മുസ്ലിം സമുദായം ആധിപത്യം പുലര്‍ത്തുന്ന പ്രദേശമാണ് കശ്മീര്‍ താഴ്വര. ഇവിടെ മുസ്ലിം സമുദായത്തില്‍ നിന്നുള്ള വനിതകള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തന്നെ അപൂര്‍വ്വമാണ്. അത്തരം ഒരു മണ്ഡലത്തില്‍ നിന്നും ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും സ്ഥാനാര്‍ത്ഥിയായി ജനങ്ങളുടെ മനം കവരുകയുമാണ് ഡോ. ഹിന ഷാഫി ഭട്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഹിന മത്സരിക്കുന്നത് അമരീ കാദല്‍ മണ്ഡലത്തില്‍ നിന്നാണ്. മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എയും പിതാവുമായ മൊഹമ്മദ് ഷാഫി ഭട്ടിന്റെ നിയമസഭാ മണ്ഡലം കൂടിയാണ് ഇത്. ഭട്ട് 2008ല്‍ എന്‍സിയില്‍ നിന്നും രാജി വച്ചിരുന്നു. രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹിന ഷാഫി ഭട്ട് തുറന്നുപറയുന്നു:-
എന്തുകൊണ്ട് ബിജെപിയില്‍ ?
നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടയുമായി വളരെ ചെറുപ്പം മുതലുള്ള ബന്ധമാണ്. എന്നാല്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒന്നും ആകര്‍ഷിച്ചിരുന്നില്ല. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ്, പിഡിപി എന്നീ പാര്‍ട്ടികളുടെ പ്രവര്‍ത്തനവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം നിലവില്‍ വന്ന മോദി സര്‍ക്കാര്‍ അധികാരത്തിലേറി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ട്. ഇതുകൂടാതെ കശ്മീര്‍പ്രശ്നത്തെ തികച്ചും ജനാധിപത്യപരമായാണ് പാര്‍ട്ടി നേരിടുന്നത്.
പിതാവ് പ്രവര്‍ത്തിച്ചിരുന്ന നാഷ്ണല്‍ കോണ്‍ഫറന്‍സിനെതിരെ മത്സരിക്കുന്നത് എങ്ങനെ കാണുന്നു?
ഇത് രാഷ്ട്രീയമാണ്. കശ്മീര്‍ ഒരു ചെറിയ സ്ഥലവും. ഇവിടെ ബന്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വളരാവുന്നതാണ്. എന്‍ സി സ്ഥാനാര്‍ത്ഥിയായ നാസില്‍ അസ്ലം വാനി അമരി കാദല്‍ മണ്ഡലത്തിലെ സിറ്റിംങ് എംഎല്‍എയാണ്. ഇതു കൂടാതെ പിഡിപി സ്ഥാനാര്‍ത്ഥിയായ അത്തഫ് സാഹബ് ഞങ്ങളുടെ കുടുംബ സുഹൃത്ത് കൂടിയാണ്. ഇത്തരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പല സ്ഥാനാര്‍ത്ഥികളുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഇവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തികച്ചും രാഷ്ട്രീയമാണ്.
ബിജെപി കശ്മീരിലെ ഏറ്റവും ശക്തികുറഞ്ഞ പാര്‍ട്ടിയായാണ് കണക്കാക്കപ്പെട്ടിരുന്നത്?
മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് ബിജെപി സ്ത്രീകളോട് അങ്ങേയറ്റം ബഹുമാനത്തോടെയാണ് പെരുമാറുന്നത്. ഇവര്‍ വനിതകള്‍ക്ക് പൊതുരംഗത്തേക്ക് കടന്നുവരുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ആത്മവിശ്വാസവും നല്‍കുന്നുണ്ട്. അവരുടെ ഇത്തരത്തിലുള്ള പ്രവൃത്തിയാണ് ശ്രദ്ധിക്കപ്പെടേണ്ടത്.
370-ാം അനുച്ഛേദത്തെ കുറിച്ച്?
ജമ്മുകശ്മീരിനു സ്വയംഭരണ പദവി നല്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തെ നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു. ബിജെപി അധികാരത്തില്‍ വരുന്നതോടെ ഈ നിയമം അസാധുവാക്കുമെന്ന് എതിരാളികള്‍ പറഞ്ഞു പരത്തുകയാണ്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അല്ലാതെ ഉത്തരവല്ല.
അഫ്സ്പ നിയമത്തെ കുറിച്ച് ബിജെപിയുടെ ആശയം?
സംസ്ഥാനത്തെ ജനജീവിതം സാധാരണ ഗതിയാകുന്നതുവരെ സായുധസേനക്ക് പ്രത്യേക അധികാരം നല്കുന്ന നിയമം എടുത്തുകളയുന്നതല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
കശ്മീര്‍ ജനത അഫ്സ്പ നീക്കം ചെയ്യാനല്ലേ ആഗ്രഹിക്കുന്നത്?
സംസ്ഥാനത്തു നിന്നും അഫ്സ്പ നീക്കം ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചാല്‍ത്തന്നെ പാക്കിസ്ഥാന് ജനങ്ങളെ അരമണിക്കൂര്‍ പോലും ഇവിടെ താമസിക്കാന്‍ അനുവദിക്കില്ല. അതു കൂടാതെ 10 മിനുട്ടിനുള്ളില്‍ തന്നെ ചൈന ഞങ്ങളെ കൈവശപ്പെടുത്തുകയും ചെയ്യും. കശ്മീരിലെ സൈന്യം ഭാരതത്തിന്റേതാണ്. ഭാരതത്തിന്റെ ഭാഗത്തു നിന്നും ഒരിക്കലും ഭീഷണി ഉണ്ടാകില്ല.
ബിജെപി മിഷന് 44 എങ്ങനെ നേടിയെടുക്കാനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്?
കഠിനാധ്വാനം, ഉറച്ച തീരുമാനം, ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടിയും ഇത് പൂര്‍ത്തീകരിക്കും.
ജമ്മുവില്‍ ബിജെപി തരംഗവും കശ്മീരില്‍ പിഡിപി തരംഗവുമാകുമെന്ന് പറയുന്നല്ലോ ?
തെരഞ്ഞെടുപ്പില്‍ പിഡിപി തരംഗം ഉണ്ടാകില്ല. പാര്‍ട്ടി പിഡിപി ഘടകം മാത്രമാണ്. ബിജെപിയും പിഡിപിയും രണ്ട് വ്യത്യസ്ത പാതയില്‍ സഞ്ചരിക്കുന്ന പാര്‍ട്ടികളും. എന്റെ അഭിപ്രായത്തില്‍ ജമ്മുവിലും കശ്മീരിലും ബിജെപി തരംഗമാണ് ഉണ്ടാവുക.
കശ്മീര്‍ താഴ്വരയിലെ ജനങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ നരേന്ദ്രമോദിക്ക് സാധിക്കുമോ?
നരേന്ദ്രമോദി എല്ലാവരുടേയും മനം കവരാന്‍ കഴിവുള്ള പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ സംസാരത്തിന് ജനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്താന്‍ കഴിവുണ്ട്. അടുത്തിടെ പുറത്തുവന്ന മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞടുപ്പ് ഫലം ഇതിന് ഉത്തമ ഉദാഹരണമാണ്. ഇത് ജമ്മുകശ്മീരിലും ആവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: