ഗുരുവായൂര്‍: പതിവ് തെറ്റിക്കാതെ ഇത്തവണയും ശാരീരിക വൈകല്യങ്ങള്‍ വകവെക്കാതെ കണ്ണന്റെ പ്രിയസഖി കണ്മണി ഭഗവാന്റെ തിരുസന്നിധിയിലെത്തി സംഗീതാര്‍ച്ചന നടത്തി. കരുണചെയ്വാന് താമസംകാട്ടിയ കാര്‍മുഖില്‍ വര്ണ്ണനോട് കരുണ യാചിച്ചെത്തിയ ചെമ്പൈയുടെ പിന്മുറക്കാരിയാണ് താനെന്ന് കണ്ണനോട് യാചന നടത്തിയാണ് ജന്മനാ കാലുകള്‍ക്ക് ശേഷിയില്ലാത്തതും ഇരുകൈകളുമില്ലാത്ത മാവേലിക്കര സ്വദേശിനി കണ്മണി ‘കനിയുമോ കനിവിന് കടലേ’ എന്ന ശ്രീരജ്ഞിനി രാഗത്തില്‍ കണ്ണുനീര്‍പൊഴിച്ച് ഭഗവാന്റെ മുന്നില്‍ ഇന്നലെ സംഗീത പാല്കടല് തീര്‍ത്തത്.
തിരുവിഴ ശിവാനന്ദന് വയലിനിലും തിരുവനന്തപുരം വി.സുരേന്ദ്രന് മൃദംഗത്തിലും, കൊച്ചി വേലായുധന് മുഖര്‍ശംഖിലും പക്കമേളമൊരുക്കി. വിദേശത്ത് ജോലിയുള്ള ശശികുമാറിന്റേയും വീട്ടമ്മയായ രേഖയുടേയും രണ്ടുമക്കളില്‍ മൂത്തവളാണ് ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കണ്മണി. കഴിഞ്ഞ എട്ട് വര്‍ഷമായി വര്‍ക്കല സി.എസ്.ജയറാമിന്റേയും വീണയുടേയും ശിക്ഷണത്തില്‍ സംഗീതമഭ്യസിക്കുന്ന കണ്മണി, മൂന്നാം തവണയാണ് ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത്.
ഇന്നലെ വൈകിട്ട് ആറു മുതല്‍ ഒമ്പതു മണിവരെ നടന്ന സ്പെഷല്‍ കച്ചേരിയില്‍ ബാംഗ്ലൂര്‍ സഹോദരിമാരായ ഹരിണി, ശാരദ എന്നിവരുടേയും, എം.കെ. ശങ്കരന്‍നമ്പൂതിരിയും വായ്പ്പാട്ടും, ട്രിച്ചി ബി.ശിവകുമാറിന്റെ വീണകച്ചേരിയും ആസ്വാദക സദസ്സിന്റെ കണ്ണിനും, കാതിനും കുളിര്‍മയേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: