കൊല്ലം: പിറന്നാള്‍ ദിനത്തിലെ ആഘോഷവും ശിഷ്യഗണങ്ങളുടെ വന്ദനവും ഏറ്റുവാങ്ങി നിറമനസോടെ അഭിഭാഷകന് വരിഞ്ഞം രാമചന്ദ്രന്‍നായര്‍ മറുപടി പറഞ്ഞു. ‘എല്ലാവര്ക്കും നന്ദി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയും ജീവിച്ച തനിക്ക് ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ് മത്സരസ്വഭാവമുള്ള തൊഴിലില്‍ മുന്നോട്ടുപോകാനായത്, വിജയം നേടാനായത്’
73-ാം പിറന്നാള്‍ ദിനത്തില്‍ അഭിഭാഷകവൃത്തിയുടെ അമ്പതാമാണ്ട് ആഘോഷിക്കുന്ന വരിഞ്ഞം രാമചന്ദ്രന്‍നായര്‍ക്ക് ശിഷ്യഗണങ്ങള്‍ ആനന്ദവല്ലീശ്വരം എന്‍എസ്എസ് ഹാളില്‍ ഒരുക്കിയ ഗുരുവന്ദനം പരിപാടിയില്‍ ജസ്റ്റിസ് കെ.ടി.തോമസായിരുന്നു ഉദ്ഘാടകന്‍. വരിഞ്ഞത്തിന്റെ ഏറ്റവും വലിയ സ്വഭാവവൈശിഷ്ട്യം മുഖത്ത് ക്ഷോഭമില്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. എല്ലാവര്ക്കും പ്രചോദനമേകുന്ന ഈ സ്വഭാവം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതാണ്.
തന്റെയും വരിഞ്ഞത്തിന്റെയും ജീവിതകാലയളവില്‍ ഏറ്റവും ശ്രദ്ധേയമായി കാണുന്നത് ക്രിമിനല്‍ നിയമങ്ങളില്‍ സംഭവിച്ച വിപ്ലവകരമായ വ്യതിയാനങ്ങളാണ്.
സാക്ഷികളോടുള്ള നിലപാട് മാറ്റപ്പെടേണ്ടതുണ്ട്. കേസില്‍ സാക്ഷികളായെത്തുന്നവരെ കോടതിയുടെ അതിഥികളായി വേണം സ്വീകരിക്കാന്‍. കോടതിയില്‍ നിന്നുള്ള സമന്‍സ് സാക്ഷികള്‍ക്ക് ക്ഷണപത്രമായി അനുഭവപ്പെടണം. കോടതിയില്‍ അവര്‍ക്ക് മാന്യമായ പെരുമാറ്റം ലഭിക്കണം. രണ്ടുവട്ടം സാക്ഷികള്‍ കോടതിയില്‍ വരുന്ന സാഹചര്യത്തോട് യോജിപ്പില്ല. പൊതുസേവകരായ ഉദ്യോഗസ്ഥര്‍ സാക്ഷികളായ കേസുകളില്‍ ഒരു തവണയില്‍ കൂടുതല്‍ അവരെ കോടതിയില്‍ വിളിച്ചുവരുത്തരുത്. മറ്റെല്ലാ തടസങ്ങളും നീക്കി വിളിച്ചുവരുത്തിയ ദിവസം തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്തേണ്ടതാണ്.
കേസുകളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് വിചാരണയാണ് വിപ്ലവകരമായ ഒരു മാറ്റമായി താന്‍ കാണുന്നത്. വിദൂരത്തുള്ള കക്ഷികളുമായി ഇടപെടാന്‍ കോടതിക്ക് നിഷ്പ്രയാസം ഇതുവഴി സാധിച്ചു. വിവരസാങ്കേതിക രംഗത്തെ നൂതനസാധ്യതകള് നിയമരംഗത്തും ഉപയോഗപ്പെടുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഘോഷസമിതി ചെയര്മാന് അഡ്വ.എം.എ.സലാം അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍, ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്, അഡ്വ.ഇ.ഷാനവാസ്ഖാന്, അഡ്വ.ജമീല ഇബ്രാഹിം, എന്‍.പീതാംബരകുറുപ്പ്, എഡിജിപി ബി.സന്ധ്യ, ബി.രവിപിള്ള, പി.കെ.ഗുരുദാസന് എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു.
ജൂനിയര്‍മാരായി അഭിഭാഷകരംഗത്തേക്ക് കടന്നുവന്ന 156 പേര് വരിഞ്ഞത്തിന് ഗുരുവന്ദനം നടത്തി. പുഷ്പഹാരങ്ങളും പൊന്നാടയും മറ്റും അണിയിച്ചും കച്ചിയിലും പെന്‍സില്‍ ഡ്രോയിഗിലും വരച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കൈമാറിയും ചെറിയ ഉപഹാരങ്ങള്‍ സമര്‍പിച്ചും ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ തൊട്ടുവണങ്ങി. പൗരപ്രമുഖരും വിവിധ രാഷ്ട്രീയസാമൂഹ്യ സാംസ്കാരികരംഗങ്ങളിലെ വ്യക്തിത്വങ്ങളും വരിഞ്ഞത്തിന് ആശംസകളറിയിച്ചു.
ഗുരുവന്ദനത്തിന് ശേഷം ഭാര്യ ഉമാദേവിയോടൊപ്പം പിറന്നാള്‍ കേക്ക് മുറിച്ചു. സഹപ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പ്രസംഗിക്കുന്നത് സാകൂതം വീക്ഷിച്ചശേഷം ഒടുവിലാണ് അഡ്വ.വരിഞ്ഞം രാമചന്ദ്രന്‍നായര്‍ നന്ദി പ്രസംഗം നടത്തിയത്. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും പിന്നീട് വിഭവസമൃദ്ധമായ പിറന്നാള്‍സദ്യയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: