ആലപ്പുഴ: കയര്‍മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചെറുകിട കയര്‍ഫാക്ടറി ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്. ഉല്‍പ്പാദന ചെലവിന് അനുസൃതമായി കയര്‍ ഉല്‍പ്പന്നങ്ങളുടെ വില പുതുക്കി നിശ്ചയിക്കുക, കയര്‍ ഇതര ഉല്‍പ്പന്നങ്ങളുടെ സര്‍വീസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, തൊണ്ട് സംഭരണ പദ്ധതി കാര്യക്ഷമമാക്കുക, ക്രയവില സ്ഥിരതാ പദ്ധതി നടപ്പാക്കാന്‍ കയര്കോര്പ്പറേഷന് സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ചെറുകിട കയര്‍ ഫാക്ടറി ഉടമകള്‍ അടുത്ത മാസം സമരത്തിനൊരുങ്ങുന്നത്.
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ചെറുകിട കയര്‍ഫാക്ടറികളില്‍ തൊഴില്‍ദിനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ തൊഴിലാളികളും ദുരിതത്തിലായി. ആവശ്യത്തിന് ഓര്ഡറില്ലാത്തതും ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി ലഭിക്കാത്തതുമാണ് തൊഴിലാളികള്‍ക്ക് വിനയായത്. സ്വകാര്യ കയര്‍കയറ്റുമതി സ്ഥാപന ഉടമകള്‍ ഇവരുടെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ ജോലി നല്‍കുന്നുള്ളൂയെന്നും ബാക്കിയുള്ള ജോലികള്‍ പുറത്ത് കരാര്‍ നല്‍കുകയാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ കേരള സ്റ്റേറ്റ് സ്മോള്‍ സ്കെയില്‍ കയര്‍ മാനുഫാക്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രചാരണ ജാഥയും 15ന് തൊണ്ട് സംഭരണത്തെ ആസ്പദമാക്കി സെമിനാറും തുടര്‍ന്ന് കളക്ട്രേറ്റ്, കയര്‍ പ്രോജക്ട് ഓഫീസ്, കയര്‍ കോര്പ്പറേഷന് എന്നിവയ്ക്ക് മുന്നില്‍ സത്യഗ്രഹ സമരവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: