ചേര്‍ത്തല: വീട്ടിലെ അനധികൃത പടക്കനിര്‍മ്മാണശാലയിലെ സ്ഫോടനം നാടിനെ നടുക്കി. കിലോമീറ്റര്‍ ദൂരെ പോലും സ്ഫോടനം ശബ്ദമുണ്ടായി. നാട്ടുകാര്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തിറങ്ങി ഓടുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേ മുക്കാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഉച്ചകഴിഞ്ഞ് പതിവില്ലാതെ കേട്ട പടക്കത്തിന്റെ പൊട്ടിത്തെറിശബ്ദം ഒരു ഭൂമികുലുക്കത്തിന് സമാനമായിരുന്നുവെന്ന് നാട്ടുകാര്‍. കുറുപ്പംകുളങ്ങര ഗ്രാമം മുഴുവന്‍ അപകടത്തില്‍ ഞെട്ടിവിറച്ചപ്പോള്‍ അതിന്റെ അലയൊലി കിലോമീറ്ററുകള്‍ക്കിപ്പുറത്ത് ചേര്‍ത്തല നഗരത്തിലും പ്രതിധ്വനിച്ചു. ശബ്ദത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനിടെയാണ് കിഴക്കേനാല്പ്പതിലെ അപകടം നാടറിഞ്ഞത്.
ചേര്‍ത്തല ആശുപത്രിയിലും പരിസരത്തും നിരവധിയാളുകളാണ് തടിച്ചുകൂടിയത്. അപകടത്തില്‍പ്പെട്ട് കത്തിക്കരിഞ്ഞ തോമസിന്റെ മൃതദേഹം തിരിച്ചറിയാന്‍ തന്നെ പാടുപെട്ടു. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് സുശീലയെയായീരുന്നു. ദേഹമാസകലം പൊള്ളിയ സുശീലയുടെ കരച്ചില് കണ്ടുനില്ക്കാന് കഴിയാതെ പലരും പൊട്ടിക്കരഞ്ഞു.
ഉടന്‍തന്നെ ‘108’ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധേ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍പെട്ടവരെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത പിന്നെയും നീണ്ടു. അഞ്ചുപേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നും ബാക്കി മൂന്ന് പേരെ ഉടന്‍ കൊണ്ടുവരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ആശുപത്രിയില്‍ കൂടിനിന്നവരെ പരിഭ്രാന്തരാക്കി. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ആശുപത്രി ജീവനക്കാര്‍ സജ്ജരായി നിന്നു. അരമണിക്കൂര്‍ കഴിഞ്ഞും ആരെയും കാണാതായപ്പോള്‍ സമീപത്തെ സ്വകാര്യആശുപത്രികളിലും തിരച്ചില്‍ നടത്തി. ഒടുവില്‍ അപകടത്തില്‍പ്പെട്ടത് രണ്ടുപേരാണെന്നറിഞ്ഞതോടെയാണ് ആശുപത്രിയില്‍ കൂടി നിന്നവര്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: