പത്തനംതിട്ട: പ്ലാസ്റ്റിക് രഹിത ശബരിമല ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പ്ലാപ്പള്ളിയില്‍ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തും. പ്ലാസ്റ്റിക് ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള യൂണിഫോം വിതരണം ചെയ്ത കാനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസ് ജനറല്‍ മാനേജര്‍ യു.രമേശ്കുമാര്‍, തുണി സഞ്ചികള്‍ നല്കിയ ഈസ്റ്റേണ്‍ ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടര്‍ എം.ഇ.മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
അയല്‍ക്കൂട്ട പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം റാന്നി-പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.സുധാകരന് വിതരണം ചെയ്യും. സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി.വര്‍ഗീസ് അയല്‍കൂട്ട പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കും.
ശബരിമല പൂങ്കാവനത്തെ പ്ലാസ്റ്റിക് രഹിതമാക്കുക എന്ന ലക്ഷ്യത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതി ജില്ലയിലെ പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ്. ഓരോ കുടുംബശ്രീ സിഡിഎസുകളില്‍ നിന്നും 20 പേര് ബോധവത്ക്കരണത്തിനായി ദിവസവും എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: