കോട്ടയം : ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ച അദ്ധ്യാപികയ്ക്കും മലയാള അക്ഷരമറിയില്ലായെന്ന് ആക്ഷേപം. മര്‍ദ്ദനത്തിരയായ അമയന്നൂര്‍ തെക്കും ഭാഗം കല്ലുംമാക്കല് പ്രസീദിന്റെ മകള്‍ സനാമോള്ക്ക് അദ്ധ്യാപിക ഗൃഹപാഠം ചെയ്യുന്നതിനായി എഴുതികൊടുത്ത ബുക്കില്‍ മലയാളത്തിലെ ‘ഇ’ എന്ന അക്ഷരത്തിനുശേഷം ‘ഉ’ എന്നാണ് എഴുതികൊടുത്തത്. ‘ഈ’ എന്ന അക്ഷരം ഇതിലില്ല. തെറ്റായ ക്രമത്തില്‍ എഴുതികൊടുത്തത് പകര്ത്തിയെഴുതിയില്ലായെന്ന് പറഞ്ഞാണ് അയര്‍ക്കുന്നം നരിവേലി സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയ്ക്ക് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്. സംഭവം വിവാദമായതോടെ എങ്ങനെയും ഒതുക്കിതീര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍. കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 324-ാം വകുപ്പ് അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അയര്‍ക്കുന്നം എസ്.ഐ. കുര്യന് മാത്യു അറിയിച്ചു. സംഭവത്തില്‍ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. വിശദമായി അന്വേഷണം നടത്തി അദ്ധ്യാപികയേയും സ്കൂള്‍ അധികൃതരേയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
കുറ്റക്കാരിയായ അദ്ധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും അല്ലാത്തപക്ഷം സ്കൂളിന്റെ അംഗീകാരം റദ്ദാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കീരനാടും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: