ആലപ്പുഴ: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ ഭാഗമായി ജന്മഗൃഹമായ കൈനകരി ചാവറ ഭവനില്‍ 22, 23 തീയതികളില്‍ ആഘോഷ പരിപാടികള്‍ നടക്കും. 22ന് ചേന്നങ്കരി ചാവറയച്ചന്റെ ജ്ഞാനസ്നാന ദേവാലയത്തില്‍ രാവിലെ ഒമ്പതിന് വി. കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. ചേന്നങ്കരിയില്‍ നിന്നും കൈനകരി ചാവറ ഭവനിലേക്ക് ജലഘോഷയാത്ര സംഘടിപ്പിക്കും. ജലഘോഷയാത്രാ സമ്മേളനവും ഫ്ളാഗ് ഓഫും മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, തോമസ്ചാണ്ടി എംഎല്‍എ, ഫാ. ജെയിംസ് പാലയ്ക്കല്‍, ഫാ. സിറിയക്ക് വലിയപറമ്പില്‍, ഫാ. സെബാസ്റ്റിയന് അട്ടച്ചിറ സിഎംഐ, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. ജോണ്സണ് പന്തലാനിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് ഒന്നിന് ചാവറ ഭവനില്‍ പൊതുസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. സിഡി പ്രകാശനവും മുഖ്യപ്രഭാഷണവും കളക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍വഹിക്കും. 23ന് രാവിലെ 10ന് എ-സി റോഡില്‍ കൈനകരി ചാവറ ജങ്ഷനില്‍ നിന്നും ആലപ്പുഴ ഫൊറോന മതബോധന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തീര്‍ഥാടന പദയാത്ര ഫാ. ഫിലിപ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് റോമില്‍ നടക്കുന്ന വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ചാവറ ഭവനില്‍ പ്രദര്‍ശിപ്പിക്കും. വൈകിട്ട് നാലിന് കൃതജ്ഞതബലി ഫാ. ജെയിംസ് പാലയ്ക്കല്‍ നേതൃത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: