തൃശൂര്‍: ക്രിമിനല്‍-ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം മുഖം നഷ്ടപ്പെടുത്തിയിരുന്ന ജില്ലാ പോലീസിന് താത്കാലികാശ്വാസമായി കണിമംഗലത്തെ പ്രതികളുടെ അറസ്റ്റ്. അടുത്തിടെ കവര്‍ച്ചയും കൊലപാതകങ്ങളും പിടിച്ചുപറിയും നിരന്തരം അരങ്ങേറിയത് പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് കവര്‍ച്ചക്കിടെ ഗൃഹനാധന് കൊല്ലപ്പെടുന്നതും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും പോലീസിനെതിരെ രംഗത്തെത്തുകയും ചെയ്തു. അപ്രതീക്ഷിതമായി പ്രതികള്‍ പോലീസിന്റെ പിടിയിലായത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതും സഹായകമായി.
അടുത്തിടെ നിരവധി അക്രമങ്ങളാണ് ജില്ലയില്‍ നടന്നത്. പലതിലും തുമ്പ് കിട്ടാതെ ഇരുട്ടില്‍ത്തപ്പുന്ന അവസ്ഥയിലാണ് പോലീസ്. കണിമംഗലത്തെ കൊലപാതകം നടന്ന ദിവസം തന്നെയാണ് നാട്ടികയില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ യുവാവ് ഗുണ്ടാ ആക്രമണത്തില്‍ മരിച്ചത്. പിറ്റേദിവസം ആറാട്ടുപുഴയില്‍ പട്ടാപ്പകല്‍ വയോധികയുടെ കാത് മുറിച്ച് ആഭരണം കവര്‍ന്ന വാര്‍ത്തയുമെത്തി. ഒരിക്കല്‍ നഗരത്തെ ഭീതിയിലാഴ്ത്തിയിരുന്ന ഗുണ്ടാ വിളയാട്ടം ആവര്‍ത്തിക്കപ്പെടുകയാണെന്ന ഭയമാണ് ഇതുണ്ടാക്കിയത്.
ഏതാനും ദിവസം മുന്‍പ് പേരാമംഗലത്ത് നവവധുവിനെ വീട്ടില്‍ കയറി അക്രമിച്ച കേസിലും ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. പറപ്പൂര് പോന്നോര് ചവറാട്ടില്‍ വീട്ടില്‍ നീതു (18) വിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തത്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്. കഞ്ചാവ് മാഫിയകളും നഗരത്തില്‍ സജീവമാണ്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഇതിനിരയായിട്ടും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പോലീസിന്റെ അനാസ്ഥയാണ് കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമെന്നാണ് ആക്ഷേപം. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ല. ബാഹ്യസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസുകള്‍ അട്ടിമറിക്കപ്പെടുന്നു. പോലീസ് സേനക്കൊന്നാകെ നാണക്കേടുണ്ടാക്കുന്ന ആരോപണങ്ങളാണ് ഇപ്പോഴുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: