വാഷിംഗ്ടണ്‍: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആണവശക്തിയായി പാക്കിസ്ഥാന് മാറിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. 2020 ഓടെ അവര്‍ 200 ആണവായുധങ്ങള്‍ നിര്‍മിക്കുമെന്നും ഉന്നത അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
പല രാജ്യങ്ങളും ആണവായുധങ്ങളുടെ എണ്ണം കുറച്ചു വരുന്നു. എന്നാല്‍ ഏഷ്യയില്‍ അത് കൂടുന്നതായാണ് കാണുന്നത്. പാക്കിസ്ഥാനാണ് ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന ആണവപദ്ധതികളുള്ളത്. 2020 ഓടെ അവര്‍ 200 ആണവ ആയുധങ്ങളോ ഉപകരണങ്ങളോ നിര്‍മിക്കുമെന്ന് അമേരിക്കയുടെ വിദേശകാര്യ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നു.
ജോര്‍ജ് മാസണ് സര്‍വകലാശാലയിലെ ഗ്രിഗറി കോബ്ലെന്‍സ് തയ്യാറാക്കിയ രണ്ടാം ആണവ യുഗത്തിലെ തന്ത്രപരമായ സ്ഥിരത്വം എന്ന റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യയില്‍ വര്‍ധിച്ചു വരുന്ന അപകടം പിടിച്ച ആണവായുധ നിര്‍മാണവും മറ്റും വ്യക്തമാക്കപ്പെടുന്നത്.
പോര്‍വിമാനം, ബാലസ്റ്റിക് മിസൈല്‍, ക്രൂയിസ് മിസൈല്‍ എന്നിവകളില്‍ ആണവായുധം ഘടിപ്പിക്കുന്ന 11 കേന്ദ്രങ്ങള്‍ പാക്കിസ്ഥാന് വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്ന് ഭീകരവാദവും പരിഹരിച്ചിട്ടില്ലാത്ത ഭൂമി പ്രശ്നവും ഒക്കെ നിലനില്‍ക്കുന്ന മേഖലയിലാണ് ഇത് നടക്കുന്നതെന്നത് കൂടുതല്‍ ഗൗരവകരമാണ്.
ആണവായുധങ്ങള്‍ ഏത് സാഹചര്യത്തില്‍ ഉപയോഗിക്കുമെന്ന് പാക്കിസ്ഥാന് പ്രഖ്യാപിച്ചിട്ടില്ലാത്ത അവസ്ഥയില്‍ ഇതിന്റെ ആദ്യ ഭീഷണി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനായിരിക്കുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. പാക്കിസ്ഥാന് ഇന്ത്യയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമാണ്. അതിനാല്‍ പാക്കിസ്ഥാന്റെ ആണവായുധ നിരാകരണം സംബന്ധിച്ച് അമേരിക്ക ഇടപെടണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
പാക്കിസ്ഥാന്റെ കൈവശമിരിക്കുന്ന ആണവായുധങ്ങള്‍ ഭീകരവാദികളുടെ കൈകളിലെത്തിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യ 90 മുതല്‍ 110 ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ശേഷിയുള്ള രാജ്യമാണ്. ചൈനയ്ക്കാകട്ടെ 250 എണ്ണം വരെ വികസിപ്പിക്കാന്‍ ശേഷിയുണ്ട്,
ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആണവായുധങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരുമ്പോള്‍ ഏഷ്യ അതിന് അപവാദമായി മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: