പുസ്തകോത്സവം എന്ന വാക്ക് തന്നെ ഒരുപാട് സന്തോഷം തരുന്നു. കുട്ടികളെയും പുസ്തകങ്ങളെയും ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? അപ്പോള്‍ അത് രണ്ടും സമ്മേളിക്കുന്ന അനുഭവം ഹൃദ്യമാകാതെ വരില്ലല്ലോ. അതുകൊണ്ട് ഏറെ പ്രതീക്ഷകളോടെത്തന്നെയാണ് കുട്ടികളുടെ പുസ്തകോത്സവുമായി യാത്ര തുടങ്ങിയത്. എന്നാല്‍ പലപ്പോഴും പ്രതീക്ഷയ്ക്കുമപ്പുറം സന്തോഷം തരുന്നതായിരുന്നു അനുഭവങ്ങള്‍.
വായനയെക്കുറിച്ച് എപ്പോഴും കേള്‍ക്കുന്ന വാക്കാണ് വാനയ മരിക്കുന്നു എന്നത്. എന്നാല്‍ കുട്ടികളുടെ പുസ്തകോത്സവം നല്കിയ അനുഭവം തികച്ചും വിഭിന്നമാണ്. വായന എക്കാലവും ഒരു ലഹരിയാണ്. അതിന്റെ വീര്യം കുറയുന്നതേയില്ല. മുന്‍ തലമുറയ്ക്ക് അറിവ് നേടാന്‍ മറ്റ് മാധ്യമങ്ങളില്ലായിരുന്നു. ഇന്ന് അവസ്ഥ മാറി. വിജ്ഞാനത്തിന്റെ വിശാലമായ ലോകം തുറക്കാന്‍ ഒരു വിരല്ത്തുമ്പുമതി. സ്വാഭാവികമായും തിരക്കേറിയ ജീവിതയാത്രയില്‍ റഫറന്‍സിനുവേണ്ടി എല്ലാവരും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. ഒരു ഗ്രന്ഥം മറിച്ച് നോക്കി ആവശ്യമുള്ളത് കണ്ടെത്താനെടുക്കുന്ന സമയത്തിന്റെ നാലില്‍ ഒന്നുപോലും വേണ്ടിവരില്ല നെറ്റില്‍ സെര്‍ച്ച് ചെയ്യാന്‍. അതുകൊണ്ടുതന്നെ റഫറന്‍സിനുവേണ്ടിയുള്ള വായന കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ പൊതുവെ വായന കുറഞ്ഞു എന്ന് പറയുന്നതില്‍ കഴമ്പില്ല. പുതിയ തലമുറയ്ക്കും വായനയില്‍ കമ്പമുണ്ട്.
പുസ്തകോത്സവവുമായി ആലപ്പുഴ, എറണാകുളം ജില്ലകളിലെത്തിയ ഞങ്ങളെ പുതുതലമുറ ആവേശത്തോടെയാണ് വരവേറ്റത്. വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന എണ്ണമറ്റ പുസ്തകങ്ങളിലായി ഒരു വിജ്ഞാന പ്രപഞ്ചം തന്നെ അവര്‍ ഒരുക്കിയിരുന്നു. പലയിടത്തും ഗംഭീരമായ ഉദ്ഘാടനവും സംഘടിപ്പിച്ചിരുന്നു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രമല്ല രക്ഷകര്‍ത്താക്കളും അതതു പ്രദേശത്തെ ജനപ്രതിനിധികളും ഈ ഉത്സവത്തിന്റെ ഭാഗമായി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മനോഹരമായി സംസാരിക്കാനും കവിത ചൊല്ലാനും കഴിവുള്ളവരുണ്ടായിരുന്നു.
സുന്ദരമായ കവിതകള്‍ കോര്‍ത്തിണക്കിയുള്ള പരിപാടികളും ക്വിസ് മത്സരങ്ങളും മറ്റും ഇതോടനുബന്ധിച്ച് ചില സ്കൂളുകളില്‍ സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ വായന കുറിപ്പുകള്‍ അവരുടെയും അദ്ധ്യാപകരുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയ മാഗസിനുകളും മിക്ക സ്കൂളുകളിലും ഉണ്ടായിരുന്നു. വൃത്തിയുള്ള കയ്യക്ഷരത്തില്‍ മനോഹരമായി ഒരുക്കിയ കയ്യെഴുത്തു മാസികകളും ചില സ്കൂളുകളില്‍ കണ്ടു. ഭംഗിയുള്ള ചിത്രങ്ങളും കവിത തുളുമ്പുന്ന പേരുകളുമൊക്കെയായി ആ കയ്യെഴുത്തു മാസികകള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായി.
കലാകായിക മത്സരങ്ങളും ചില പരീക്ഷകളുമൊക്കെയായി പല സ്കൂളുകളും തിരക്കിലായിരുന്നു. എങ്കിലും മനോഹരമായി പുസ്തകോത്സവം സംഘടിപ്പിക്കാനും അവര്‍ സമയം കണ്ടെത്തി. കലാകായിക മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയാല്‍ ഗ്രേസ് മാര്‍ക്ക് വരെ ലഭിക്കും. അതുകൊണ്ട് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് പുസ്തകോത്സവം നടത്തിയാല്‍ അത് വേണ്ടത്ര ശ്രദ്ധിക്കപ്പെടില്ലെന്ന് ചില സ്കൂളധികൃതര്‍ ആശങ്ക പങ്കുവച്ചെങ്കിലും പ്രതീക്ഷിച്ചതിലും അപ്പുറം വിജയമായിരുന്നു ഈ പുസ്തകോത്സവം.
പലപ്പോഴും സംഘാടകരുടെയും ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളുടെയും പ്രതീക്ഷകള്‍ക്കപ്പുറം അവരെയും സ്കൂളധികൃതരെയും വിസ്മയിപ്പിക്കുന്ന പ്രകടനവും കുട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് പറയാതിരിക്കുന്നതെങ്ങനെ. സ്കൂള്‍ ബാഗിന്റെ ഭാരം തന്നെ കുട്ടികള്‍ക്ക് താങ്ങാനാവാത്തതാണ് എന്നിരിക്കെ എത്രയോ ഉത്സാഹത്തോടെയാണ് അവര്‍ വീടുകളില്‍ നിന്നും പുസ്തകങ്ങളുമായി എത്തിയത്. കൊണ്ടുവന്ന പുസ്തകങ്ങള്‍ മനോഹരമായി പ്രദര്‍ശിപ്പിക്കാനും അതിലെ ഉള്ളടക്കത്തെക്കുറിച്ച് വാചാലരാകുന്നതും തികച്ചും സന്തോഷം നല്കുന്ന അനുഭവമായിരുന്നു.
ചുരുക്കം ചില സ്കൂളുകള്‍ ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് പുസ്തകോത്സവം നടത്തിയത്. എങ്കിലും ഭംഗിയായി നടത്താന്‍ അവരും ശ്രമിച്ചു. പല വര്‍ണങ്ങളിലുള്ള ചാര്‍ട്ട് പേപ്പറുകള്‍ മനോഹരമായി മുറിച്ചെടുത്ത് പ്രശസ്തമായ കവിതകളിലെ വരികള്‍ എഴുതി പ്രദര്‍ശിപ്പിച്ചും വര്‍ണ കടലാസുകള്‍ കൊണ്ട് തോരണം തൂക്കിയും കവിതകള്‍ കോര്‍ത്തിണക്കിയ വ്യത്യസ്തമായ പരിപാടികളുമൊക്കെയായി പരിമിതികള്‍ മറികടക്കാനുള്ള കൂട്ടായ പരിശ്രമം ഏറെ ശ്ലാഘനീയമാണ്. അത്തരം സ്കൂളുകളില്‍ എടുത്ത് പറയേണ്ടത് ചില എല്‍പി സ്കൂളുകളാണ്. പിന്നെ കോടനാട് എസ്എന്‍ഡിപി സ്കൂളും. ഉയര്‍ന്ന നിലവാരം ഹയര്‍ സെക്കന്ററി സ്കൂളുകളുമായി മത്സരിക്കുമ്പോള്‍ സ്വാഭാവികമായും പുസ്തകങ്ങളുടെ എണ്ണവും ലൈബ്രറിയുടെ സൗകര്യങ്ങളും മറ്റും വെല്ലുവിളിയാണെങ്കിലും അതിനെ അവര്‍ ക്രിയാത്മകമായി മറികടന്നു.
തങ്ങളുടെ സ്കൂളുകളില്‍ അറിവിന്റെ നിധി ശേഖരങ്ങളായ പുസ്തകങ്ങള്‍ ഒന്നിച്ചു കണ്ട കൗതുകവും സന്തോഷവുമായിരുന്നു കുസൃതി കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത്. ആ കാഴ്ച തന്ന സന്തോഷം ചെറുതല്ല. ഒപ്പം തെല്ലൊരു കുറ്റബോധവും. കാരണം നമ്മള് മുതിര്‍ന്നവര്‍ പുസ്തകങ്ങളുമായി അടുക്കാനുള്ള അവസരം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നില്ല. എന്നിട്ട് നമ്മള് തന്നെ തീരുമാനിക്കുകയാണ് വായന മരിക്കുന്നു എന്നും കുട്ടികള്‍ക്ക് വായിക്കാന്‍ താല്‍പ്പര്യമില്ലെന്നും. ചില സ്കൂളുകളില്‍ കുട്ടികള്‍ എഴുത്തും വായനയും പുസ്തകങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശങ്ങളുണ്ടായിരുന്നു കുട്ടികള്‍ക്ക്.
കുറ്റിപ്പുഴ ക്രിസ്തുരാജ സ്കൂളിലെ ഒരു കുട്ടിക്ക് അറിയേണ്ടിയിരുന്നത് പുസ്തകം പ്രസിദ്ധീകരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു. അതേ, പുതിയ തലമുറ അക്ഷരങ്ങളെ സ്നേഹിക്കുന്നുണ്ട്. ഏതു നേരവും വായനയാണെന്ന് അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരാതിയുണ്ടാക്കുന്ന കുട്ടികളെയും കണ്ടു. പരാതി അസ്ഥാനത്തല്ലെന്ന് ആ കുട്ടികളോട് സംസാരിച്ച ജഡ്ജിംഗ് കമ്മറ്റിക്ക് ബോധ്യപ്പെടുകയും ചെയ്തു. തീര്‍ന്നില്ല, കുട്ടികള്‍ക്കിടയിലുമുണ്ട് എഴുത്തുകാര്‍. തമ്മനം നളന്ദ പബ്ലിക് സ്കൂളില്‍ ഒരു വിദ്യാര്ത്ഥിനിയുടേതായി മൂന്ന് ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
കോടനാട് എസ്എന്‍ഡിപി സ്കൂള്‍ അവരുടെ പരിമിതികളെ മനോഹരമായി മറികടന്നു. അതിനായി ഒരുക്കിയ വിവിധ പരിപാടികളില്‍ ഒന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അവര്‍ക്ക് പ്രിയപ്പെട്ട കൃതികളിലെ ഏതാനും വരികള്‍ എഴുതി വായിക്കുക എന്നതായിരുന്നു. അതില്‍ കഥകളും കവിതകളും ലേഖനങ്ങളും ഉണ്ടായിരുന്നു. അത് കേട്ടിരുന്ന പലര്‍ക്കും ആ പുസ്തകം വായിക്കണമെന്ന തോന്നലുണ്ടായി. അതുതന്നെയാണ് അവര്‍ ഉദ്ദേശിച്ചതും. അങ്ങനെ അക്ഷരങ്ങളും പുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും പുസ്തക പ്രദര്‍ശനത്തോടൊപ്പം ഉള്‍പ്പെടുത്തി ഈ പുസ്തകോത്സവം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവമാക്കി മാറ്റുകയായിരുന്നു അവര്‍.
ചില സ്കൂളുകളില്‍ ലൈബ്രറി തുറക്കാറേ ഇല്ല. ചില നിയമക്കുരുക്കുകളില്‍ പെട്ട് അദ്ധ്യാപകര്‍ക്ക് അത് തുറന്നുകൊടുക്കാന്‍ വയ്യാത്ത അവസ്ഥയാണ്. പരിശീലനം ലഭിച്ച ലൈബ്രേറിയന്‍ (ലൈബ്രറി സയന്‍സ് പഠിച്ചവര്‍) ഉള്ള സ്കൂള്‍ ലൈബ്രറികള്‍ പ്രത്യേകം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. ഗവണ്മെന്റ് സ്കൂളുകള്‍ക്ക് ഫണ്ട് ഉള്ളതുകൊണ്ട് ധാരാളം പുസ്തകങ്ങളുണ്ട്. എന്നാല്‍ അവ ഭംഗിയായി സൂക്ഷിക്കാനുള്ള സംവിധാനം ഇല്ല.
ലൈബ്രേറിയന്‍ ഇല്ല എന്നതോ പോകട്ടെ, മറ്റ് അദ്ധ്യാപകരുടെയും എണ്ണം കുറവായതിനാല്‍ അവര്‍ക്കും അത് ശ്രദ്ധിക്കല്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ നല്ല പുസ്തകങ്ങള്‍ ഉണ്ടായിട്ടും കുട്ടികള്‍ക്ക് അത് ഉപകാരപ്പെടുന്നില്ല. ഈ പുസ്തകങ്ങളില്‍ ഇപ്പോള്‍ കിട്ടാനില്ലാത്തവയും ധാരാളമുണ്ട്. അത് നഷ്ടപ്പെട്ടുപോകാതെ അടുത്ത തലമുറക്ക് ഉപകാരപ്പെടാന്‍ വേണ്ടി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംരക്ഷിക്കപ്പെടണം. അതിന് അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടി ഉണ്ടാവുകയും വേണം. കാരണം പുസ്തകങ്ങള്‍ അമൂല്യമായ അറിവിന്റെ അക്ഷയഖനിയാണെന്നതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: