തിരുവല്ല: അനധികൃതമായി നടന്ന നിലം നികത്തല്‍ നാട്ടുകാര്‍ തടഞ്ഞു. പെരിങ്ങര പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ മാങ്കുളങ്ങര ഭാഗത്താണ് അനധികൃത നിലം നികത്തല്‍ തടഞ്ഞത്. പുരയിടത്തിലേക്കുളള വഴി നിര്‍മിക്കുന്നുവെന്ന വ്യാജേനയാണ് റവന്യൂ അധികൃതരുടെ ഒത്താശയോടെ ഒരേക്കറോളം വരുന്ന നിലം നികത്താന്‍ വിദേശ മലയാളി ശ്രമം നടത്തിയത്. ഒരുവര്‍ഷം മുമ്പ് ഇവിടെ നടന്ന നികത്തല്‍ ശ്രമം എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.
ശനിയാഴ്ച രാത്രിയോടെ വീണ്ടും വ്യക്തി നിലംനികത്തല്‍ ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ നികത്തല്‍ തടഞ്ഞ് കൊടിനാട്ടി. കോച്ചാരിമുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുളള നിലം നികത്താന്‍ കഴിഞ്ഞ ആഴ്ച നടന്ന ശ്രമവും തടഞ്ഞിരുന്നു. പെരിങ്ങര-ചാത്തങ്കേരി റോഡില്‍ പെരിങ്ങര റേഷന്‍ കടയ്ക്ക് എതിര്‍വശത്ത് നടക്കുന്ന നിലം നികത്തലും വിവാദമായിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വെളളക്കെട്ട് ഒഴിവായതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത നിലം നികത്തല്‍ തകൃതിയായി നടക്കുകയാണ്. റവന്യൂ അധികൃതരും, വസ്തു ഉടമകളും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണ് അനധികൃത നിലം നികത്തല്‍ വ്യാപകമാകാന്‍ ഇടയാക്കിയതെന്നതാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: