കേരളത്തിലെ സംഘ സ്വയംസേവകരുടെ തലമൂത്ത കാരണവന്മാരില് പ്രമുഖനായിരുന്നു കഴിഞ്ഞയാഴ്ച ഇഹലോകവാസം വെടിഞ്ഞ രാമചന്ദ്രന് കര്‍ത്താ എന്ന എല്ലാവരുടേയും കര്‍ത്താ സാര്‍.
ശരിക്കും ഒരു നാടന്‍ കാരണവരെപ്പോലെതന്നെ അദ്ദേഹം ഓരോ കാര്യത്തേയും സ്വയംസേവകരുടെ ചലനത്തേയും, വാക്കിനേയും ശ്രദ്ധിച്ചുവന്നു. അതിനെപ്പറ്റിയുള്ള തന്റെ അഭിപ്രായം അപ്പോള്‍തന്നെ പറയുകയും ചെയ്തു, ആളെ ഒട്ടും നോവിക്കാതെ എന്നാല്‍ വ്യക്തമായിത്തന്നെ.
അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. ഒന്‍പത് പതിറ്റാണ്ടുകളോളം സാര്‍ത്ഥകമായ ജീവിതം നയിച്ച കര്‍ത്താ സാറിന്റെ വിയോഗം അപ്പോള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നില്ലെന്നു സാരം.
എറണാകുളം ശാഖയുടെ ശ്രീ ഗുരുദക്ഷിണ ഉത്സവത്തില്‍ മുഖ്യ സംഘാധികാരി പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവതും മുഖ്യാതിഥിയായി, പരമോന്നത നീതിപീഠത്തിലെ മുന്‍ ന്യായാധിപന് കെ.ടി. തോമസും പങ്കെടുത്ത വേളയില്‍ ടിഡിഎം ഹാളില്‍ ഹാജരായപ്പോഴാണ് കര്‍ത്താ സാറിനെ ഒടുവില്‍ കണ്ട് സംസാരിച്ചത്. തോമസിന്റെ അന്നത്തെ പ്രസംഗത്തില്‍ തൃശ്ശിവപേരൂരില്‍ ജില്ലാ ജഡ്ജിയായിരുന്ന എ.ആര്. ശ്രീനിവാസനില്‍ നിന്നാണ് സംഘത്തെപ്പറ്റി ശരിയായ ധാരണ ഉണ്ടായതെന്നും ഗാന്ധിഹത്യയെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന ധാരണകള്‍ മാറിയതെന്നും പറഞ്ഞിരുന്നു.
ആ പ്രസംഗം സംഘവിരുദ്ധ മാധ്യമങ്ങളെല്ലാം തന്നെ കുറേ ദിവസങ്ങള്‍ ആഘോഷപൂര്‍വ്വം എടുത്ത് ചര്‍ച്ച ചെയ്തു പന്തുകളിച്ചു. തോമസിന്റെ അഭിപ്രായത്തെ കര്‍ത്താ സാര്‍ ആസ്വദിച്ചതിന്റെ ചിത്രം മനസ്സില്‍ തങ്ങിനില്ക്കുന്നു.
കര്ത്താസാറുമായി അടുത്തു പെരുമാറാന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞങ്ങളിരുവരും തിരുവനന്തപുരത്തെ പുത്തന്‍ചന്ത ശാഖയുടെ സൃഷ്ടികളാണെന്നു വേണമെങ്കില്‍ പറയാം. ഞാന്‍ അവിടെ 1951-ല്‍ എത്തുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ കര്‍ത്താ സാര്‍ പ്രചാരകനായി തലശ്ശേരിയിലേക്ക് പോയിരുന്നു. അദ്ദേഹവും പരമേശ്വര്‍ജിയും ഒരേ കാലത്ത് സ്വയംസേവകരും പ്രചാരകന്മാരുമായി എന്ന് മനസ്സിലാക്കി.
ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ഇരുവരും അവിടെ ഇല്ലെങ്കിലും അവരുടെ പ്രഭാവം ശാഖ അന്തരീക്ഷത്തില്‍ അലതല്ലിയിരുന്നു. പരമേശ്വര്‍ജിയുടെ കവിത്വവും, ബൗദ്ധിക പ്രതിഭയും കര്‍ത്താസാറിന്റെ പ്രസന്നമായ നര്‍മ്മബോധവും അവരുടെ ഒപ്പമുണ്ടായിരുന്ന വി.എസ്. ഭാസ്കരപ്പണിക്കരുടെ കവിതയും വായിക്കാന്‍ കഴിഞ്ഞു. അക്കൂട്ടത്തില്ത്തന്നെയായിരുന്ന സംസ്കൃത കോളേജ് വിദ്യാര്‍ത്ഥി എം.എ. കൃഷ്ണന്റെയും സ്ഥാനം. കര്‍ത്താസാറിന്റെ നിര്യാണ വാര്‍ത്തയറിഞ്ഞ പണിക്കരുചേട്ടന് ഫോണില്‍ വിളിച്ച് ഗദ്ഗദകണ്ഠനായി അക്കാലത്തെ അനുസ്മരിച്ചു.
മുന്‍ പ്രാന്തപ്രചാരക് ഭാസ്കര്‍ റാവുജിയുടെ ജീവിതചരിത്രം തയ്യാറാക്കാനുള്ള ശ്രമത്തിനിടെ കര്‍ത്താസാറിനെ സമീപിച്ചപ്പോള്‍ ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തിന്റെ വസതിയായ ചേരാനെല്ലൂരിലെ അകത്തൂട്ടുമഠത്തില് താമസിച്ച് സംസാരിച്ചിരുന്നു. അന്ന് ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഇല്ലായിരുന്നു. അന്‍പതും അറുപതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭാഷണങ്ങള്‍ അതേ പുതുമയോടെയാണ് പറഞ്ഞത്. സര്‍സംഘചാലക് ആകുന്നതിനുമുമ്പ് ശ്രീ ഗുരുജി ഇംഗ്ലീഷിലാക്കിയ വി ഓര് ഔവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ് എന്ന പുസ്തകത്തിലെ ആദ്യവരികള്‍ അദ്ദേഹം ഉദ്ധരിച്ചു. ഇത്രയേറെ കാണാപ്പാഠമായതെങ്ങനെയെന്ന് അത്ഭുതപ്പെട്ടുപോയി. അര നൂറ്റാണ്ടായി പ്രചാരത്തിലില്ലാത്ത ആ പുസ്തകത്തെ വിമര്‍ശിച്ചുകൊണ്ട് ഷംസുല്‍ ഇസ്ലാം എന്നയാള്‍ ഈയിടെ പുറത്തിറക്കിയ പുസ്തകത്തില്‍ അതിന്റെ മുഴുവന്‍ ഫോട്ടോസ്റ്റാറ്റ് കൊടുത്തിട്ടുണ്ട്.
കര്‍ത്താ സാര്‍ ഉദ്ധരിച്ച വാചകങ്ങള്‍ അതേപടി അതില്‍ കാണാന്‍ കഴിഞ്ഞു. അക്കാലത്ത് 1950 ന് മുമ്പ് പ്രാന്തപ്രചാരകനായിരുന്ന ദാദാജി പരമാര്‍ത്ഥിന്റെ പടക്കം പൊട്ടുന്നതുപോലത്തെ ഇംഗ്ലീഷ് പ്രസംഗങ്ങളും അദ്ദേഹം അതേ രീതിയില്‍ പറഞ്ഞു. ആര്‍എസ്എസ് ഈസ് ആന്‍ ഓര്ഗനൈസേഷന് ഫോര്‍ ദ ഹിന്ദു നേഷന്‍ എന്നു തുടങ്ങിയ വാചകങ്ങള്‍ കര്‍ത്താ സാര്‍ പറഞ്ഞുതുടങ്ങി.
കര്‍ത്താസാറിന്റെ പിന്‍ഗാമിയായിട്ടാണ് ഞാന്‍ പ്രചാരകനായി തലശ്ശേരിയില്‍ എത്തിയത്. എനിക്ക് മുമ്പ് അവിടെ പ്രചാരകനായി ശ്രീകൃഷ്ണശര്‍മ്മ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ തലശ്ശേരി സ്വയംസേവകരുടെ മനസ്സില്‍ കര്‍ത്താസാര്‍ നിറഞ്ഞുനിന്നു. സ്വയംസേവകരില്‍ മാത്രമല്ല അവരുടെ വീടുകളിലും അങ്ങനെതന്നെ. അക്കാലത്ത് തലശ്ശേരിയില്‍ മനോഹരമായി ഗണഗീതം പാടുന്ന രാമദാസ് എന്ന സ്വയംസേവകനുണ്ടായിരുന്നു. തലശ്ശേരിയില്‍ പാട്ടുകാര്‍ക്ക് ഒരിക്കലും കുറവ് ഉണ്ടായിരുന്നില്ല. വിഭാഗ് സംഘചാലക് സി. ചന്ദ്രേട്ടനും സഹോദരന്മാരും ഇന്നും സ്വരസിദ്ധി കൈവിടാതെയുണ്ട്. തലായി കടപ്പുറത്തും സാഗര സംഗീതത്തിന്റെ മാറ്റൊലിയെന്നപോലെ ഒന്നാംതരം പാട്ടുകാരുണ്ടായിരുന്നു. രാമദാസിന്റെ അച്ഛന് നാരായണന് നായര്‍ ഭാഗവതര്‍ കഥകളി സംഗീതത്തിലും കര്‍ണ്ണാടക സംഗീതത്തിലും അതീവ നൈപുണ്യമുള്ളയാളായിരുന്നു. സംഘചാലകായിരുന്ന അടിയോടി വക്കീലിന്റെ മകളെ സംഗീതം പഠിപ്പിക്കാന്‍ വരുമ്പോള്‍ ഭാഗവതരുമായി പരിചയപ്പെട്ടു.
കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം കുശലാന്വേഷണത്തിനിടയില്‍ ഞാന്‍ പ്രചാരകനാണെന്നും തൊടുപുഴക്കാരനാണെന്നും അറിഞ്ഞപ്പോള്‍ കര്ത്താസാറിനെപ്പറ്റി അന്വേഷിച്ചു. കര്‍ത്താ സാറിന് സംഗീതാസ്വാദനത്തിന് നല്ല കഴിവുണ്ടെന്ന് പറഞ്ഞു.
പ്രചാരക ജീവിതം അവസാനിപ്പിച്ച് ഗൃഹസ്ഥനായശേഷം കര്ത്താസാറിന് വില്‍പ്പന നികുതി വകുപ്പില്‍ ജോലി കിട്ടി. ജോലിയുടെ ആദ്യ വര്‍ഷങ്ങളിലെ പലപ്പോഴായുള്ള സ്ഥലംമാറ്റങ്ങള്‍ക്ക് ശേഷം കണ്ണൂരിലെത്തി. കുടുംബസമേതം അവിടെയെത്തിയത് തളിപ്പറമ്പിലെ സംഘമന്ദിരമെന്ന കാര്യാലയത്തിലാണ്. ഞാന്‍ അന്ന് അവിടെ അന്തേവാസിയാണ്. ധര്‍മ്മപത്നി ശാരദ കുഞ്ഞമ്മയും മക്കള്‍ ഗിരിജയും സതീശനും ഒരുമിച്ച് ഏതാനും ദിവസം കാര്യാലയത്തില്‍ താമസിച്ചു. അവിടുത്തെ അസൗകര്യങ്ങള്‍ എത്ര സന്തോഷത്തോടെയാണ് അനുഭവിച്ചത് എന്ന് പറയുവാന്‍ വയ്യ. കാര്യാലയത്തില്‍ കുടുംബസമേതം താമസിച്ച ആദ്യത്തെ ആളാവും ഒരുപക്ഷേ കര്‍ത്താസാര്‍.
കണ്ണൂര്‍ മുതല്‍ പേരാമ്പ്ര വരെ വിസ്തൃതമായ ഒരു പ്രദേശം മുഴുവന്‍ അഞ്ചുവര്‍ഷക്കാലം കര്‍ത്താസാറിന്റെ കാര്യക്ഷേത്രമായിരുന്നു. ഇന്നത്തെപ്പോലത്തെ യാത്രാസൗകര്യങ്ങള്‍ വിദൂരസ്വപ്നം പോലുമല്ലാതിരുന്ന അന്നത്തെ കാലത്ത് തോടും പുഴകളും നീന്തി പാടവരമ്പുകളിലൂടെയും കണ്ട ഇടവഴികളിലൂടെയും മൈലുകള്‍ നടന്ന് ഓരോ ഗ്രാമങ്ങള്‍ കണ്ടെത്തി സംഘത്തിന്റെ ദീപം കൊളുത്തിയത് വിസ്മയാവഹം തന്നെ. അവിടുത്തെ വീടുകളില്‍ കര്‍ത്താസാര്‍ ഒരു വിഗ്രഹം തന്നെയായിരുന്നു. അദ്ദേഹം പൊട്ടിക്കുമായിരുന്ന തമാശകള്‍ അവരെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. തികച്ചും സാധാരണ കൃഷീവലന്മാരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു അവര്‍.അവിടുത്തെ ചന്തുവും ചാത്തുവും കേളപ്പനും കുമാരനും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തെപ്പറ്റി സംസാരിക്കുന്നു.
മേപ്പയ്യൂരിനടുത്ത് കാരയാട് എന്ന ഗ്രാമം മുഴുവന്‍ തന്നെ കര്‍ത്താസാറിന്റെ കാലത്ത് സംഘത്തില്‍ അണിനിരന്നു. ഈയിടെ അവിടുത്തെ സ്വയംസേവകന്റെ മകനെ കാണാനിടയായപ്പോള്‍ പഴയ തലമുറക്കാര്‍ കര്‍ത്താസാറിന്റെ കാലം അയവിറക്കുന്ന വിവരം പറഞ്ഞു. ടി.കെ. മാധവന്, കര്‍ത്താ സാറിനെ വീട്ടില്‍ ചെന്ന് കാണുകയും ചെയ്തു.
ശാഖകളിലും ശിബിരങ്ങളിലും ബൈഠക്കുകളും കലാപരിപാടികളും മറ്റും നടത്തുന്നതില്‍ അദ്ദേഹത്തിന്റെ കൗശലം പ്രകടമായിരുന്നുവെന്ന് പലരും ഓര്‍ക്കുന്നു. 1950 കളില്‍ കോഴിക്കോടിനടുത്ത് ബേപ്പൂരില്‍ നടന്ന ബാലശിബിരത്തില്‍ കര്‍ത്താ സാറിന്റെ കലാപരിപാടികള്‍ ഓര്‍ക്കുന്നവര്‍ ഇന്ന് വൃദ്ധന്മാരായി. അദ്ദേഹത്തിന്റെ തമാശകള്‍ കേള്‍ക്കാന്‍ ബാല സ്വയംസേവകര്‍ പിന്നാലെ കൂട്ടമായി നടക്കുമായിരുന്നത്രേ.
പൂജനീയ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും സ്വയംസേവകര്‍ ബസുകളിലാണ് പോയത്. കര്‍ത്താസാറിന്റെ അടുത്ത സീറ്റാണ് എനിക്ക് കിട്ടിയത്. ആറുദിവസത്തെ ആ ഒരുമിച്ചുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്ര, മഹാരാഷ്ട സംസ്ഥാനങ്ങളിലൂടെ പോകുമ്പോള്‍ ഓരോ സ്ഥലത്തിന്റെയും സവിശേഷതകള്‍ വിവരിച്ചുതരുമായിരുന്നു. ചരിത്ര വിജ്ഞാനം അസൂയാവഹമായിരുന്നു. രാവിലെ നാലുമണിക്ക് തന്നെ ഉണര്‍ന്നു, പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ചു. തങ്ങിയ സ്ഥലത്തിനടുത്ത് ചൂടുചായ കിട്ടുമോ എന്നന്വേഷിച്ചു ഞങ്ങള്‍ നടക്കുമായിരുന്നു. അതിനിടയില്‍ ഹൗസ് ഇന്‍ ലാ എന്ന രസകരമായ പ്രയോഗം അദ്ദേഹം നടത്തി.
തന്റെ കുടുംബമായ മീനച്ചില്‍ കര്ത്താക്കന്മാര് പൂര്‍വ്വികമായി സൂര്യവംശ ക്ഷത്രിയരായിരുന്നുവെന്നും അവരുടെ പൂര്‍വ്വികര്‍ ഏതോ അതീതകാലത്തെ പ്രതിസന്ധിയില്‍ സ്വന്തം നാടുവിട്ട് കേരളത്തില്‍ എത്തിയതാണെന്നും പറഞ്ഞു. മേവാര്‍ എന്ന പൂര്‍വ്വിക സ്ഥലത്തിന്റെ പേര് അവിടത്തിന് നല്കി, അതിന്ന് മേവട എന്ന് പരിണമിച്ചതാണെന്നും ഐതിഹ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസമൂഹങ്ങളുടെ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലും പലായനവും കുടിയേറ്റവും ഉണ്ടായി എന്നും ചരിത്രം പറയുന്നുണ്ടല്ലോ. വടക്കന്‍ കോട്ടയം രാജവംശത്തിനും അങ്ങനെ ഐതിഹ്യമുണ്ട്. ചിറയ്ക്കല്‍ രാജവംശവും വേണാട് വംശവും ഭൃഗുകച്ഛത്തില് നിന്നും വന്നവരാണെന്ന് മൂഷികവംശം എന്ന സംസ്കൃത കൃതിയിലുണ്ടത്രെ. അത് സംബന്ധമായ ചരിത്രാന്വേഷണം ആവശ്യമാണെന്ന് കര്‍ത്താ സാറിന് അഭിപ്രായമുണ്ടായിരുന്നു.
അതുല്യ പ്രതിഭാ സമ്പന്നനും അത്യന്തം ഹൃദയംഗമത പുലര്‍ത്തിയവനും ഓരോ അംഗുലത്തിലും ആഭിജാത്യം സ്ഫുരിക്കുന്ന പെരുമാറ്റത്തിന്നുടമയുമായിരുന്നു നമ്മുടെ കര്‍ത്താ സാര്‍. ഒരിക്കലും വിസ്മരിക്കാനാവാത്ത പ്രകൃതക്കാരന് കര്‍ത്താ സാറിന്റെ സ്മരണയ്ക്ക് മുന്നില്‍ തല കുനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: