ഗാന്ധിജിയുടെ ഈ മഹദ് സന്ദേശം പാടേ തിരസ്കരിച്ചവരാണ് നമ്മള് മലയാളികള്‍. അവര്‍ വൈദേശിക ഭാഷയെ നെഞ്ചേറ്റുകയും മാതൃഭാഷയെ വികലമാക്കുകയും ചെയ്തു. ഉപയോഗിച്ച് ഉപയോഗിച്ച് ശുദ്ധി വരുത്തുന്നതിന് പകരം ഭാഷയെ കളങ്കപ്പെടുത്തി. ഭാഷയെ കളങ്കമുക്തമാക്കാനുള്ള ശ്രമത്തില്‍ നിതാന്ത ശ്രദ്ധാലുവാണ് പി.ഐ. ശങ്കരനാരായണന് എന്ന ഭാഷാ സ്നേഹി. സാഹിത്യ രചനകള്‍ക്കപ്പുറം വിശാലമാണ് അദ്ദേഹത്തിന്റെ കര്‍മ്മമേഖല. അരുതായ്മകള്‍ക്കെതിരേ ആ വാക്കുകള്‍ പടവാളാണ്. വാക്കുകള്‍ ലളിതം, പക്ഷേ അവ ചേര്‍ത്തൊരുക്കുന്ന ആശയം ഗംഭീരം. അതു ശസ്ത്രയമായി കൊള്ളേണ്ടിത്തുകൊള്ളുമ്പോള് മുറിവേല്ക്കുന്നു പലര്‍ക്കും.
ഭാഷയ്ക്കുവേണ്ടിയുള്ള ഇദ്ദേഹത്തിന്റെ സമരം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പക്ഷേ, അദ്ദേഹത്തിനൊരു ഒറ്റയാന്റെ കരുത്തുണ്ടെങ്കിലും പോരാട്ടം ഒറ്റയാളിന്റേതാകുന്നുവെന്ന പോരായ്മയുണ്ട്. ആരും തലകുലുക്കി സമ്മതിക്കും ശങ്കരനാരായണനാണ് ശരിയെന്ന്. പക്ഷേ മലയാള ഭാഷയെ മലയാളികള്‍ക്കുപോലും വേണ്ടാതായിരിക്കുന്നുവോ? തനിക്ക് സ്വന്തമായി ആസ്ഥാനമോ അധികാരമോ ഇല്ലാത്തതുകൊണ്ടാണ് തന്റെ ശ്രമങ്ങള്‍ പുര്‍ണമായി ഫലം കാണാതെപോകുന്നതെന്ന് ശങ്കരനാരായണന്.
1974 ല്‍ ഏലം ബോര്‍ഡിലെ ജോലിക്കാലത്തു തുടങ്ങിയതാണ് മലയാളത്തോടുള്ള അവഗണനയ്ക്കെതിരായ പോരാട്ടം. കാര്‍ഡമം ബോര്‍ഡെന്ന പേര് അങ്ങനെ ഏലം ബോര്‍ഡായി. വീട്ടില്‍നിന്നു തുടങ്ങണമെന്നാണല്ലോ മൊഴി. എന്നാല്‍ ഏലം ബോര്‍ഡില്‍ ഒരു മലയാളം ടൈപ്പ് റൈറ്ററിന് വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നുവെന്ന്ശങ്കരനാരായണന് ഓര്‍ക്കുന്നു.
1974 മുതല്‍ 91 വരെ ഏലം ബോര്‍ഡില്‍ ഉണ്ടായിരുന്നു. ഏലം ശീലമാക്കൂ എന്ന പ്രശസ്തമായ പരസ്യവാചകവും ശങ്കരനാരായണന്റെ സംഭാവനയാണ്. 1987 ല്‍ അവഗണിക്കപ്പെടുന്ന മലയാളം എന്ന പേരില്‍ ലേഖനം എഴുതി. അന്ന് സാഹിത്യപരിഷത്തിന്റെ നിര്‍വാഹക സമിതി അംഗം. ഭാഷ നേരിടുന്ന പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികാര കേന്ദ്രങ്ങളിലേക്ക് കത്തയച്ചു. സാഹിത്യപരിഷത്തിലും ഇതേ പ്രശ്നം ഉന്നയിച്ചു. നവംബര്‍ ഒന്ന് കേരളപ്പിറവി ദിവസം ഭാഷാദിനമായി ആചരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. 1988 ല്‍ സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഭാഷാദിനം ആചരിച്ചു തുടങ്ങി. പിന്നീടത് ഭാഷാ വാരമായി. പക്ഷേ, ഈ ആശയം ആദ്യം ഉയര്‍ത്തിയ വ്യക്തിയെ പിന്നെ പലരും മറന്നു.
കോളേജ്കാലത്ത് വള്ളത്തോളിന്റെ ‘എന്റെ ഭാഷ’യെന്ന കവിതയാണ് അദ്ദേഹത്തില്‍ ഭാഷാസ്നേഹം ഉയര്‍ത്തി ഭാഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമുള്ള ചിന്തയുടെ ആരംഭവും. എന്റെ ഭാഷ അതങ്ങനെ ശങ്കരനാരായണന്റെ മനസ്സില്‍ നിറഞ്ഞുകിടക്കുകയാണ്. 1988 ലാണ് മധുരലയതാളം മലയാളം എന്ന കവിതയെഴുതിയത്. മലയാളി വേണം എന്ന് വിചാരിച്ചാല്‍ ഭാഷ നന്നാവും. അങ്ങനെയല്ല എങ്കില്‍ നിയമം നിര്‍ബന്ധമാക്കണം.
സ്കൂളുകളില്‍ പിഞ്ചുകുട്ടികള്‍ പോലും മലയാളം സംസാരിച്ചാല്‍ ഉടന്‍ പിഴയീടാക്കുന്ന നടപടിയ്ക്കെതിരെ സംസാരിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? നിയമം ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ ശരിയായി നടക്കു എന്ന അവസ്ഥയും നമ്മുടെ നാടിന് ഭൂഷണമല്ല. മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതാണ് ഇത്തരമൊരു അവസ്ഥ ഉടലെടുക്കാന്‍ കാരണം. മലയാളി ആര്ഭാടപ്രിയനാണ്. ഭൗതികതയുടെ, സുഖവാസനയുടെ അതിപ്രസരമാണ് നിയമ നിഷേധത്തിന് കാരണമെന്നാണ് ശങ്കരനാരായണന്റെ നിലപാട്. സ്വാഭാവികമായി ഒരുവന്റെ ഉള്ളില്‍ നിന്നും വരേണ്ടതാണ് ഭാഷ.
ഭാഷയുടെ തനിമയ്ക്കുവേണ്ടിയുള്ള പോരാട്ടം ശങ്കരനാരായണനെ സംബന്ധിച്ച് നിരന്തരമായിട്ടുള്ള ഒന്നാണ്. നിരവധി ലേഖനങ്ങള്‍, കവിതകള്‍ എന്നിങ്ങനെ പോകുന്നു ആ സപര്യ. ചിരപരിചിതമായ ആംഗലേയ വാക്യങ്ങള്ക്കുപകരം ശുദ്ധമലയാളത്തില്‍ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള യജ്ഞമാണ് അദ്ദേഹത്തെ മറ്റ് ഭാഷാപണ്ഡിതന്മാരില് നിന്നും വ്യത്യസ്തനാക്കുന്നതും. ഭാഷ ഏതുമാവട്ടെ, പഠിക്കട്ടെ അതുനല്ലതുതന്നെ. പക്ഷേ ആ ഭാഷയോടുള്ള അമിത വിധേയത്വത്തിനോടും അടിമത്ത മനോഭാവത്തോടുമാണ് ശങ്കരനാരായണന് എതിര്‍പ്പുള്ളത്. ഒരു വ്യക്തിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേരുന്നത് ‘ഹാപ്പി ബര്ത്ഡേ ടു യു’ എന്നു തുടങ്ങുന്ന ഇംഗ്ലീഷ് വാക്കുകളിലൂടെയാണ്. ഇതുതന്നെ മനോഹരമായ മലയാളം വാക്കുകളിലൂടെ പറയാമെന്നും അത് നാലാളുകളുടെ ഇടയില്‍ എങ്ങനെ പ്രചരിപ്പാക്കാമെന്നും ചിന്തിച്ചപ്പോഴാണ്
‘ജന്മദിന ശുഭാശംസകള്‍
നിങ്ങള്‍ക്കിതാ
ജന്മദിന ശുഭാശംസകള്‍
ദീര്‍ഘകാല സൗഖ്യ വാഴ്വിനായ്
നിങ്ങള്‍ക്കിതാ
ജന്മദിന ശുഭാശംസകള്‍’ എന്നീ വരികള്‍ അദ്ദേഹം എഴുതുന്നത്. ഇതൊരു കാര്‍ഡ് രൂപത്തില്‍ അച്ചടിച്ച് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഇടയിലെങ്കിലും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 2003 ല്‍ മധുരലയതാളം മലയാളം എന്ന പുസ്തകം പുറത്തിറക്കി. 2004 ല്‍ ആകാശവാണി മധുരമീ മലയാളം പദ്ധതി ആരംഭിച്ചപ്പോള്‍ മൂന്ന്് മാസക്കാലം കുട്ടികളുമൊത്ത് കഥകളും കവിതകളുമായി സംവദിച്ചത് ശങ്കരനാരായണനായിരുന്നു. ഭാഷയ്ക്ക് ഇനിയൊരു ഉണര്‍വ് സാധ്യമാകണമെങ്കില്‍ അത് കുട്ടികളിലൂടെ മാത്രമേ സാധിക്കുവെന്ന് അദ്ദേഹം പറയുന്നു. എന്നാലിന്ന് കുട്ടികള്‍ക്ക് മലയാള ഭാഷയെ അടുത്തറിയുന്നതിനുള്ള അവസരം സ്കൂളുകളില്‍പ്പോലും കിട്ടുന്നില്ല. ഗവേഷണത്തിന് മാത്രമെന്നവണ്ണം സ്ഥാപിച്ചിരിക്കുന്ന മലയാള സര്‍വകലാശാല പോലും കതിരില്‍ വളം ഇടുന്നതുപോലെയാണെന്നും പറയുന്നു. മലയാള ഭാഷയെ തിരസ്കരിക്കാനുള്ള പ്രവണതയെ നിസാരവത്കരിച്ചാല് മലയാള സാഹിത്യശാഖയ്ക്കുപോലും കാലാന്തരത്തില്‍ നിലനില്പ്പില്ലാതെ വരുമെന്നുള്ള ആശങ്കയും ശങ്കരനാരായണന് മറച്ചുവയ്ക്കുന്നില്ല.
1989 ല്‍ കേരളം സമ്പൂര്‍ണ സാക്ഷരതയിലേക്കുള്ള ചുവടുവയ്പ്പ് നടത്തുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നടന്ന സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മുമ്പില്‍ നിന്ന് ആശയപ്രചാരണം നടത്തിയത് ശങ്കരനാരായണനായിരുന്നു. ഏവരും വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി അദ്ദേഹം രചിച്ച
‘കാലം പോയതുപോകട്ടെ
പ്രായംകൂടുതലാകട്ടെ
ആണോ പെണ്ണോ ആകട്ടെ
അക്ഷരമൊന്നു പഠിച്ചാട്ടെ’ എന്ന കവിത ഏവരും ഏറ്റുചൊല്ലിയിരുന്നു. പക്ഷേ അത്തരമൊരു ആശയത്തിന് ഉന്തുകൊടുത്ത ആള് ഇന്ന് ചിത്രത്തിലില്ല എന്നതാണ് ഏറെ ദുഖകരമായ അവസ്ഥ. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പുറത്തിറക്കിയ അദ്ധ്യാപകര്‍ക്കുള്ള കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ ആ കവിത അനുവാദം കൂടാതെ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും ഒരു മറുപടി പോലും നല്കാന് കൂട്ടാക്കിയില്ല അന്നത്തെ സര്‍ക്കാര്‍. ഏലം ബോര്‍ഡിലെ അനീതിക്കും അഴിമതിക്കും എതിരെ പ്രതികരിച്ചതിനെത്തുടര്‍ന്ന് അധികാരികളുടെ ശത്രുതക്ക് പാത്രമായി പുറത്തുപോകേണ്ടി വന്നു. അര്‍ഹമായ ആനുകൂല്യങ്ങള്‍ ഇക്കാരണത്താല്‍ നഷ്ടമായി. പക്ഷേ ഇതൊന്നും ശങ്കരനാരായണനെ തെല്ലും തളര്‍ത്തുന്നില്ല.
1945 ല്‍ കണ്ണൂര്‍ പള്ളിക്കുന്നില്‍ നമ്പിനാത്ത് മഠത്തില്‍ എം.കെ. ശ്രീധരന് നമ്പ്യാരുടേയും പി.ഐ. മീനാക്ഷിയമ്മയുടേയും ഒമ്പത് മക്കളില്‍ മൂത്തമകനായി ജനനം. 12-ാം വയസ്സില്‍ തുടങ്ങിയതാണ് സാഹിത്യരചന. അച്ഛന് ചൊല്ലിക്കൊടുത്ത ഗീതാശ്ലോകങ്ങളും നീതിസാരവും കേട്ടുവളര്‍ന്ന ബാല്യം. അര്ത്ഥമറിഞ്ഞായിരുന്നില്ല ഒന്നും മനസ്സിലേറ്റിയത്. പിന്നീട് സ്കൂള്‍ തലത്തിലെത്തിയപ്പോള്‍ ഭാഷയെ കൂടുതല്‍ അടുത്തറിയുന്നതിന് ബാല്യത്തിലെ അനുഭവം ഏറെ സഹായകമായി. ബാല്യത്തില്‍ തനിക്ക് അച്ഛനിലൂടെയും ഗുരുക്കന്മാരിലൂടെയും പകര്‍ന്നുകിട്ടിയ അറിവുകള്‍ ഭാവിയിലെ കുരുന്നുകള്‍ക്കായി അക്ഷരരൂപത്തില്‍ സ്വരുക്കൂട്ടുകയാണ് അദ്ദേഹം. ലളിതമായ ഭാഷയിലൂടെ സാരംശങ്ങള്‍ നിറഞ്ഞ, മൂല്യബോധം വളര്‍ത്തുന്ന കഥകളും കവിതകളും കുട്ടികള്‍ക്കുമാത്രമല്ല കഥകള്‍ കേട്ടുവളരാന്‍ സാധിക്കാത്ത മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്.
ഇതിനകം 85 ഓളം ബാലസാഹിത്യ പുസ്തകങ്ങള്‍ ശങ്കരനാരായണന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. കഥകളിലൂടെ കവിതയിലൂടെ കുട്ടികളുടെ മനസ്സിലേക്കൊരു സഞ്ചാരമാണ് അക്ഷരങ്ങള്‍ നിരത്തിക്കൊണ്ട് അദ്ദേഹം നടത്തുന്നത്. മലയാളി കുട്ടികള്‍ക്ക് അപ്രാപ്യമായിരുന്ന ലോക ക്ലാസിക് കഥകള്‍ മലയാള പശ്ചാത്തലത്തില്‍ പരിഭാഷപ്പെടുത്തി. ഇതില്‍ പ്രധാനമാണ് ഈസോപ്പ് കഥകള്‍. പത്തോ ഇരുപതോ കഥകളല്ല 205 കഥകള്‍ ഉള്‍പ്പെടുത്തി ഡിസി ബുക്സാണ് ഈസോപ്പുകഥകല് പുറത്തിറക്കിയത്. ഇതിനോടകം 18 എഡിഷനുകളാണ് ഇറങ്ങിയത്. 65 കഥകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ എഡിഷനും പുറത്തിറങ്ങും. പക്ഷേ പകര്‍പ്പവകാശം നേരത്തെ നല്കിയതിനാല് ഇതിന്റെ ഒന്നും പ്രയോജനം എഴുത്തുകാരന് കിട്ടുന്നില്ല. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഈസോപ്പുകഥകള്ക്ക് സ്വീകാര്യതയുണ്ട് എന്നതുമാത്രമാണ് സംതൃപ്തി. രാമായണ കഥകള്‍, ബീര്‍ബെല്‍ കഥകള്‍, റോബിന്‍സണ്‍ ക്രൂസോ കഥകള്‍, വിനോബ കഥകള്‍ തുടങ്ങിയവ,
പലഹാരപ്പാട്ടുകള്‍(1980)അക്ഷരപ്പാട്ടുകള്‍(1992), ഇംഗ്ലീഷ് അക്ഷരഗാനങ്ങള്, വിവര്ത്തനങ്ങല്, കടംകഥകള്, നാടകങ്ങള്‍ തുടങ്ങി ബാലസാഹിത്യത്തിലെ സമസ്ത മേഖലകളിലും കൈയടക്കം നേടിയ എഴുത്തുകാരന്. മാതൃഭാഷയായ ബംഗാളി ഭാഷ പഠിക്കാന്‍ അവസരം കിട്ടാതിരുന്ന ഒടുവിലൊരു വാശിപോലെ ആ ഭാഷയില്‍ പ്രാവീണ്യം നേടിയ അരവിന്ദ ഘോഷ്, അഹിംസയുടെ പാതയിലൂടെ സ്വാതന്ത്ര്യത്തിന്റെ മധുരം സമ്മാനിച്ച ഗാന്ധിജി, കവിതയില്‍ കാല്പനികതയുടെ മായാലോകം തുറന്നിട്ട ചങ്ങമ്പുഴ തുടങ്ങിയവരുടെ ജീവചരിത്രവും ലളിത സുന്ദരഭാഷയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട് ഇദ്ദേഹം.
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച വെണ്ണക്കല്ലാണ് ആദ്യമായി പുറത്തിറങ്ങിയ ബാലസാഹിത്യകൃതി. രാമായണത്തെ ഏതാണ്ട് പൂര്‍ണമായിത്തന്നെ അദ്ദേഹം കഥാ-കവിതാ രൂപത്തില്‍ ആഖ്യാനിച്ചിട്ടുണ്ട്. രാമായണകഥകള്‍, രാമായണത്തിലെ സാരാംശകഥകള്‍, രാമായണത്തിലെ സ്ത്രീകള്‍, രാമായണത്തിലെ മഹര്‍ഷിമാര്‍ തുടങ്ങിവ രാമായണത്തെ അടുത്തറിയുന്നതിനുള്ള അക്ഷരരേഖകളാണ്. ശങ്കരനാരായണന്റെ കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മലയാളമേ എന്റെ അഭിമാനമേ എന്ന ഓഡിയോ സിഡിയും പുറത്തിറങ്ങിയിട്ടുണ്ട്. കവിത ചൊല്ലിക്കേള്ക്കുന്നതും കുരുന്നുകളുടെ മനസ്സില്‍ ആഴത്തില്‍ പതിയാന്‍ ഉപകരിക്കുമല്ലോയെന്ന ചിന്തയാണ് ഇതിനുപിന്നിലും. ശ്രീരാമ കാവ്യഗീതങ്ങളും രാമായണഹൃദയം എന്നപേരില്‍ ഓഡിയോ സിഡിയാക്കിയിട്ടുണ്ട്.
നന്മയേയും തിന്മയേയും തിരിച്ചറിയാനുള്ള ശക്തിയാണ് ശങ്കരനാരായണന്റെ കാഴ്ചപ്പാടില്‍ വിദ്യാഭ്യാസം. എന്നാല്‍ വിദ്യാഭ്യാസത്തിനിടയില്‍ മാതൃഭാഷയെ തിരസ്കരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. എല്ലാ ഭാഷകളും ശ്രേഷ്ഠമാണ്. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാപദവി ഒന്നുകൊണ്ടുമാത്രം ശ്രേഷ്ഠത കൈവരില്ല. പറഞ്ഞും എഴുതിയും ഭാഷയ്ക്ക് ശ്രേഷ്ഠത നല്‍കേണ്ടത് നമ്മള് തന്നെയാണ്. ഭാഷയ്ക്ക് ശ്രേഷ്ഠത കല്‍പ്പിക്കേണ്ടത് ആദ്യം അവന്റെ ഉള്ളില്‍ത്തന്നെയാണ്. ശങ്കരനാരായണന് പറയുന്നു. ഭാഷ പാമരന് പോലും മനസ്സിലാക്കാന്‍ സാധിക്കണം. ആ അര്‍ത്ഥത്തില്‍ പൂന്താനത്തിന്റെ ജ്ഞാനപ്പാനയ്ക്കാണ് ശങ്കരനാരായണന് ഒരു മാര്‍ക്ക് കൂടുതല്‍ നല്‍കുന്നത്. ലൗകികതയുടെ നിരര്‍ത്ഥകതയെക്കുറിച്ച് ഇത്രസരളമായി പ്രതിപാദിക്കാന്‍ കഴിയുകയെന്നതുതന്നെ അസാധ്യം. മലയാള ഭാഷയുടെ പിതാവ് തന്നെയാണ് പൂന്താനവും. മഹാഭാഗവതം കിളിപ്പാട്ടില്‍ തുഞ്ചത്തെഴുത്തച്ഛനും ജീവിതത്തിന്റെ നശ്വരത വെളിപ്പെടുത്തുന്നുണ്ട്
‘കരളില്‍ വിവേകം കൂടാതെ ക-
ണ്ടരനിമിഷം ബത! കളയരുതാരും;
മരണം വരുമിനിയെന്നു നിനച്ചിഹ
മരുവുക സതതം നാരായണ! ജയ
കാണുന്നൂ ചിലര്‍ പലതുമുപായം;
കാണുന്നില്ല മരിക്കുമിതെന്നും;
കാണ്കിലുമൊരുനൂറ്റാണ്ടിനകത്തി
ല്ലെന്നേ കാണൂ നാരായണജയ’ ഈ വരികള്‍ മനസ്സിലുയര്‍ന്നപ്പോള്‍ അക്ഷരങ്ങളുടെ നിര്മ്മലതയോര്ത്ത്, ആ ശക്തിയോര്‍ത്ത്, കവിയുടെ ദീര്ഘദര്ശനമോര്ത്ത് ഒരു നിമിഷം വാക്കുകള്‍ ഇടറിപ്പോയി. എന്തിനും ഏതിനും നിയമത്തിന്റെ പിന്‍ബലം തേടുന്ന തലമുറ അല്ല വേണ്ടത്. കഥയിലൂടെ കവിതയിലൂടെ മൂല്യബോധം ഉള്‍ക്കൊണ്ട പിന്തലമുറക്കാരുടെ വഴിയായിരുന്നു ശരി. ആ പാതയാണ് ഇന്നും നാം പിന്തുടരേണ്ടത്. കുട്ടികളിലൂടെ മാത്രമേ ഭാവി കരുപിടിപ്പിക്കാന്‍ സാധിക്കു എന്നതിനാല്‍ അവരില്‍ സദ്വാസന വളര്‍ത്തേണ്ടതുണ്ട്. മാതൃഭാഷയിലൂടെയല്ലാതെ ഒരുവന്റെ വളര്‍ച്ചയും പൂര്‍ണമാവില്ല എന്നും ശങ്കരനാരായണന് പറയുന്നു.
ഏത് സാഹചര്യത്തോടും എളുപ്പത്തില്‍ പൊരുത്തപ്പെട്ടുപോകുന്ന മലയാളി പലപ്പോഴും അവന്റെ സംസ്കാരം തന്നെ മറന്നുപോകുന്നു. അതിനെ വില കുറച്ചു കാണുന്നു. ഈ മനോഭാവത്തിനാണ് ആദ്യം മാറ്റം വരുത്തേണ്ടത്. നമ്മള് നമ്മുടെ സംസ്കാരം അന്യദേശക്കാര്‍ക്കും എന്തുകൊണ്ട് പകര്‍ന്നു നല്‍കുന്നില്ല-ശങ്കരനാരായണന് ചോദിക്കുന്നു. അന്യഭാഷക്കാര്‍ ഉപജീവനത്തിനായി കേരളത്തിലെത്തുന്നു. അവര്‍ അവരുടെ ഭാഷ സംസാരിച്ചുകൊണ്ടുതന്നെ കാര്യം കാണുന്നു. അവരോടു സംസാരിക്കാന്‍ മലയാളിയും പഠിച്ചു കഴിഞ്ഞു. എന്നാല്‍ എന്തുകൊണ്ട് അന്യഭാഷക്കാര്‍ക്ക് മലയാളം പഠിക്കാന്‍ സൗകര്യം ഒരുക്കുന്നില്ല.
ജോലിതേടി മലനാട്ടിലെത്തുവോര്
ശീലമാക്കട്ടെ ഈ നാട്ടുഭാഷയും
അന്നമേകുന്ന നാടിന്റെ ഭാഷയെ
നന്ദിയോടവര്‍ നെഞ്ചതിലേറ്റട്ടെയെന്ന് അദ്ദേഹം പറയുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഇതിനുള്ള സംവിധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇത്തരത്തില്‍ ഭാഷയ്ക്ക് ഉണര്വേകുകമാത്രമല്ല, സമൂഹത്തിലെ അരുതായ്മകള്‍ക്കെതിരെ നിരന്തരം വാക്കുകളിലൂടെ, പ്രവര്‍ത്തിയിലൂടെ പ്രതികരിക്കുന്ന വ്യക്തി. മദ്യത്തിനെതിരെ വാദിക്കുന്ന, പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്ന സദാ കര്‍മനിരതനായ വ്യക്തി അതാണ് ശങ്കരനാരായണന്.
വാക്കും പ്രവര്‍ത്തിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ആ ജീവിതത്തിന് കൂട്ടായി ഭാര്യ നളിനിയുമുണ്ട്.
സാഹിത്യ-സാമൂഹ്യ മേഖലകളില്‍ ഇത്രയേറെ ഇടപെടലുകള്‍ നടത്തിയിട്ടും അതൊന്നും കാണേണ്ടവര്‍ കാണുകയോ അര്‍ഹമായ അംഗീകാരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. 2013 ല്‍ കുഞ്ഞുണ്ണി പുരസ്കാരം ലഭിച്ചിരുന്നു. സാംസ്കാരിക രംഗത്തെ പ്രമുഖരെന്ന് മേനി നടിക്കുന്നവരില്‍ നിന്നും സമൂഹത്തിന് കിട്ടുന്നത് കാമ്പില്ലാത്ത സാഹിത്യമാണെങ്കില്‍ കൂടി അതിന് അംഗീകാരങ്ങള്‍ നല്കുമ്പോള് ഇല്ലാതാകുന്നത് പുരസ്കാരങ്ങളുടെ മൂല്യമാണ്. ആ തിരിച്ചറിവില്‍ പുരസ്കാരങ്ങള്‍ തേടിയെത്തിയില്ലെങ്കിലും ശങ്കരനാരായണന് പരിഭവമില്ല. എഴുതുകയെന്നതാണ് തന്റെ കര്‍മവും ധര്‍മവുമെന്ന് അദ്ദേഹം കരുതുന്നു. തന്നിലെ എഴുത്തുകാരനെ സ്പോണ്സര് ചെയ്യാന്‍ ആരെങ്കിലും വന്നാന്‍ അതും സന്തോഷമെന്ന് ശങ്കരനാരായണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: