ഈശ്വരനെ ആരാധിക്കുവാനുള്ള അവകാശം വരേണ്യ വര്ഗ്ഗത്തിനുമാത്രമുള്ളതാണെന്ന് ചിന്തിച്ചവര്ക്കിടയില് ആ കീഴ്വഴക്കത്തെ പാടെ അവഗണിച്ചുകൊണ്ട് സ്വന്തം കുടുംബക്ഷേത്രം തന്നെ താഴെത്തട്ടിലുള്ളവര്‍ക്ക് തുറന്നു നല്കി മാതൃകകാട്ടിയ വ്യക്തിയായിരുന്നു പുല്ലേരി ഇല്ലത്ത് മധുസൂദനന് തങ്ങള്‍.
മട്ടന്നൂര്‍ എന്ന ദേശത്തിന്റെ മഹിമയുടെ കാരണഭൂതനായ മഹദ് വ്യക്തിയായും പുല്ലേരി ഇല്ലത്തെ അവസാനത്തെ കണ്ണിയായ ഇദ്ദേഹം അറിയപ്പെടുന്നു.
1970 നവംബര്‍ ഒന്നാം തിയതിയാണ് അദ്ദേഹം ഇഹലോകം വെടിഞ്ഞത്. പഴയ മലബാര്‍ ജില്ലയില്‍ കോട്ടയം താലൂക്ക്(ഇന്നത്തെ തലശ്ശേരി താലൂക്ക്) നാടുവാഴി ബ്രാഹ്മണ കുടുംബങ്ങളായ തങ്ങള്‍ സമുദായക്കാരുടെ സങ്കേതങ്ങളായിരുന്നു. അവയില്‍ മുഖ്യമായ മട്ടന്നൂരിലെ പല്ലേരി ഇല്ലം മധുസൂദനന് തങ്ങളുടെ ജനനംകൊണ്ട് പ്രശസ്തമായിത്തീര്‍ന്നു. 117 വര്‍ഷം മുമ്പ് ഭൂജാതനായ അദ്ദേഹത്തിന്റെ ജന്മഗൃഹം 44 വര്‍ഷം മുമ്പ് അദ്ദേഹം മണ്മറഞ്ഞതോടെ അനാഥമായി. പൊളിച്ചുമാറ്റിയ പഴയനാലുകെട്ടിന്റെ നഷ്ടാവശിഷ്ടവും കുളവും സര്പ്പക്കാവുമടങ്ങുന്ന ചെറിയ ഒരു പുരയിടം മാത്രമേ അവശേഷിക്കുന്നുള്ളു.
അദ്വൈത വേദാന്തിയായിരുന്ന തങ്ങള്‍ ശ്രീശങ്കരന്റെ കാലടികള്‍ പിന്തുടര്ന്നുവന്നു. കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അദ്ദേഹം. ഭാരതത്തിലെ പുണ്യപുരാതന ക്ഷേത്രങ്ങളിലെല്ലാം തീര്‍ത്ഥാടനം നടത്തിയിട്ടുമുണ്ട്. പരിപക്വമതിയായ അദ്ദേഹത്തിന് കാലടിയില്‍ നടന്ന ഒരു സര്വ്വമതസമ്മേളനത്തില് അദ്ധ്യക്ഷപദം അലങ്കരിക്കാനും അവസരം ലഭിച്ചിരുന്നു. അദ്ദേഹം നേടിയ ഖ്യാതിമൂലം യോഗക്ഷേമ സഭയുടേയും ഗുരുവായൂര്‍ ഹിന്ദുമത സമ്മേളനങ്ങളുടെയും അഗ്രിമസ്ഥാനം ലഭിക്കുകയുണ്ടായി.
ഭാരതകേസരി മന്നത്തു പത്മനാഭനെപ്പോലെ വേദാന്ത കേസരിയായ തങ്ങള്‍ മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളേജിന്റെ സ്ഥാപകരും സമശീര്ഷരുമായിരുന്നു. വന്ദ്യവയോധികനായ വാഴോന്നത്തിന്റെ മാസ്മര ജാലവിദ്യയും കലാമണ്ഡലം കഥകളിയരങ്ങും വള്ളത്തോള്‍ പ്രഭൃതികളുടെ സാഹിതീസപര്യയും മഹാദേവ ക്ഷേത്രമഹോത്സവം പോലെ ക്ഷേത്രാങ്കണത്തെ നിത്യോത്സവം കൊണ്ടു ചൈതന്യ ധന്യമാക്കിയതു അസ്മാദൃശരുടെ കുട്ടിക്കാലത്തെ മധുര സ്മരണകളായി എന്നും നിലനില്ക്കും.
പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറില്‍ നിന്നും മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു മലബാറിന്റെ പ്രതിനിധിയായി തീര്‍ന്നു അദ്ദേഹം. നമ്പൂതിരി ബില്‍ അവതരിപ്പിച്ചു പാസാക്കിയെടുത്തത് തമിഴിലുള്ള പ്രാവീണ്യവും സമുദായ സേവനത്തിനുള്ള ഔത്സുക്യവും കൊണ്ടാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പാണ് മധുസൂദനന് തങ്ങള്‍ കുടുംബ ക്ഷേത്രമായ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം സര്‍വ ഹിന്ദുക്കള്‍ക്കുമായി തുറന്നു നല്കി ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: