ആലപ്പുഴ: പക്ഷിപ്പനി സാദ്ധ്യത കണക്കിലെടുത്ത് അടിയന്തര കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം (ഫോണ്‍: 0477 2252636) തുറന്നു. താറാവ് കൂട്ടമായി ചത്ത നെടുമുടി മൂന്നാംവാര്‍ഡ്, ചമ്പക്കുളം, തകഴി, നെഹ്റുട്രോഫി വാര്‍ഡിലെ ഭഗവതിപാടശേഖരം, പുറക്കാട് എന്നിവിടങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ ദ്രുതകര്‍മ സംഘത്തെ നിയോഗിച്ചു.
25ന് സംഘം അഞ്ചിടങ്ങള്‍ സന്ദര്‍ശിക്കും. വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, അറ്റന്‍ഡര്‍, രണ്ടു പൊലീസുകാര്‍, വില്ലേജില്‍നിന്നുള്ള ഉദ്യോഗസ്ഥന്, വാര്‍ഡംഗം എന്നിവരടങ്ങിയതാണ് സംഘം. രോഗംമൂലം താറാവുകള്‍ ചത്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികള്‍ക്ക് രോഗം വരാന്‍ സാധ്യതയുള്ളതിനാല്‍ ഇവയെ നശിപ്പിക്കും. കൊല്ലുന്ന പക്ഷികളെ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യും. ഇതിനാവശ്യമായ സംവിധാനങ്ങളൊരുക്കി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജനപ്രതിനിധികളും ജനങ്ങളും ദ്രുതകര്മസംഘത്തോട് സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ആരോഗ്യവകുപ്പ് കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡു തലത്തില്‍ അടിയന്തരമായി ഫീല്‍ഡ് സര്‍വേ നടത്തും. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുക. ലഘുലേഖ തയാറാക്കി വിതരണം ചെയ്യും. ദ്രുതകര്‍മ സംഘാംഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നും സുരക്ഷാകിറ്റും എത്തിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിരോധ മരുന്ന് ഉടനെത്തും. കുട്ടനാട്ടിലെ നെടുമുടി, തകഴി, ചമ്പക്കുളം പ്രദേശത്തെ താറാവ് കര്‍ഷകരുടെ യോഗം 25ന് രാവിലെ 11ന് കുട്ടനാട് താലൂക്ക് ഓഫീസില്‍ ചേരും. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉച്ചയ്ക്ക് 12ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: