ദുബായ്: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് സമനില പൊരുതിപ്പിടിച്ചു. അഞ്ചാം ദിനം 261 എന്ന ലക്ഷ്യം നേടിയ പാക് പട ഒരു ഘട്ടത്തില്‍ പതറിയെങ്കിലും പരാജയത്തിലേക്ക് വഴുതിവീണില്ല. ഇതോടെ പരമ്പരയില്‍ 1-0 എന്ന മുന്‍തൂക്കം പാക്കിസ്ഥാന് നിലനിര്‍ത്തി. സ്കോര്‍; ന്യൂസിലാന്റ്- 403, 9ന് 250 ഡിക്ല..പാക്കിസ്ഥാന്- 393, 5ന് 196.
നാലു വിക്കറ്റിന് 75 എന്ന നിലയില്‍ വിരണ്ട പാക്കിസ്ഥാനെ ആസാദ് ഷഫീഖിന്റെ (41 നോട്ടൗട്ട്) പ്രതിരോധം താങ്ങിനിര്‍ത്തുകയായിരുന്നു. യൂനിസ് ഖാനു(44)മൊത്ത് 74 റണ്‍സ് ചേര്‍ത്ത ഷഫീഖ് സര്‍ഫ്രാസ് അഹമ്മദു (24നോട്ടൗട്ട്)മായുണ്ടാക്കിയ ചെറുസഖ്യത്തിലൂടെ കിവികളുടെ വിജയമോഹത്തിന് ആത്യന്തികമായി തടയിട്ടു. നായകന് മിസ്ബ ഉല് ഹക്ക് (0) നിറംമങ്ങിയതാണ് പാക് ടീമിന്റെ സ്ഥിതി പരുങ്ങലിലാക്കിയത്.
ബ്ലാക്ക് ക്യാപ്സിനുവേണ്ടി ട്രന്റ് ബൗള്‍ട്ടും മാര്‍ക്ക് ക്രെയ്ഗും രണ്ടു വിക്കറ്റുകള്‍ വീതം പിഴുതു. ടിം സൗത്തി ഒരിരയെ കണ്ടെത്തി. നേരത്തെ, റോസ് ടെയ്ലറുടെ (104) സെഞ്ച്വറിയുടെ കരുത്തില്‍ ന്യൂസിലാന്റ് ഭേദപ്പെട്ട ലക്ഷ്യം ഉയര്‍ത്തി. ക്രെയ്ഗ് 34ഉം സൗത്തി 20ഉം റണ്‍സ് വീതം നേടി. യാസിര്‍ ഷായും (5) സുള്‍ഫിക്കര്‍ ബാബറും (4) വിക്കറ്റ് വീതംവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: