ആസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നു
സിഡ്നി: ചരിത്രം രചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചു കരാറുകളില്‍ ഒപ്പിട്ടു. അതിനൊപ്പം പ്രതിരോധ, ആണവോര്‍ജ്ജ, വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളില്‍ ഭാരതവും ആസ്ട്രേലിയയും തമ്മിലുള്ള സഹകരണം ശക്തമാക്കാനും തീരുമാനിച്ചു.
നരേന്ദ്ര മോദിയുടേയും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടിന്റെയും സാന്നിധ്യത്തിലാണ് വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കരാറുകളില്‍ ഒപ്പിട്ടത്. സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ പരസ്പരം സഹകരിക്കുക, ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ കൈമാറ്റം, മയക്കുമരുന്ന് കടത്തിനെതിരെ ഒരുമിച്ച് പോരാടുകയും പോലീസ് സേനകള്‍ തമ്മില്‍ സഹകരിക്കുകയും ചെയ്യുക, കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക, വിനോദ സഞ്ചാര രംഗത്ത് കൈകോര്‍ക്കുക എന്നിവ സംബന്ധിച്ചാണ് കരാറുകള്‍.
ആസ്ട്രേലിയയില്‍ താമസിക്കുന്ന ഭാരതീയര്‍ക്കും ഭാരതത്തിലുള്ള ആസ്ട്രേലിയക്കാര്‍ക്കും ഗുണം ലഭിക്കും വിധമാകും സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക.
സമാധാന ആവശ്യത്തിനുള്ള ആണവ സഹകരണം മെച്ചമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭാരതത്തിലെ ആണവ നിലയങ്ങള്‍ക്ക് ആസ്ട്രേലിയ യുറേനിയം നല്‍കും.
മോദി ഇന്നലെ ആസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിച്ചു. ആദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി ആസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. അതിനു മുന്‍പ് മോദി പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി ടോണി ആബട്ടും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
ഗ്രൂപ്പ് 20 ഉച്ചകോടി വിജയകരമായി പൂര്‍ത്തീകരിച്ചതിന് ആസ്ട്രേലിയക്കും പ്രധാനമന്ത്രി ടോണി ആബട്ടിനും ജനങ്ങള്‍ക്കും നന്ദി അറിയിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്.
ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് ജനങ്ങളുടെ പ്രതിനിധിയായാണ്. 125 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ അനുമോദനങ്ങളുമായാണ് ഈ പാര്‍ലമെന്റില്‍ നില്‍ക്കുന്നത്, മോദി പറഞ്ഞു.
ആസ്ട്രേലിയയും ഭാരതവും തമ്മില്‍ പങ്കുവെക്കുന്ന മൂല്യങ്ങളുടെ പ്രതീകമായാണ് കാന്‍ബറയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇതിഹാസ താരങ്ങളായ ബ്രാഡ്മാന്റെയും സച്ചിന് ടെണ്ടുല്‍ക്കറുടെയും വിജയം നമ്മള് ആഘോഷിക്കുന്നു.
എല്ലാത്തിനും ഉപരി ജനാധിപത്യമെന്ന ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രങ്ങളാണ് നമ്മള്. ജനാധിപത്യമെന്ന ശ്രീകോവിലിനു മുന്നില്‍ നില്ക്കുമ്പോള് നമ്മള് അനുഗ്രഹിക്കപ്പെടുകയാണ്. കാരണം മനുഷ്യന്റ വ്യക്തിജീവിതം വളര്‍ത്താനുള്ള ഏറ്റവും നല്ല അവസരമാണ് ജനാധിപത്യത്തിലൂടെ ലഭിക്കുന്നത്. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, സംസാരിക്കാനുള്ള അവകാശം, രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള അവസരം അങ്ങനെ പലതും ലഭിക്കുന്നു.
മികച്ച ജീവിത നിലവാരമാണ് നമുക്കുവേണ്ടത്. 450,000 ത്തോളം ഭാരത വംശജരാണ് ഇവിടെയുള്ളത്, ആസ്ട്രേലിയയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം.
ലോകത്തിന്റെ സുസ്ഥിര വളര്‍ച്ചക്കും സുരക്ഷക്കും ആസ്ട്രേലിയ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ഭാരതം സ്വാഗതം ചെയ്യുന്നു. ലോകത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി ആസ്ട്രേലിയയും ഭാരതവും ഒരുമിച്ച് കൈകോര്‍ത്ത് മുന്നോട്ടുപോകും, മോദി പറഞ്ഞു.
വ്യക്തമായ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ഞങ്ങള്‍ക്കുണ്ട്. ഗ്രാമങ്ങളില്‍ നിന്നും വന്‍ നഗരങ്ങളില്‍ നിന്നുപോലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. യുവാക്കളില്‍ പ്രതീക്ഷയുടെ ഊര്‍ജ്ജമുണ്ട്. 35 വയസിനു താഴെ പ്രായമുള്ള 80 കോടി ജനങ്ങളാണ് ഭാരതത്തിലുള്ളത്.
മാറ്റത്തിനുവേണ്ടിയാണ് അവര്‍ മുന്നോട്ടുവരുന്നത്. ഇന്ന് ഇത് സാധ്യമാകുമെന്ന് അവര്‍ക്കറിയാം. ആറുമാസംകൊണ്ട് വളരെയേറെ മുന്നോട്ടുപോകാന്‍ സാധിച്ചു.
സ്വപ്നങ്ങളെക്കുറിച്ച് ചിന്തിച്ച്, വളരെ തിടുക്കത്തിലാണ് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നത്. വളര്‍ച്ചയാണ് പ്രധാനലക്ഷ്യം. എന്നാല്‍ അതേക്കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. ഭാരതത്തിലെ എല്ലാ പൗരന്മാര്ക്കും നിലവാരമുള്ള ജീവിതം എന്നതാണ് ലക്ഷ്യം. അദ്ദേഹം വ്യക്തമാക്കി.
സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് നാം നേരിടുന്ന പ്രധാനവെല്ലുവിളി. ഇനിയുള്ള നാളുകള്‍ ഭാരതവും ആസ്ട്രേലിയയും സുരക്ഷാ സഹകരണം മെച്ചപ്പെടുത്തും, മോദി പറഞ്ഞു.
ഭീകരപ്രവര്‍ത്തനമാണ് എല്ലാവരും നേരിടുന്ന പ്രധാന ഭീഷണി. മൂന്ന് ദശകമായി ഭാരതം ഈ ഭീഷണി നേരിടുന്നു. ഇതിനുവേണ്ടി ഇന്റര്‍നെറ്റിലൂടെ റിക്രൂട്ട് നടക്കുന്നു. കള്ളപ്പണം, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയും പ്രധാന വെല്ലുവിളിയാണ്. ആഗോള പ്രശ്നമായി ഇതിനെ കണ്ട് ആഗോള പരിഹാരം കണ്ടെത്തണം, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: