എടിഎം എന്നാല്‍ ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന് എന്നതിന്റെ ചുരുക്കപ്പേരാണെങ്കിലും ‘എനി ടൈം മണി’-ഏതുസമയം പണം ലഭ്യമാകുന്ന- സംവിധാനമെന്നായി മാറിയിരിക്കുന്നു അതിന്റെ അര്‍ത്ഥം.
കാരണം, ബാങ്കിലെ അക്കൗണ്ടില്‍ പണവും കൈയില്‍ ആ അക്കൗണ്ടിന്റെ എടിഎം കാര്‍ഡുമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പണം കിട്ടുമായിരുന്നു. ബാങ്കുകള്‍ തമ്മിലുള്ള മത്സരം മൂത്തപ്പോള്‍ എടിഎം സംവിധാനമായിരുന്നു മുഖ്യ ആകര്‍ഷണവും.
പക്ഷേ, എടിഎം ഉപയോഗത്തിനു നിയന്ത്രണം വരുന്നു. നിയന്ത്രണം എന്നാല്‍ വെറും നിയന്ത്രണമല്ല, കടുത്ത നിയന്ത്രണം. അതിപ്പോള്‍ മെട്രോ നഗരങ്ങളായ മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദ്രാബാദ് എന്നിവിടങ്ങളിലാണ് നിലവില്‍വന്നിരിക്കുന്നത്. അതായത്, അക്കൗണ്ടുള്ള ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകള്‍ പരമാവധി അഞ്ചു തവണയേ സൗജന്യമായി വിനിയോഗിക്കാമായിരുന്നുള്ളു. അത് മേല്‍പ്പറഞ്ഞ നഗരങ്ങളില്‍ മൂന്നാക്കി ചുരുക്കി. അതില്‍ കൂടുതലായാല്‍ 20 രൂപ മുതല്‍ സര്‍വീസ് ചാര്‍ജ്ജ് നല്‍കണം.
സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കാനും വ്യക്തികളുടെയും രാഷ്ട്രത്തിന്റെയും സാമ്പത്തിക ഭദ്രത അങ്ങനെ ഉറപ്പാക്കുകയുമാണ് ബാങ്കുകളുടെ അടിസ്ഥാന സങ്കല്‍പ്പം. എന്നാല്‍ ചില ബാങ്കുകളുടെ യുക്തിയില്ലാത്ത നടപടികള്‍ നോക്കുക. ചില ബാങ്കുകളില്‍, നമ്മുടെ അക്കൗണ്ടില്‍ നമുക്കു പണം നിക്ഷേപിക്കണമെങ്കില്‍ അതിനു ഫീസ് നല്‍കണം, സര്‍വീസ് ചാര്‍ജ്ജെന്ന് ഓമനപ്പേര്. നമ്മുടെ നിക്ഷേപമാണവരുടെ നിലനില്‍പ്പിന്റെ ആധാരം. എന്നിട്ടും എന്തൊരു ധാര്‍ഷ്ട്യം, എന്നാണ് ചിന്തയെങ്കില്‍ അതിന്റെ പരമാവധിയിലേക്കാണ് അവര്‍ പൊയ്ക്കൊണ്ടിരിക്കുന്നതെന്നറിയുക. അതാണ് ഇപ്പോള്‍- ഇനി സ്വന്തം പണം പിന്‍വലിക്കണമെങ്കില്‍ ബാങ്കിന് സര്‍വ്വീസ് ചാര്‍ജ്ജ് നല്കേണ്ടുന്ന സ്ഥിതിയിലായിരിക്കുന്നു.
സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണം, സാങ്കേതിക സൗകര്യം ലഭ്യമായിടത്തുനിന്ന്, ആവശ്യാനുസരണം ഏതുപാതിരാത്രിക്കും ഏതു സ്ഥലത്തുനിന്നും പിന്‍വലിക്കാമെന്ന സൗകര്യമാണ് എടിഎമ്മിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കാരണം. എന്നാല്‍ വലനെയ്ത് ഇര പിടിക്കുന്ന ചിലന്തിയുടെ സ്വഭാവമല്ലേ ബാങ്കുകള്‍ ഇപ്പോള്‍ കാണിക്കുന്നത് എന്നു തോന്നിയാല്‍ അതിശയിക്കേണ്ടതില്ല. ബാങ്കുനെയ്ത വലയില്‍ ജനമെന്ന ഇര കുരുങ്ങി. തീരുമാനം റിസര്‍വ് ബാങ്കിന്റേതാണെങ്കിലും ആവശ്യം ബാങ്കുകളുടേതായിരുന്നു. ഒരുകൂട്ടം ബാങ്കുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമാണ് ഈ ആവശ്യം റിസര്‍വ് ബാങ്കിനു മുന്നില്‍ വെച്ചത്. അതു കേള്‍ക്കേണ്ട താമസം നടപ്പാക്കാന്‍ ഒരു ഗവര്‍ണ്ണറും.
(ഗവര്‍ണ്ണര്‍ രഘുരാം രാജന്റെ ഈ നടപടികള്ഏറെ വിവാദമായിത്തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ വന്നശേഷം ഉണര്‍വുകള്‍ ഉണ്ടായെന്നും ആ സ്ഥിതിക്ക് നിലവിലുള്ള കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നത് സാധരണക്കാര്‍ക്കു ഗുണകരമാകുമെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണത്രെ. രോഗിക്കു കൊടുത്ത മരുന്നു ഫലിച്ചുതുടങ്ങി. അതിന്റെ അര്‍ത്ഥം രോഗം ഭേദമാകും മുമ്പു നിര്‍ത്തണമെന്നല്ല. പക്ഷേ ഓവര്‍ ഡോസു വേണോ എന്ന മറു ചോദ്യം ചോദിക്കേണ്ടത് സാമ്പത്തിക വിദഗ്ദ്ധരല്ല, രാഷ്ട്രീയ തീരുമാനങ്ങള്‍കൂടി എടുക്കുന്ന ഭരണ നിര്വഹണക്കാരാണല്ലോ.)
എടിഎം വഴി ഒരു അക്കൗണ്ടില്‍നിന്ന് ഒരു മാസം അഞ്ച് തവണയിലധികം പണം പിന്‍വലിച്ചാല്‍ ഓരോ പിന്‍വലിക്കലിലും 20 രൂപ മുതല്‍ 50 രൂപവരെ സര്‍വ്വീസ് ചാര്‍ജ്ജ് ബാങ്കുകള്‍ ഈടാക്കും.
ചെറുനിക്ഷേപങ്ങളും പെന്‍ഷന്‍തുകയും ബാങ്കുകളില്‍ പോയി പിന്‍വലിച്ചുകൊണ്ടിരുന്ന സാധാരണക്കാരായ ഇടപാടുകാരെ പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും എടിഎം സംവിധാനത്തില്‍ കൊണ്ടുവരികയും അതിനുശേഷം അവരില്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യുന്ന കഴുത്തറുപ്പന്‍ നിയമമാണിതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
ഒരു വ്യക്തിക്ക് തന്റെ നിക്ഷേപത്തില്‍നിന്ന് എപ്പോള്‍, എത്ര തുക പിന്‍വലിക്കാനുള്ള അവകാശവും ആ വ്യക്തിയില്‍ നിക്ഷിപ്തമാണ്. ഈ അവകാശത്തെയാണ് ഇപ്പോള്‍ ബാങ്കുകള്‍ ചോദ്യം ചെയ്യുന്നത്. ഇനി ഈ സാങ്കേതിക സംവിധാനം സഹായകരമാണെങ്കില്കൂടിയും ബാങ്കുകള്‍ നല്കുന്ന സേവനം എത്രമാത്രം കുറ്റമറ്റതാണെന്നു നോക്കാം.
എടിഎമ്മില്‍ എത്തുന്ന ഉപഭോക്താവിന്റെ ജീവന് എത്രത്തോളം സംരക്ഷണം കിട്ടുമെന്ന കാര്യം ബംഗളൂരുവില്‍ യുവതി ആക്രമിക്കപ്പെട്ടതടക്കം പല സംഭവങ്ങള്‍ തെളിവാണ്. ഇനി വളരെ അത്യാവശ്യത്തിന് പണം പിന്‍വലിക്കാന്‍ എത്തിയാല്‍ എടിഎം പ്രവര്‍ത്തനക്ഷമമല്ലെന്ന ബോര്‍ഡു കണ്ട് നിങ്ങള്‍ എത്രതവണ വിഷമിച്ചിരിക്കുമെന്ന് ഓര്‍മ്മിച്ചു നോക്കുക.
ആവശ്യത്തിന് പണം എടുക്കാന്‍ കഴിയാത്ത അവസ്ഥ ഉപഭോക്താവിനുണ്ടാകാറുണ്ട്. ഇതുമൂലം ഉപഭോക്താവിനുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം ബാങ്കുകള്‍ നല്‍കാറുമില്ല. എസി പ്രവര്‍ത്തിക്കാത്ത, വൃത്തിഹീനമായ, ഫെതര്‍ ടച്ച് ചെയ്യേണ്ട ബട്ടണുകളില്‍ മുറിവേല്ക്കും വരെ വിരല്‍കുത്തി വിഷമിക്കേണ്ടിവരാറുള്ള എത്രയെത്ര എടിഎമ്മുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരുതരം ”വണ്‍വേ”യെന്നര്‍ത്ഥം.
എടിഎമ്മിനെ ജനങ്ങള്‍ ഉപേക്ഷിച്ച് വീണ്ടും ബാങ്കുകളിലേക്ക് മടങ്ങിയാല്‍ ജീവനക്കാര്‍ക്ക് രക്ഷയുണ്ടാവില്ല. തങ്ങളുടെ ജോലി ഭാരം ലഘൂകരിക്കാനായി ഇടപാടുകാരെ എടിഎമ്മിലേക്ക് നയിച്ച ജീവനക്കാര്‍ക്ക് ശ്വാസം വിടാന്‍ പോലും നേരം കിട്ടില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് മാസത്തില്‍ അഞ്ചില്‍കൂടുതല്‍ തവണ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചാല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനിച്ചത്.
കോളേജുകളില്‍ പഠിക്കുന്ന മക്കളുടെ ചെലവിനും ഫീസിനുള്ള തുകയും യാത്രചെയ്യുന്നവര്‍ക്ക് ഭയപ്പാടില്ലാതെ പണം മറ്റ് സ്ഥലങ്ങളില്‍ കൈമാറുന്നതിനും ഇത് ഏറെ സഹായകരമായിരുന്നു.
അന്യസംസ്ഥാന കോളജുകളില്‍ പഠിക്കുന്നവര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയായിട്ടാണ് ചെലവിനുള്ള പണം പിന്‍വലിക്കുന്നത്. ഇങ്ങനെ നോക്കിയാല്‍ പോലും അഞ്ചിലധികം തവണ പലര്‍ക്കും പണം പിന്‍വലിക്കേണ്ടതായി വരാറുണ്ട്. എന്നാല്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം ഞെട്ടലുളവാക്കുന്നതാണ്.
ഇന്ന് വായ്പയെടുക്കുന്നതിനോ വായ്പാ തിരിച്ചടവിനോ മാത്രമാണ് ബാങ്കുകളെ ഇടപാടുകാര്‍ സമീപിക്കാറുള്ളു. എന്നിട്ടുതന്നെ ശ്വാസം കഴിക്കാന്‍ സമയം പലര്‍ക്കും കിട്ടുന്നില്ല. ബാക്കിയുള്ള ഇടപാടുകാരെല്ലാം കൂടി ബാങ്കിലേക്ക് എത്തിയാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെ ആലോചിച്ചാണ് ജീവനക്കാര്‍ വിഷമത്തിലായിരിക്കുന്നത്.
തല്ക്കാലം ആശ്വസിക്കാം, നമ്മുടെ നാട്ടില്‍ ഈ നിയമം വന്നിട്ടില്ല. ഇനി വരുമ്പോള്‍ ആശങ്കപ്പെട്ടാല്‍ പേരേ എന്ന് സമാധാനിക്കാനും പറ്റില്ലല്ലോ.
എടിഎമ്മുകള്‍ പൂട്ടിയാലോ?
ഇരുപതു വര്‍ഷം മുമ്പായിരുന്നു, പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം വന്നു, പോക്കറ്റടിക്കാരന് പറയുകയാണ്. അയാള്‍ റിക്ഷാ വലിക്കുകയാണ്.
വെളിപ്പെടുത്തുന്നത് ഇങ്ങനെ- ‘മുമ്പ് ഞാന്‍ ഒരു പോക്കറ്റടിക്കാരനായിരുന്നു, നാണം കെട്ട പണിയായിരുന്നെങ്കിലും ജീവിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇന്നിപ്പോള്‍ വണ്ടിവലിച്ചു ജീവിക്കുന്നു, അഭിമാനത്തോടെ, അദ്ധ്വാനിച്ച്.’ പരസ്യം അതിനു കാരണം പറയുന്നു, ആളുകള്‍ എടിഎം കാര്‍ഡുപയോഗിക്കാന്‍ തുടങ്ങി, പോക്കറ്റില്‍ പണം കൊണ്ടു നടക്കാറില്ല എന്ന്. ശരിയാണ് ഇന്ന് എടിഎം കാര്‍ഡില്ലാത്തവര്‍ കുറവ്.
സമ്പാദ്യം ചെറുതോ വലുതോ ആകട്ടെ, അവ ബാങ്കില്‍ നിക്ഷേപിച്ച്, നിക്ഷേപശീലം വളര്‍ത്തിയെടുക്കാന്‍ നാം എന്നേ പരിചയിച്ചതാണ്. ആവശ്യം വരുമ്പോഴെല്ലാം ബാങ്കിനുള്ളില്‍ ക്യൂ നിന്ന് ചെക്ക് എഴുതിക്കൊടുത്ത് പണം കൈയില്‍ കിട്ടുന്നതുവരെ ബാങ്ക് ജീവനക്കാരുടെ അക്ഷമ പ്രകടമാകുന്ന മുഖം നോക്കി എത്ര നില്‍പ്പ് നിന്നിട്ടുണ്ടാകും. ബാങ്കിങ് ഇടപാടുകള്‍ നടത്തി അത്ര പരിചയമില്ലാത്തവര്‍ നേരിയ സങ്കോചത്തോടെ ബാങ്കിലെത്തുമ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പോലും സമയമില്ലാതെ തിരക്കോട് തിരക്കിലായിരിക്കും അവിടുത്തെ ജീവനക്കാര്‍. എല്ലാവരും എല്ലാദിവസവും ബാങ്കില്‍ പോയി ക്യൂ നിക്കുന്നുണ്ടോ എന്ന ന്യായമായ ചോദ്യവും ഉയരാം. അതല്ല വിഷയം. ബാങ്കില്‍ പോയി അക്ഷമയോടെ കാത്തുനില്‍ക്കുന്നവരെ ഇന്ന് ഏറെയൊന്നും കാണാനില്ല എന്നാണ് പറഞ്ഞുവന്നത്.
ബാങ്കിങ് സേവനങ്ങള്‍ക്ക് ബാങ്കില്‍ പോയി ക്യൂ നില്ക്കേണ്ടുന്ന അവസ്ഥയ്ക്ക് അറുതിവന്നത് ഓട്ടൊമേറ്റഡ് ടെല്ലര്‍ മെഷീന് എന്ന എടിഎമ്മിന്റെ വരവോടെയാണ്.
1987 ലാണ് ഭാരതത്തിലെ ആദ്യ എടിഎമ്മിന് തുടക്കമാകുന്നത്. പക്ഷേ ഈ പണപ്പെട്ടിക്ക് രാജ്യവ്യാപകമായി സ്വീകാര്യത ലഭിക്കുവാന്‍ പിന്നെയും ഏറെനാള്‍ വേണ്ടി വന്നു.
1992 ലാണ് കേരളത്തിലെ ആദ്യ എടിഎം തുറന്നത്. എന്നാലും എടിഎം സേവനം ജനങ്ങള്‍ക്കിടയില്‍ പോപ്പുലറായിട്ട് അധികം വര്ഷമായില്ല.
എടിഎമ്മുകള്‍ ഒരുമാതിരിപ്പെട്ട എല്ലാവരുടേയും ജീവിതത്തിലെ മാറ്റി നിര്‍ത്താനാവാത്ത ഒന്നായി മാറി. ഹോട്ടലില്‍ കയറുന്നതിന് മുമ്പ്, ഷോപ്പിങ്ങിന് പോകും മുമ്പ്, ദൂരയാത്രയ്ക്കു മുമ്പ് എടിഎം എന്ന് ചെറുപേരെഴുതിയ പണപ്പെട്ടിയ്ക്കുള്ളിലേക്ക് ആദ്യമൊരു സന്ദര്‍ശനം.
കള്ളന്മാരും പിടിച്ചുപറിക്കാരും വാഴുന്ന സമൂഹത്തില്‍ പണം കൈയില്‍ കരുതുന്നത് സുരക്ഷിതമല്ല എന്നറിയാവുന്നവര്‍ ഈ ചെറുകാര്ഡിന്റെ രൂപത്തില്‍ പണം കൈയില്‍ കരുതി എന്ന് പറയുന്നതിലും തെറ്റില്ല.
2014 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെമ്പാടുമായി 1.65 ലക്ഷം ബാങ്ക് എടിഎമ്മുകളാണുള്ളത്. കൂടാതെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും എടിഎം സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ തുടങ്ങുന്നതിനും ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്.
ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്കും എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഏതെങ്കിലും ബാങ്കുകളുടെ സ്പോണ്‍സര്‍ഷിപ്പിലായിരിക്കും ഈ എടിഎമ്മുകളുടെ പ്രവര്‍ത്തനം. എന്നാല്‍ ഇവ നല്കുന്ന സേവനവും സൗജന്യമായിരിക്കില്ല.
ഗ്രാമപ്രദേശങ്ങളിലേക്കും എടിഎം സേവനം വ്യാപിപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എടിഎം സേവനവുമായി സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍ കടന്നുവരുന്നതും അത്ര ആശാസ്യമല്ല എന്നുവേണം കരുതാന്‍.
വ്യാപിക്കുമോ പിന്‍വലിക്കുമോ
എടിഎം ഉപയോഗത്തിലെ ഈ നിയന്ത്രണം നിലവില്‍വന്ന നഗരങ്ങളുള്ള സംസ്ഥാനങ്ങളില്‍ ആദ്യം, പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുമോ അതോ റിസര്‍വ് ബാങ്ക് സ്വയം നിയന്ത്രണം പിന്‍വലിക്കുമോ.
2007-ല്‍ രാജ്യത്താകെ എടിഎമ്മിന്റെ എണ്ണം 32,342 ആയിരുന്നു. 2014 മാര്‍ച്ചില്‍ അത് 1.65 ലക്ഷമായി ഉയര്‍ന്നു. കണക്കുകള്‍ പ്രകാരം ഈ എടിഎമ്മുകള്‍ വഴി 55.5 കോടി, കൃത്യമായി പറഞ്ഞാല്‍, 55,58,09,580 കോടി ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് പണംപിന്‍വലിക്കല്‍ ഇടപാടു മാത്രമാണ്. ബാലന്‍സ് നോക്കല്‍, ഇടപാടു രസീതെടുക്കല്, പിന് നമ്പര്‍ മാറ്റല്‍ തുടങ്ങിയവ കൂ
ട്ടാതെ. ഈ 55.5 കോടി ഇടപാടുകള്‍ വഴി 1,79,285 കോടി രൂപയുടെ വിനിമയം നടന്നിട്ടുണ്ട്.
അതായത് ഒരു ഇടപാടില്‍ 3100 രൂപ വീതം. ഇത്രയും വിശാലമായ ഒരു മേഖലയിലാണ് ഇടപാടു നിയന്ത്രണങ്ങള്‍ വരാന്‍ പോകുന്നത്. നിയന്ത്രണം വ്യാപകമായാല്‍ ഇതിന്റെ പത്തിലൊന്നിടപാടിന് 20 രൂപയോ അതിലധികമോ ഫീസ് ബാധകമാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ആകെ നഷ്ടമാകുന്നത് വന്‍ തുകയായിരിക്കുമെന്നു സംശയമില്ല.ബാങ്കുകള്‍ക്ക് കിട്ടാന്‍ പോകുന്നതും.
പക്ഷേ, ഒരു രാജ്യത്തെ ജനങ്ങളെ സാമ്പത്തിക സ്ഥിതിയുടെയും അവര്‍ വസിക്കുന്ന സ്ഥലത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ വേറിട്ടു കാണുന്ന സ്ഥിതി ഭരണഘടനാ പരമായി എതിരാണ്. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്കിന്റെ ഈ നടപടി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
മാത്രമല്ല, എടിഎമ്മിനെ ഉപേക്ഷിച്ച് ഇടപാട്ടുകാര് ബാങ്കുകളിലേക്ക് ചെല്ലാന്‍ തുടങ്ങിയാല്‍ പിടിച്ചു നില്ക്കാന് ഇന്നത്തെ സാഹചര്യത്തില്‍ ഒരു ബാങ്കിനും സാധിക്കുകയുമില്ല.
അതിനാല്‍ ഒന്നുറപ്പാണ്. അധികനാള്‍ പോകില്ല ഈ നിയന്ത്രണം. റിസര്‍വ് ബാങ്ക് പിന്തിരിയേണ്ടിവരും, അല്ലെങ്കില്‍ ബാങ്കുകള്‍ അവരുടെ നയം പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: