ലോകനാഗരികതയുടെ വികാസം നദിക്കരകളിലാണെന്ന് കേട്ടിട്ടുണ്ട്. ഭാരതത്തെ സംബന്ധിച്ചും അങ്ങനെതന്നെയാണെന്നാണ് അറിവ്. ഭാരതത്തിന്റെ സംസ്കാരമുറങ്ങുന്ന മൂന്ന് നദിക്കരകളിലൂടെ (യമുന, ഗംഗ, സരയൂ) യാത്രചെയ്യുവാന്‍ സാധിച്ചു. ആ സുന്ദരിമാര്‍ക്ക് നമ്മോട് ഒത്തിരി പറയാനുണ്ട്; കാരണം
” നദികള്‍ക്കെന്നെക്കാളു
മോര്‍മ്മ കാണണമവര്‍
കഴലില്‍ ചിറകുള്ള സഞ്ചാരപ്രിയര്‍
നിലത്തെഴുതാന്‍ പഠിച്ചവര്‍
പറയാന്‍ പഠിച്ചവര്‍”
യുഗങ്ങളായുള്ള അവരുടെ യാത്രകളില്‍ നിന്നും അവര്‍ മനസ്സില്‍ കുറിച്ചിട്ട അതിജീവനത്തിന്റെയും ആക്രമണത്തിന്റെയും പ്രതീക്ഷയുടെയും ഒത്തിരിയൊത്തിരി കഥകള്‍ അവര്‍ക്ക് പറയാനുണ്ട്.
ഞാന്‍ യമുന. എന്നെ നിങ്ങള്‍ നദികളില്‍ സുന്ദരിയെന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. നിങ്ങള്‍, നാളെയെങ്ങനെയാകണമെന്ന് നിശ്ചയിക്കുന്ന ഭരണസിരാകേന്ദ്രം എന്റെ തീരത്താണ്. പൗരാണിക കാലത്ത് അതിനെ ഇന്ദ്രപ്രസ്ഥമെന്നും പിന്നിട് ദില്ലിയെന്നും നവദില്ലിയെന്നൊക്കെ വിളിച്ചു. ഇവിടുത്തെ സിംഹാസനത്തില്‍ ആരാണോ അവരാണ് ഭാരതത്തെ നയിക്കുന്നത്. ഇത് ഇപ്പോഴുള്ള കീഴ്വഴക്കമല്ല. പൗരാണിക കാലം മുതലേ അങ്ങനെയാണ്.
ദില്ലി ഭരിക്കുന്നവര്‍ ഭാരതത്തിന്റെ ചക്രവര്‍ത്തി എന്നതാണ് കണക്ക്. അതുകൊണ്ടാണ് അലക്സാണ്ടറും സെലൂക്കസ്സും മുഗളരും യുറോപ്യന്മാരും ഭാരതത്തെ ഭരിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നത്. ഇവര്‍ ആര്‍ക്കും തന്നെ ഭാരതത്തിന്റെ പൂര്‍ണ്ണാധികാരം കൈവന്നിട്ടില്ലെന്നത് മറ്റൊരു സത്യം.
എന്റെ തീരത്തുള്ള ഈ നഗരത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്, ആധുനിക മനുഷ്യന്റെ ഭൗതിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രപതി ഭവനും സെക്രട്ടറിയേറ്റും പിന്നെ എന്റെ പിതാവിന്റെ (ഹിമവാന്റെ) അതിരുകളെ കാത്തുസൂക്ഷിക്കുന്ന വീരസൈനികര്ക്കുള്ള സ്മൃതി മണ്ഡപമായ ഇന്ത്യാഗേറ്റുമാണ്.
ഗതകാലത്തെ കരിനിഴലിന്റെ ഓര്‍മകളും എന്റെയീത്തീരത്തുണ്ട്. കുത്തബ് മീനാറും റെഡ്ഫോര്‍ട്ടും മുഗള്‍ ആക്രമണത്തിന്റെ കറുത്ത അധ്യായത്തെ നമ്മില്‍ ഓര്‍മപ്പെടുത്തുന്നു. ഈ നഗരത്തിന്റെ നല്ലകാലത്ത് പണികഴിപ്പിക്കപ്പെട്ട ഭാരതീയ സംസ്കൃതിയുടെ പ്രതീകമായ ഏതോക്ഷേത്രം തച്ച് തകര്‍ത്ത് പണിതീര്‍ത്തതാണ് കുത്തബ് മീനാറെന്ന് എത്രപേര്‍ക്ക് അറിയാം. എന്റെ തീരത്തുള്ള ഈ തലസ്ഥാന നഗരിയുടെ മൊത്തം കഥകളും കാഴ്ചകളും പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നോട് മടുപ്പ് തോന്നും. അതുകൊണ്ട് തന്നെ എനിക്ക് വളരെ പ്രിയമുള്ള എന്റെ ഉണ്ണിക്കണ്ണന്റെ ജന്മസ്ഥലത്തെക്കുറിച്ച് പറയാം.
മഥുര, ഒരു യുഗം മുമ്പ് എന്റെ തീരത്തെ സംഗീതം കൊണ്ടും പ്രേമംകൊണ്ടും സന്തോഷത്തിലാറാടിച്ച കണ്ണന്റെ ജന്മസ്ഥലം. കംസന്റെ രാജധാനി.
എന്റെ കണ്ണ് നിറയുന്നത് നിങ്ങള്‍ കാണുന്നുണ്ടല്ലോ. ഏതൊരമ്മയുടേയും കണ്ണു നിറയും. കാരണം അന്ന് കംസന്റെ കാരാഗൃഹത്തിലാണ് കണ്ണന് ജനിച്ചതെങ്കില്‍ ഇന്നും കണ്ണന്റെ ജന്മസ്ഥലം മറ്റൊരു കാരാഗൃഹത്തിലാണ്.
വൈദേശികാക്രമണത്തിന്റെ തടവറയില്‍. കണ്ണന്റെ കഥകള്‍ കേട്ട് എന്റെ തീരത്തെത്തുന്നവര്‍ക്ക് ഒരാശ്വാസത്തിനെന്നോണം ജന്മസ്ഥലവും അനുബന്ധ ക്ഷേത്രങ്ങളും വൈദേശിക മന്ദിരത്തിന്റെ സമീപത്തായി നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെയല്ല കണ്ണന് ജനിച്ചതെന്ന സത്യം അറിയാമെങ്കിലും അതുമറന്ന് അനുവദനീയമായ സ്ഥലത്ത് ആരാധന നടത്തി മടങ്ങേണ്ട ഗതികേടാണിന്നുള്ളത്.വിദേശാക്രമണത്തിന്റെ ശവകുടീരങ്ങളെ മതേതരത്വത്തിന്റെ പേരില്‍ സംരക്ഷിക്കുന്നതിന് ഒരു ഉദാഹരണം മാത്രമാണ് എന്റെ കണ്ണന്റെ ജന്മസ്ഥലം.
കണ്ണന് മഥുരയിലാണ് ജനിച്ചതെങ്കിലും അവന്റെ കുസൃതികളെല്ലാം അരങ്ങേറിയത് എന്റെ തീരത്തുള്ള അമ്പാടിയിലാണ്. മഥുരയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ. അവിടെ വരുമ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഇന്ദ്രന്റെ അഹങ്കാരത്തെ ശമിപ്പിച്ച ഗോവര്‍ദ്ധന ധാരണം, എന്റെ ജലത്തെ മലിനമാക്കിയിരുന്ന കാളിയന് മോക്ഷം നല്കിയ കാളിയമര്‍ദ്ദനം. ഗോപികമാര്‍ക്കൊപ്പം രാസക്രീഡയില്‍ ഏര്‍പ്പെട്ട വൃന്ദാവനം. ദ്വാപരയുഗത്തിലെ സ്വര്‍ഗ്ഗമായിരുന്ന അമ്പാടിയും മറ്റും ഇന്നില്ല. അതിന്റെയെല്ലാം പ്രതീകങ്ങള്‍മാത്രം. ബാക്കിയെല്ലാം കുറ്റിക്കാടുകളും മാലിന്യക്കൂമ്പാരങ്ങളും. എന്നാല്‍ ഒരു സത്യം മാത്രം ഇന്നും അവശേഷിക്കുന്നു; കണ്ണന്റെ ഗോപികമാര്‍. നിങ്ങള്‍ എന്റെ കണ്ണനെ തമാശക്കെങ്കിലും കളിയാക്കാറുണ്ട് പതിനാറായിരത്തിയെട്ട് ഭാര്യമാരുള്ളവനെന്ന്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം നിങ്ങളെ പോറ്റിവളര്‍ത്തിയ അമ്മമാരെ നിങ്ങള്‍ എന്റെതീരത്ത് കൊണ്ടുവന്ന് വിടുമ്പോള്‍ അവര്‍ക്ക് അഭയം കണ്ണന് മാത്രം.
കണ്ണന് മാത്രം തുണയായുള്ളവര്. ഏതൊരൊമ്മയുടെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ് കണ്ണന്റെ ഇന്നത്തെ ഗോപികമാരുടെ ജീവിതം. നല്ലകാലത്ത് മക്കള്‍ക്ക് വേണ്ടി ജീവിച്ച അവര്‍ ഇന്ന് എന്റെ തീരത്തെത്തുന്ന കൃഷ്ണഭക്തര്‍ക്ക് മുന്നില്‍ ഒരുനേരത്തെ ആഹാരത്തിനായ് കൈ നീട്ടുന്നു. എന്റെ തീരത്തുകൂടി എത്രയോ തലമുറകള്‍ കടന്നു പോയിട്ടുണ്ട്. അതിന്റെ അനുഭവത്തില്‍നിന്ന് ഞാന്‍ പറയുന്നു. ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ഞാന്‍ പറയേണ്ടിവരും. സമൂഹം ഒരു കണ്ണാടിയാണ്. നാം ചെയ്യുന്നതിനെ അതുപോലെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി.
എന്റെ തീരത്തുള്ള, ലോകമറിയുന്ന ഒരു സ്ഥലമാണ് ആഗ്ര. ഇവിടെയാണ് ലോകത്തിലെ അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍. ഈ ശവകുടീരത്തെ മഹത്വവത്കരിക്കാന്‍ നിങ്ങള്‍ കാണുന്ന കാരണങ്ങള്‍ അതിന്റെ കാലപ്പഴക്കവും നിര്‍മാണത്തിലെ ഉദ്ദേശ്യശുദ്ധിയുമാണ്. എന്നാല്‍ ഹിമവാന്റെ നാട്ടിലൂടെ നിങ്ങളൊന്ന് സഞ്ചരിച്ചു നോക്കു. ഇതിലും കാലപ്പഴക്കമുള്ള മഹത്തര സൃഷ്ടികള്‍ കാണാന്‍ കഴിയും. പിന്നെ ഉദ്ദേശ്യശുദ്ധി. വളച്ചൊടിക്കപ്പെട്ട ഒരു ചരിത്ര വിഡ്ഢിത്തം. വൈദേശിക മുഗള്‍ ആക്രമികളില്‍ ഒരാളായ ഷാജഹാന്റെ കുറ്റബോധത്തിന്റെ ശവകുടീരമാണ് താജ്മഹല്‍.
നൂറില്‍പ്പരം ഭാര്യമാരുണ്ടായിരുന്ന ഷാജഹാന്റെ ദുര്ജീവിതത്തെ ചോദ്യം ചെയ്ത മുംതാസിന്റെ മരണത്തിന് കാരണക്കാരനായതിനുള്ള കുറ്റബോധം. അതുമാത്രമാണ് താജ്മഹല്‍. ഇതിന്റെ നിര്‍മാണം നടന്ന 1632 മുതല്‍ 1653 വരെയുള്ള 21 വര്‍ഷക്കാലം രാജ്യത്തിന്റെ ഇരുണ്ടകാലഘട്ടമായിരുന്നു. രാജ്യത്തെ ഇരുളിലേക്ക് തള്ളിവിട്ടതിന് ചരിത്രം നല്കിയ മറുപടിയാകും സ്വന്തം മകനാല്‍ കാരാഗൃഹത്തില്‍ അടക്കപ്പെട്ടത്.
മാര്‍ബിളില്‍ തീര്‍ത്ത മുംതാസിന്റെ ശവകുടീരത്തിന് ചുറ്റമുള്ള നിര്‍മിതികള്‍ ശ്രദ്ധിച്ചോ? അതിന് ഭാരതീയ ക്ഷേത്രകലയുമായി ഒരു ബന്ധമുള്ളതായി തോന്നുന്നില്ലേ. ഏതോ ഹൈന്ദവ ക്ഷേത്രത്തിന്റെ അടിത്തറയില്‍ത്തന്നെയാണ് ഈ ശവകുടീരവും സ്ഥിതിചെയ്യുന്നത്. എന്നാല്‍ ബാബറും ഔറംഗസേബ് ചെയ്തതു പോലെ ഹിന്ദുവിന്റെ അഭിമാനത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ അവശേഷിപ്പിച്ചിട്ടില്ല.
ഭാരത സംസ്കൃതിയിലെ ഏറ്റവും ശ്രേഷ്ഠമായ പ്രയാഗയിലാണ് നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇവിടെ ഞാന്‍ മാത്രമല്ല ഗംഗയും സരസ്വതിയുമുണ്ട്. ഇവിടെ ഞാനും ഗംഗയും കൈകോര്‍ക്കുന്നിടത്ത് അവളുടെ ശ്വാസം നിങ്ങള്‍ കേള്‍ക്കുന്നില്ലെ, സരസ്വതിയുടെ. ആധുനിക മനുഷ്യന്റെ ചൂഷണത്തിന് താന്‍ വിധേയയാകേണ്ടി വരുമെന്ന് അവള് മുന്‍കൂട്ടി അറിഞ്ഞിരിക്കാം. അതല്ലേ സരസ്വതി അന്തര്‍ധാനം ചെയ്തത്.
ഞങ്ങള്‍ മൂന്നുപേരും ചേരുന്ന ഈ ത്രിവേണി സംഗമം ഭാരതീയ ആദ്ധ്യാത്മികതയുടെ പൂണ്യഭൂമിയാണ്. അതിന് കാരണവുമുണ്ട്. പൗരാണിക കാലത്ത് അമൃതുമായി കടന്ന അസുരന്മാരുടെ കയ്യില്‍ നിന്നും ഒരുതുള്ളി അമൃത് ഇവിടെ വീണിരുന്നു. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള ഞങ്ങളുടെ ഈ തീരത്താണ്. പിതൃപുണ്യം തേടി ഭാരതീയര്‍ എത്തുന്നതും ഈ സംഗമ ഭൂമിയില്‍ത്തന്നെ. എന്റെ തീരത്തായി പാലാഴി കടയാന്‍ ദേവന്മാരും അസുരന്മാരും കയറായി ഉപയോഗിച്ച വാസുകിയുടെ ക്ഷേത്രവുമുണ്ട്. ഇവിടെവരെ ഞാനുള്ളു. കഥകള്‍ തീര്ന്നിട്ടല്ല. ഇനിയുള്ളത് അവള് പറയും. ഗംഗ.
ഞാന്‍ ഗംഗ. ഭാരതത്തിലെ പുണ്യനദികളിലൊന്നായിട്ടാണ് എന്നെ നിങ്ങള്‍ കാണുന്നത്. ഞാന്‍ പണ്ട് സ്വര്ഗ്ഗത്തിലൂടെയാണ് ഒഴുകിയിരുന്നത്. നിങ്ങളുടെ മോക്ഷത്തിനായി ഭഗീരഥന് എന്നെ ഹിമാവാന്റെ പുത്രിയായി ഈ മണ്ണിലേക്കെത്തിച്ചതാണ്. എന്റെ തീരങ്ങളില്‍ ഭാരതീയ ആദ്ധ്യാത്മികതയുടെ കൂടാരങ്ങള്‍ ഒത്തിരിയുണ്ട്. ഇപ്പോള്‍ ഈ പ്രയാഗ തന്നെ. പക്ഷെ അതിനെപ്പറ്റി അവള് ആദ്യം പറഞ്ഞില്ലെ. അതുകൊണ്ട് എന്റെ തീരത്തെ ഏറ്റവും ശ്രേഷ്ഠമായ നഗരത്തെക്കുറിച്ച് പറയാം.
ഭാരതീയ ശിവസങ്കല്‍പ്പങ്ങളില്‍ ദ്വാദശ ജോതിര്‍ ലിംഗങ്ങള്‍ക്കുള്ള പ്രാധാന്യം നിങ്ങള്‍ക്കറിയാമല്ലോ? അതിലൊന്നായ കാശിവിശ്വനാഥന് എന്റെ തീരത്താണ്. വാരണാസി, ബനാറസ് എന്നൊക്കെ നിങ്ങള്‍ വിളിക്കുന്ന വിശ്വനാഥന്റെ സ്വന്തം കാശി.
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആത്മാന്വേഷകര്‍ വന്നുപോകുന്നത് ഇവിടെയാണ്. എന്നാല്‍ എന്റെ ഈ തീരത്തിന് ആധുനികതയുടെ ഒരു പ്രൗഢിയുമില്ല. പഴയ ഭാരതീയ ഗ്രാമത്തിന്റെ പരിഛേദം. ക്ഷേത്രത്തിന് ചുറ്റും സ്ഥിതിചെയ്യുന്ന ചെറുചെറു വ്യാപാരസ്ഥലങ്ങള്‍. അതിന്റെ തീരക്കിലൂടെ കടന്ന് ചെല്ലുമ്പോള്‍ കാശി വിശ്വനാഥനെ കാണാം.
യമുനയുടെ അതേ ദുഃഖം എനിക്കുമുണ്ട്. ഇന്ന് നിങ്ങള്‍ കാണുന്ന കാശിവിശ്വനാഥന്റെ ഇരിപ്പിടം അവിടെയല്ല യഥാര്‍ത്ഥത്തിലുള്ളത്. ശ്രദ്ധിച്ച് നോക്കു ശിവന്റെ വാഹനമായ നന്ദി എങ്ങോട്ട് തിരിഞ്ഞാണ് കിടക്കുന്നതെന്ന്. മുഗളാക്രമണകാലത്ത് ക്ഷേത്രം തച്ചുടച്ച് നിര്‍മിച്ച മുസ്ലിം പള്ളിയിലേക്ക് നോക്കിയല്ലേ? ആ പള്ളിക്കുള്ളിലുള്ള കിണറ്റിലാണ് കാശിവിശ്വനാഥന്റെ യഥാര്‍ത്ഥ സ്ഥാനം. എന്നാല്‍ കാശിവിശ്വനാഥന്റെ ഇപ്പോഴത്തെ സ്ഥാനം മഥുരയിലേതുപോലെതന്നെ അഭിമാനം നഷ്ടപ്പെട്ട ഒരു ജനതയുടെ ചരിത്രത്തോടുള്ള മുഖം തിരിഞ്ഞ് നില്‍ക്കലിന്റെ ഫലമാണ്. അതിന് കാവല്‍ നില്‍ക്കുന്നത് എന്റെ മക്കളുടെ മാറ്റാര്‍ക്കും വേണ്ടാത്ത മതേതരത്വബോധവും.
ഇന്നും ചരിത്രത്തിന് പരുക്കേല്‍പ്പിക്കാന്‍ കഴിയാതെ നിലനില്‍ക്കുന്നത് എന്റെ തീരത്തെ സ്നാനഘട്ടങ്ങളാണ്. പതിനെട്ടു സ്നാനഘട്ട(കുളിക്കടവുകള്‍) ങ്ങളുണ്ട് . ഭാരതത്തിന്റെ മുഴുവന്‍ പ്രദേശത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട് ഈ സ്നാനഘട്ടങ്ങള്‍. പതിനെട്ടുഘട്ടുകളില് ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്നത് ഹരിശ്ചന്ദ്രഘട്ടാണ്.
അണയാത്ത ചിതയാണ് ഘട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. സൂര്യവംശ ചക്രവര്‍ത്തിയായിരുന്ന ഹരിശ്ചന്ദ്രന്, ശിവന്റെ പരീക്ഷണത്തില്‍ വിജയിച്ചതിന് പകരമായി നല്കിയ മൂന്ന് ഉറപ്പുകളാണ് ഈ ഘട്ടിനെ വ്യത്യസ്തമാക്കുന്നത്. തന്നെ പരീക്ഷിച്ചതുപോലെ മറ്റാരെയും ഇനി പരീക്ഷിക്കരുത്, നേരമോ കാലമോ നോക്കാതെ ഇവിടെയെത്തുന്ന മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ കഴിയണം, പിന്നെ ഇവിടെവച്ച് മരിക്കുന്നവര്‍ക്ക് മോഷം നല്‍കണം. ഹരിശ്ചന്ദ്രന് ശിവന് നല്കിയ ഈ ഉറപ്പ് എന്റെയിതീരത്തുവച്ചുള്ള മരണത്തേപ്പോലെ മഹത്തരമാക്കുന്നു.
ഭാരതീയരേയും വിദേശികളേയും ഒരുപോലെ ഭക്തിയിലാറാടിക്കുന്ന ഒന്നാണ് തീരത്ത് നടക്കുന്ന ഗംഗാ ആരതി. നദികളുടെ മാതാവായി നിങ്ങള്‍ കാണുന്ന എന്നെയാണ് ആരാധിക്കുന്നതെന്ന് വിശ്വസിക്കുന്നവരും ജലത്തിന്റെ ഉത്ഭവം അഗ്നിയില്‍ നിന്നാണെന്നും അതിനാല്‍ അഗ്നിയെയാണ് ആരാധിക്കുന്നതെന്ന് വിശ്വസിക്കുന്നവരും ഒരുപോലെ എന്റെ തീരത്തെത്തി ഭക്തിയില്‍ ആറാടുന്നു. കാശി ഭക്തിയുടെ കേന്ദ്രം മാത്രമല്ല അറിവിന്റെയും കേന്ദ്രമാണ്. ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റി എന്റെയീതീരത്താണ് സ്ഥിതിചെയ്യുന്നത്.
ഇനി കാര്യങ്ങള്‍ പറയേണ്ടത് ഞാനല്ല, അവളാണ്; സരയു.
ഞാന്‍ സരയു, നിങ്ങളുടെ സപ്തനദി സങ്കല്‍പ്പത്തില്‍ ഞാനില്ല. കാരണം ഭാരതത്തിന്റെ മര്യാദ പുരുഷോത്തമന് ശ്രീരാമന് ദേഹത്യാഗം ചെയ്തത് എന്നിലാണ്. അതിനാല്‍ത്തന്നെ എന്നെ പുണ്യനദികളില്നിന്നും നിങ്ങള്‍ മാറ്റിനിര്‍ത്തി. എന്റെ തീരത്ത് നിങ്ങള്‍ക്ക് പരിചയമുള്ള സ്ഥലം ചിലപ്പോള്‍ അയോദ്ധ്യമാത്രമായിരിക്കും.
അയോദ്ധ്യ, ആര്‍ക്കും ജയിക്കാന്‍ കഴിയാത്തത്, അല്ലെങ്കില്‍ യുദ്ധമില്ലാത്തിടം എന്നൊക്കെയാണ് അതിന് അര്‍ത്ഥം. എന്നാല്‍ ചരിത്രത്തിന് ഈ നാടിന്റെ പേരുമായി യാതൊരു ബന്ധവുമില്ല. ആക്രമണത്തിന്റെയും അതിജീവനത്തിന്റെയും യുദ്ധങ്ങള്‍ നിരവധി നടന്ന ഭൂമിയാണ് ഇന്നിത്. മറ്റൊരു നദിക്കും കാണേണ്ടിവരാത്തത്ര കബന്ധങ്ങള്‍ എന്റെ മാറിലൂടെ ഒഴുകിനടന്നിട്ടുണ്ട്. ത്രേതായുഗത്തില്‍ ഇവിടം സ്വര്‍ഗ്ഗമായിരുന്നു. രാമന്റെ രാജധാനി. എന്നാല്‍ കലിയുഗ ചരിത്രം വ്യത്യസ്തമാണ്. രാമന്റെ ഈ ജന്മഭൂമി കാലാകാലങ്ങളില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആദ്യം ബുദ്ധന്മാരാല്. പിന്നിട് പല വൈദേശികാക്രമണങ്ങളും. എന്നാല്‍ വിക്രമാദിത്യനാല്‍ പുനര്‍ നിര്‍മിക്കപ്പെട്ട രാമക്ഷേത്രം 1527ല്‍ മുഗള്‍ അക്രമിയായ ബാബറിനാല്‍ തകര്‍ക്കപ്പെട്ടു. അവിടെ അദ്ദേഹത്തിന്റെ തന്നെ പേരില്‍ ഒരു പള്ളിയുമുയര്ന്നു; ബാബറി മസ്ജിദ്. പിന്നീടുള്ള ചരിത്രം അഭിമാനത്തിന് ക്ഷതമേറ്റ ഹിന്ദുവിന്റെ ചെറുത്തുനില്‍പ്പിന്റേതാണ്.
1992ല്‍ ഉണര്‍ന്നെണീറ്റ ഹിന്ദുവീര്യം രാമന്റെ വാനരസേനയായി ബാബറിന്റെ ശവകുടീരത്തെ നിലം പതിപ്പിച്ചു. തകര്‍ക്കപ്പെട്ട ശവകുടീരത്തിന് സമീപത്തുതന്നെയായി അയോദ്ധ്യാധിപതിയുടെ കൊട്ടാര നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇന്നും ഇവിടെ രാമനില്ല. രാമന്റെ സിംഹാസനവുമില്ല. 1950 കളില്‍ മലയാളിയായ ജില്ലാഭരണാധികാരി സ്ഥാപിച്ച രാമശിലമാത്രം. നീല പ്ലാസ്റ്റിക് ഷീറ്റിന് താഴെ അയോദ്ധ്യയുടെ ചക്രവര്‍ത്തി തന്റെ പിന്മുറക്കാരുടെ പൗരുഷത്തിനായി കാത്തു നില്ക്കുന്നു.
ഞങ്ങള്‍ മൂന്ന് അമ്മമാരുടെ കഥകള്‍ നിങ്ങള്‍ കേട്ടില്ലെ? അധിനിവേശത്തിന്റെ പാടുകള്‍ പൂര്‍ണ്ണമായി മാഞ്ഞുപോയിട്ടില്ലിന്നേവരെ. ഞങ്ങള്‍ കേള്‍ക്കുന്നു ഇന്ദ്രപ്രസ്ഥത്തിലെ മാറ്റത്തിന്റെ പാഞ്ചജന്യം മുഴങ്ങുന്നത്. ഞങ്ങള്‍ പ്രതിക്ഷിക്കുന്നു, ആഗ്രഹിക്കുന്നു ഞങ്ങളുടെ ഈ മുറിപ്പാടുകള്‍ ഇനിയെങ്കിലും ഉണങ്ങുമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: