ചെറുതോണി : ഇടുക്കിയുടെ ഹൃദയഭാഗത്ത് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ കോണ്‍ഗ്രസ് നേതാവ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അഞ്ച് നില കെട്ടിടം പൊളിച്ച് നീക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്. കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉസ്മാനാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്. 2014 ജനുവരിയില്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഉസ്മാന്റെ കയ്യേറ്റത്തിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
2014 ഓഗസ്റ്റില്‍ അനധികൃത കെട്ടിട നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ഭരണകക്ഷിയിലെ ഉന്നതരിടപെട്ട് മരവിപ്പിക്കുകയായിരുന്നു. പിന്നീട് ഹൈന്ദവ സംഘടനകള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. ഈ പരാതിയെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ ഉസ്മാന് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തി. എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ച് നീക്കി ജില്ല പഞ്ചായത്തില്‍ വിവരം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഇതും അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. കയ്യേറ്റക്കാരന് ഉസ്മാനെതിരെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് ക്രിമിനല്‍ കേസെടുക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ല പ്രസിഡന്റ് സ്വാമി ദേവചൈതന്യ, സംഘടന സെക്രട്ടറി കെ.പി സജീവന് എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ അറിയിച്ചു.നേതാക്കളായ ബിജു തോപ്പില്‍, വി.പി വിജയകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: