ആലപ്പുഴ: കുട്ടനാട്ടില്‍ കനത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഎം ഏരിയ സമ്മേളനത്തില്‍ ഭിന്നത ശക്തം. ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാനാകാതെ സമ്മേളന നടപടികള്‍ അവസാനിപ്പിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ മുന്‍ സെക്രട്ടറിയെ താത്ക്കാലികമായി വീണ്ടും നിയമിച്ചു. വിഎസ് പക്ഷക്കാരനായ നീലംപേരൂരില്‍ നിന്നുള്ള ഉണ്ണികൃഷ്ണനും പിണറായി പക്ഷക്കാരനായ പുളിങ്കുന്നില്‍ നിന്നുള്ള വി.കെ. വിന്‍സെന്റുമാണ് ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുറച്ചുനിന്നത്. വിന്‍സെന്റിനെ ഒമ്പതുപേരും ഉണ്ണികൃഷ്ണനെ എട്ടുപേരും പിന്തുണച്ചതായാണ് വിവരം. ഉണ്ണികൃഷ്ണനെ ഏരിയ സെക്രട്ടറിയാക്കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. മത്സരം ഉറപ്പായ സാഹചര്യത്തിലാണ് മുന്‍ ഏരിയ സെക്രട്ടറിയും വിഎസ് പക്ഷക്കാരനുമായ എ.കെ. അശോകനെ താത്ക്കാലികമായി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ തീരുമാനമുണ്ടായത്. നേരത്തെ 21 അംഗങ്ങളായിരുന്നു ഏരിയ കമ്മറ്റിയിലുണ്ടായിരുന്നത്. ഇത്തവണ ഇത് പതിനേഴായി കുറച്ചു. എ.കെ. അശോകന്‍, പൊന്നപ്പന്‍, വി.എന്‍. മോഹനന്‍ തുടങ്ങിയ നാലുപേരെ ഒഴിവാക്കി വി.കെ. വേണുഗോപാല്‍, പ്രസന്നന്‍ തുടങ്ങി നാലുപേരെയാണ് പകരം ഉള്‍പ്പെടുത്തിയത്. ഇന്ന് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കാനിരിക്കെയാണ് വിഎസ് പക്ഷത്തിന്റെ തട്ടകത്തില്‍ പിണറായി പക്ഷം മേല്‍ക്കൈ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: