തൃപ്രയാര്‍: തൃപ്രയാര്‍ കിഴക്കെ നടയിലെ സര്‍പ്പക്കാവിലെ വൃക്ഷങ്ങള്‍ വെട്ടിമാറ്റി പുതിയ സീതാക്ഷേത്രം പണിയുവാനുള്ള ക്ഷേത്രവികസന സമിതിയുടെ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം. കാവിലെ വൃക്ഷങ്ങള്‍ വെട്ടിയെടുക്കാനെത്തിയ കരാറുകാരെ ഭക്തജനങ്ങളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
ഇന്നലെ രാവിലെയാണ് ദേവസ്വം മരങ്ങള്‍ വെട്ടാന്‍ ലേലം കൊടുത്തയാള്‍ ആയുധങ്ങളുമായി കിഴക്കെനടയിലെ കച്ചേരിവളപ്പില്‍ എത്തിയത്. തുടര്‍ന്ന് നാട്ടുകാരും തൃപ്രയാര്‍ ക്ഷേത്രരക്ഷാസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് കാവ് വെട്ടരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ലേലം ചെയ്തതാണെന്ന് അറിയിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ പിന്തിരിയുകയായിരുന്നു. ഇതിനിടെ ദേവസ്വം മാനേജരും അന്തിക്കാട് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് ഹൈന്ദവനേതാക്കളുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് കാവ് വെട്ടിനശിപ്പിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്കി. ചിലരുടെ താല്പര്യങ്ങള്ക്ക് വഴങ്ങി തൃപ്രയാര്‍ ക്ഷേത്രവികസനസമിതിയുടെ നേതൃത്വത്തിലാണ് സീതാക്ഷേത്രം പണിയാന്‍ നീക്കം നടത്തുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രം തന്ത്രി ഇവിടെയുള്ള സര്‍പ്പക്കാവ് നിലനിര്‍ത്തിക്കൊണ്ട് നവഗ്രഹക്ഷേത്രം നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചാണ് പുതിയ സീതാക്ഷേത്രത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ആദ്യം സര്‍പ്പക്കാവ് സംരക്ഷിക്കുകയാണ് ദേവസ്വം അധികൃതര്‍ ചെയ്യേണ്ടതെന്ന് ഭക്തജനങ്ങളും ക്ഷേത്രരക്ഷാസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.
കാവുകളുടെ സംരക്ഷണത്തിനായി ഭക്തജനക്കൂട്ടായ്മ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തജനങ്ങള്‍. കൂടാതെ ദേവസ്വം ബോര്‍ഡ്, ജില്ലാകളക്ടര്‍, ദേവസ്വം മന്ത്രി എന്നിവര്‍ക്ക് പരാതി നല്കുവാനും തീരുമാനിച്ചു.
ക്ഷേത്രരക്ഷാസമിതി ചെയര്മാന് സി. വാസുദേവന്‍, കണ്‍വീനര്‍ എ. സതീശ്ചന്ദ്രന്‍, ക്ഷേത്രപൈതൃകരക്ഷാസമിതി ചെയര്മാന് ജോയ് മാസ്റ്റര്‍, കണ്‍വീനര്‍ ദിവാസ്, അയ്യപ്പസേവാസമാജം ജോ. കണ്‍വീനര്‍ പി.കൃഷ്ണനുണ്ണി, ബി.ജെ.പി. മണ്ഡലം ജന.സെക്രട്ടറി പി.ആര്. സിദ്ധന്, ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഹരീഷ് മാസ്റ്റര്‍, ആര്.എസ്.എസ്. മണ്ഡല് കാര്യവാഹ് ശ്രീകേഷ്, പ്രകാശന് കണ്ടങ്ങത്ത്, ബോസ് താഴത്തുപുര, ദിനേശ് വെള്ളാഞ്ചേരി, രഘു വിവേകാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി കാവില്‍ വിളക്കുതെളിയിച്ച് കാവിനെയും ചിത്രകൂടത്തെയും പരിപൂര്‍ണ്ണമായും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: