ഗുരുവായൂര്‍: എളവള്ളി സ്വദേശി കുന്നഞ്ചേരി മുകുന്ദനെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാതിരുന്ന എസ്ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ചാവക്കാട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം.പി.ഷിബു ഉത്തരവിട്ടു. പാവറട്ടി എസ് ഐ ആയിരുന്ന പി.ആര്.ബിജോയിക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്. മുകുന്ദനെ ഫെബ്രുവരി 11ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
എസ്ഐ കേസെടുക്കാതിരിക്കുകയും പരിഹസിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മനംനൊന്താണ് മുകുന്ദന് ആത്മഹത്യ ചെയ്തതെന്ന് പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ജനുവരി 26ന് അയല്‍വാസികളായ ബിജീഷ്, ലിമേഷ് എന്നിവര്‍ തന്നെ വീട്ടില്‍ കയറി ആക്രമിച്ച് കൈ തല്ലിയൊടിച്ചതായി മുകുന്ദന് പാവറട്ടി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതിയില്‍ എസ്ഐ കേസെടുത്തില്ലെന്ന് മാത്രമല്ല എസ്ഐയുടെ സാനിധ്യത്തില്‍ അക്രമികള്‍ മുകുന്ദനെ വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് മുകുന്ദന്റെ ഭാര്യ സാവിത്രിയും മകള്‍ ടിന്റുവും സ്റ്റേഷനിലെത്തി അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ അവരെ എസ്ഐ അസഭ്യം പറഞ്ഞ് മടക്കി അയക്കുകയാണുണ്ടായത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യ സാവിത്രി അഡ്വ.വി.എസ് ശിവശങ്കരന്, സി.എം.രാമചന്ദ്രന് എന്നിവര്‍ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ച കോടതി എസ്.ഐക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബാധ്യതയുണ്ടായിരുന്നിട്ടും ചെയ്യാതിരിക്കല്, കുറ്റക്കാര്‍ രക്ഷപ്പെടുന്നതിന് അവസരമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കോടതി കേസെടുത്തിട്ടുള്ളത്. ഡിസംബര്‍ മാസം 30 ന് എസ്ഐ ബിജോയിയോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: