രശ്രീ അവാര്‍ഡ്, കേരളകലാമണ്ഡലം അവാര്‍ഡ്, എംകെകെ നായര്‍ അവാര്‍ഡ്, കൊട്ടാരക്കര തമ്പുരാന് സ്മാരക കഥകളി പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ പെരുമഴ തന്നെ ഇവരെ തേടിയെത്തിയെന്നത് ഈ രംഗത്തെ മികവിനുള്ള അംഗീകാരമാണ്.
അരങ്ങേറ്റം മുതല്‍ തന്നെ എല്ലാവര്‍ഷവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കഥകളിയരങ്ങില്‍ ഗംഗയുടെ സാന്നിധ്യമുണ്ട്. ഭര്‍ത്താവ് തന്നെയാണ് വഴികാട്ടി. മക്കളായ പ്രതാപും സൂര്യചിത്രയും പ്രോത്സാഹനവുമായി മുന്നിലുണ്ട്. കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന് ശേഷം കൊട്ടാരക്കരയുടെ പേര് കഥകളിയുടെ ഏടുകളില്‍ എഴുതി ചേര്‍ത്തതില്‍ ചെറുതല്ല ഗംഗയെന്ന കൊട്ടാരക്കര ഗംഗയുടെ സംഭാവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: