ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലിന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള പരുവക്കാട്ട് കുടുംബം വക പാരമ്പര്യ വിളക്കാഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെ നടന്ന കാഴ്ചശീവേലിക്കു കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. രാത്രി വിളക്കെഴുന്നള്ളിപ്പിനു പറയ്ക്കാട്ട് തങ്കപ്പന് മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും ഉണ്ടായിരുന്നു.
വിളക്കാഘോഷങ്ങളുടെ 24-ാംദിവസമനായ ചൊവ്വാഴ്ച്ച പി ടി മോഹനകൃഷ്ണന്റെ വക വിളക്കാഘോഷമാണ്. ബുധനാഴ്ച പഞ്ചമി വിളക്കാഘോഷം കാപ്രാട്ട് കുടുംബംവകയാണ്. വ്യാഴാഴ്ച മാണിക്കത്ത് ചന്ദ്രശേഖര്‍ മേനോന്റെ പേരിലാണ് ഷഷ്ഠി വിളക്ക്. വെള്ളിയാഴ്ചത്തെ സപ്തമി വിളക്ക് നെന്മിനി മനക്കാരുടെ വകയായാണ് ആഘോഷിക്കുക. വെളിച്ചെണ്ണ ഉപയോഗിച്ചു വിളക്ക് തെളിക്കുന്നുവെന്നത് സപ്തമി വിളക്കിന്റെ മാത്രം പ്രത്യകതയാണ്.
സ്വന്തം പറമ്പിലെ നാളികേരം ഉപയോഗിച്ചുള്ള വെളിച്ചെണ്ണയാണു വിളക്കു തെളിക്കാന്‍ ഉപയോഗിക്കുന്നത്. നെന്മിനി എന്‍ സി രാമന് നമ്പൂതിരിപ്പാടിന്റെ പേരിലാണ് ഈ വിളക്കാഘോഷം. ശനിയാഴ്ച പുളിക്കിഴെ വാരിയത്തു കുടുംബം വക അഷ്ടമി വിളക്കും ഞായറാഴ്ച കൊളാടി കുടുംബം വക നവമി നെയ്വിളക്കും ആഘോഷിക്കും.ഏകാദശി ദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: