തിരുവല്ല: നഗരത്തില്‍ എംസിറോഡിലെ ടാറിംഗ് മുടങ്ങി. ഏറെക്കാലമായി തകര്‍ന്നുകിടക്കുന്ന എംസിറോഡിലെ കുരിശുകവല മുതല്‍ രാമഞ്ചിറ വരെയുള്ള ഭാഗമാണ് ഇന്നലെ മുതല്‍ ടാറിംഗ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ വെയില് ഇല്ലാതെ മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ നിലയിലായിരുന്നു. ഇടയ്ക്ക് മഴ അല്പമൊന്ന് ചാറിയെങ്കിലും ശക്തമായി പെയ്തില്ല. മഴയത്ത് ടാറിംഗ് നടത്തിയാല്‍ റോഡ് വീണ്ടും പൊളിയുമെന്ന ആശങ്കയെതുടര്‍ന്ന് പണികള്‍ അടുത്തദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇതുകാരണം ഗതാഗതത്തിനും നിയന്ത്രണം ഉണ്ടായില്ല. കാലാവസ്ഥ അനുകൂലമെങ്കില്‍ തിങ്കളാഴ്ച തന്നെ പുനരുദ്ധാരണ ജോലികള്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. നഗരഹൃദയമായ എസ്സിഎസ് ജംഗ്ഷനിലും മറ്റും രൂപപ്പെട്ട വലിയകുഴികള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതുകാരണം കഴിഞ്ഞ കുറെമാസങ്ങളായി നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസും ഏറെ പാടുപെടുകയാണ്.
ഇടക്കാലത്ത് കുഴികള്‍ അടച്ചെങ്കിലും മഴയെതുടര്‍ന്ന് വീണ്ടും റോഡ് പൊളിഞ്ഞ് വിനയായി. ഒരു കിലോമീറ്റര്‍ ഭാഗത്താണ് ഇപ്പോള്‍ എംസിറോഡില്‍ പുനരുദ്ധാരണ ജോലികള്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റുപലയിടങ്ങളിലും തകര്‍ച്ചയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ശബരിമല സീസണ് ആരംഭിക്കും മുമ്പേ റോഡിന്റെ തകര്‍ച്ച പരിഹരിച്ചിരുന്നതാണ്. മഴയത്ത് റോഡിന്റെ പലഭാഗങ്ങളില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടും റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: