രാത്രിമഴ
തോരാതിരുന്നെങ്കില്‍..
ഓര്‍മ്മകളെ വാരിപ്പുതച്ച്
ഉറക്കത്തിലേക്ക്
മെല്ലെ വഴുതാമായിരുന്നു..
നേര്..
ആത്മാവിനെപ്പോലും
ദഹിപ്പിച്ച ചൂടില്‍
ദേഹം
മഷിത്തണ്ടുപോലെ
തളര്‍ന്നിരുന്നു..
ഇപ്പോള്‍
ഏറെ പ്രിയമാകുന്നു
ഈ രാത്രിമഴ..
ജനാലക്കപ്പുറം
വേപ്പുമരങ്ങള്‍
നനഞ്ഞുവിറക്കുന്നു..
കാറ്റില്‍,
ഗതികെട്ട് മഴത്തുള്ളികള്‍ക്ക്
താളം പിഴക്കുന്നു.
വഴിപിഴച്ച ദിനരാത്രങ്ങള്ക്കിടെ
ഒരുസുകൃതം
വീണു കിട്ടിയപോലെ..
അതെ,
ആടിത്തളര്ന്നും വിയര്‍ത്തും
അവള് വന്ന് തൊട്ടുനിന്നപോലെ..
പെയ്തൊഴിയല്ലേ രാത്രിമഴയേ..
ഉറക്കച്ചുവടാര്‍ന്ന,
വിയര്‍പ്പുഗന്ധം വമിക്കുന്ന
നിശ്വാസങ്ങളെ
കടലാസു തോണിപോല്
മഴയത്തേക്കുവിട്ട്
ഇന്നു ഞാന്‍ ഉറങ്ങട്ടെ..
അതിന്മുന്പ്
പുതുമഴയിലെയാ പഴഗന്ധം
ഒന്ന് തിരിച്ചറിയട്ടെ.
മണ്ണിന്റെ ഗര്‍ഭഗൃഹം വിട്ട്
മുളക്കാന്‍ കൊതിക്കുന്ന വിത്തിന്റെ
ആത്മഹര്‍ഷങ്ങളെ..പിന്നെ സ്വപ്നങ്ങളെ
മനസ്സാല്സ്മരിച്ച് തെല്ലുനില്ക്കട്ടെ..
നീ പെയ്തൊഴിയല്ലേ..
വരണ്ടുണങ്ങി മണ്ണിന്റെ
വന്യതയിലേക്കാണ്
രാത്രിമഴ കിനിയുന്നതെങ്കിലും
കാലദേശാന്തരങ്ങള്‍ക്ക്
അപ്പുറമോ ഇപ്പുറമോ ആണ്
മഴയറിഞ്ഞ് നില്ക്കുന്നതെങ്കിലും
മഴയെ മഴയായി ഏറ്റുവാങ്ങട്ടെ…
പെയ്തൊഴിയല്ലേ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: