കാസര്‍കോട്: സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സ്ഥാപിച്ച സ്റ്റാള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.
പ്രദര്‍ശനത്തിനോടനുബന്ധിച്ച് കമ്മീഷന്റെ സിറ്റിങും സ്റ്റേഡിയത്തില്‍ നടന്നു. ബാലാവകാശകമ്മീഷന്റെ അധികാരങ്ങള്‍ സ്റ്റാളില്‍ വിശദമാക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും വിശദമാക്കിക്കൊണ്ട് കമ്മീഷന് തയ്യാറാക്കായി കൈപ്പുസ്തകം സ്റ്റാളില്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുമ്പോള്‍ സിവില്‍ കോടതിയ്ക്ക് തുല്യമായ അധികാരങ്ങളാണ് കമ്മീഷനുളളത്. ഏത് ഓഫീസില്‍നിന്നും ഏതു രേഖയും വിളിച്ചുവരുത്താനും സാക്ഷിയായി ആരെയും വിളിച്ചുവരുത്തി വിസ്തരിക്കാനും കമ്മീഷന് അധികാരമുണ്ട്.
കുട്ടികളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് അവരുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് സഹായകരമായ തരത്തില്‍ ഗവണ്മെന്റിന് ശുപാര്‍ശ നല്‍കുന്നതും കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുളള ചുമതലയും ബാലാവകാശ സംരക്ഷണ കമ്മീഷനാണുളളത്.
ഇതിനായി ഒരു പ്രത്യേക സെല്‍ തന്നെ കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരീക്ഷണ എന്ന പേരിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനും കമ്മീഷനില്‍ പ്രത്യേക സംവിധാനം പ്രവര്‍ത്തിച്ചുവരുന്നു.
കമ്മീഷന്റെ വെബ്സൈറ്റ് വഴി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണ്‍ലൈനായി പരാതി നല്‍കാനും സംവിധാന മൊരുക്കിയിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വി.പി. പ്രമോദ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍ പി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: