മാവേലിക്കര: ചെറുവീണയിലൂടെ രാമമന്ത്രം ഉരുവിട്ട് ബാല്യത്തില്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം സര്‍പ്പം പാട്ടിന്റെ ഈരടികള്‍ ഹൃദിസ്ഥമാക്കിയ കണ്ണമംഗലത്ത് പുള്ളുവത്തറവാട്ടിലെ ഉണ്ണിച്ചിരേത്ത് ഗോപിനാഥന് ഏഴു പതിറ്റാണ്ടിന്റെ പുണ്യം. അര്‍ഹതക്കുള്ള അംഗീകാരമായി 2001ന് ശേഷം ഈ വര്‍ഷവും ഫോക്ലോര് അക്കാദമി ഫെല്ലോഷിപ്പ്, തിരുവിതാംകൂറിലെ പ്രശസ്തനായ നാഗക്കളമെഴുത്ത് സര്‍പ്പംപാട്ട് കലാകാരന് കെ.ഗോപിനാഥനെ തേടിയെത്തി.
1943ല്‍ ഇട്ടിക്കേളന് ഉമ്മിണിയുടെയും ജാനകിയുടെയും മകനായി ജനിച്ചു. അമ്മയുടെ വീടായ അമ്പലപ്പുഴ കോമന പെരുവേലി പറമ്പിലായിരുന്നു ജനനം. കോമന എല്‍പി സ്കൂളില്‍ നാലാം ക്ലാസും, അമ്പലപ്പുഴ ഗവ സ്കൂളില്‍ നിന്ന് അഞ്ചാംക്ലാസും പാസ്സായി. പഠനത്തോടൊപ്പം മുത്തച്ഛന്, മുത്തശ്ശിയില്‍ എന്നിവരില്‍ നിന്നും കുലത്തൊഴില്‍ പരിശീലിച്ചു. മുത്തച്ഛന് വേലു വേലായുധന് കുലത്തൊഴിലില്‍ അതീവ പണ്ഡിതനായിരുന്നു. അതിനാല്‍ കര്‍ക്കശമായ ശിക്ഷണത്തിലും നിര്ദ്ദേശത്തിലുമായിരുന്നു പരിശീലനം. കുലത്തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതോടെ എട്ടാം ക്ലാസില്‍ പഠനം അവസാനിച്ചു. ഗുരുകുല സമ്പ്രദായത്തില്‍ അച്ഛന്, അമ്മ, അമ്മാവന്മാര് എന്നിവരോടൊപ്പം കുലത്തൊഴിലിലുള്ള സഹപ്രവര്‍ത്തനവും പരിശീലനവും ഗോപിനാഥന് സഹായകമായി. പിന്നീട് സ്വന്തമായി തന്നെ കുലത്തൊഴിലില്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ ഭാര്യ സുഭദ്ര, മക്കളായ ജലജകുമാരി, ജയകുമാര്‍, വിജയകുമാര്‍ എന്നിവരും കുലത്തൊഴിലില്‍ ഒപ്പമുണ്ടെന്ന് ഗോപിനാഥന് പറഞ്ഞു.
1973 മുതല്‍ ആകാശവാണിയില്‍ സര്‍പ്പംപാട്ട് അവതരണം ആരംഭിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. 1980 മുതല്‍ ഗവ.തലത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷ വേളയില്‍ പങ്കെടുക്കുന്നു. 1988ല്‍ ഇന്ത്യന്‍ റിപ്പബ്ലിക് ഡെ പരേഡില്‍ സ്ട്രിംഗ് ഇന്‍സ്ട്രമെന്റ് പ്രോഗ്രാമില്‍ പങ്കെടുത്ത് പാരിതോഷികങ്ങളും സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാഗക്കളമെഴുത്തും സര്‍പ്പം പാട്ടും അവതരിപ്പിച്ച് നിരവധി പുരസ്ക്കാരങ്ങള്‍ ഗോപിനാഥിന് ലഭിച്ചിട്ടുണ്ട്.
2014ല്‍ മാവേലിക്കര നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ശംഖുമുഖത്ത് നടത്തപ്പെട്ട നാടക സന്ധ്യ മേളയോടനുബന്ധിച്ച് നാടന്‍ കലയ്ക്കുള്ള പ്രത്യേക അവാര്‍ഡ്, 2014ല്‍ ചെട്ടികുളങ്ങര ഒരുമ കള്‍ച്ചര്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റ് പുരസ്ക്കാരം, മാവേലിക്കര ഏ.ആര്. രാജരാജവര്‍മ്മ ഹാളില്‍ ശ്രേഷ്ഠ ഭാഷാദിനത്തോടനുബന്ധിച്ച് നാടന്‍ കലയ്ക്കുള്ള ആദരവും ലഭിച്ചു. കുലത്തൊഴിലിനെ വരുമാനമാര്ഗ്ഗത്തേക്കാള് ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഗോപിനാഥനും കുടുംബവും. പ്രകൃതിയോട് ഇണങ്ങിയ ഈ കലാരൂപത്തെ അന്യം നിന്നു പോകാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് ഈ കുടുംബം. ഇതിനായി വീട്ടില്‍ പഠന കളരി നടത്തി കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു. ഇതിന് അംഗീകാരം നേടി സര്‍ക്കാര്‍ സഹായത്തോടെ കളരി വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോപിനാഥന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: