ശബരിമല: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഗുരുതരവീഴ്ച വരുത്തിയതായി അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പമ്പയിലെ ശൗചാലയങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടിയില്ല.തിരക്ക് നിയന്ത്രിക്കാനുള്ള ക്യൂകോംപ്ലക്സുകള്‍ പാതിവഴിയിലാണ്.
ശബരിമല മാസ്റ്റര്‍പ്ലാന്‍ കാലഹരണപ്പെട്ടു. ഇതു തയ്യാറാക്കാന്‍ ഭക്തരുടെ അഭിപ്രായംപോലും സ്വീകരിച്ചില്ല. മാലിന്യ സംസ്കരണ പ്ലാന്റും പൂര്‍ത്തിയായില്ല.
ഓരോവര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുന്നു എന്ന് ദേവസ്വം ബോര്‍ഡ്തന്നെ പറയുന്ന സാഹചര്യത്തില്‍ മാലിന്യ സംസ്ക്കരണത്തിന് ഉടന്‍ പരിഹാരം കാണണം. ഈ തീര്‍ത്ഥാടനകാലത്ത് പ്ലാന്റ് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തിനോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അതിന് മുമ്പായി ഈ നിലവാരത്തിലുള്ള ഭാരതത്തിലെ മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കേണ്ടതാണ്. അവിടെ തിരക്ക് നിയന്ത്രണംഏതു രീതിയിലാണെന്നും കണ്ടുപഠിക്കേണ്ടതുണ്ട്.
അന്നദാനപ്രഭുവാണ് ഭഗവാന്. അന്നദാനം നടത്താന്‍ കഴിയാതെവന്നാല്‍ ചൂഷകര്ക്കാണ് ലാഭമുണ്ടാകുക. സൗജന്യ അന്നദാനം നടത്തുന്ന സംഘങ്ങള്‍ക്കുമേല്‍ പിഴചുമത്താന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. ദേവസ്വം ബോര്‍ഡിന് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യ അന്നദാനം നടത്താനാവില്ല. ഇതിനായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് ബോര്‍ഡ് ചെയ്യേണ്ടത്. കര്‍ശന വ്യവസ്ഥകള്‍ അന്നദാന സംഘങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും ബോര്‍ഡ് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടേണ്ടതുണ്ട്. അവിടെ ദേവസ്വം ബോര്‍ഡിന് 49 സെന്റ് സ്ഥലവുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇതിനനുകൂലമായ നടപടി സ്വീകരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാന ഖജനാവിലേക്ക് പതിനായിരം കോടി രൂപാ വരുമാനം ലഭിക്കുന്നതാണ് ശബരിമല തീര്‍ത്ഥാടനം. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്ന ഈ തീര്‍ത്ഥാടനത്തോട് അവഗണനകാട്ടുന്നത് ക്രൂരമായ വിനോദമാണ്. കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: