ശ്രീലങ്കക്ക് ഏകദിന ചരിത്രത്തിലെ ദയനീയ തോല്‍വി ഇന്ത്യന്‍ വിജയം 5-0 ന്
റാഞ്ചി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ടീം ഇന്ത്യ നേടിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ശ്രീലങ്ക അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ‘വൈറ്റ്വാഷ്’ ചെയ്യപ്പെടുന്നത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആഞ്ചലോ മാത്യൂസിന്റെയും (139 നോട്ടൗട്ട്), തിരിമന്നെയുടെയും (52) മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച വിരാട് കോഹ്ലിയുടെയും (139 നോട്ടൗട്ട്) അമ്പാട്ടി റായിഡു (59) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ 288 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ ഡിക്ക്വെല്ല സ്കോര്‍ ബോര്‍ഡില്‍ 32 റണ്‍സുള്ളപ്പോള്‍ നാല് റണ്‍സുമായി മടങ്ങി. ധവാല്കുല്ക്കര്ണിയുടെ പന്തില്‍ അമ്പാട്ടി റായിഡുവിന് ക്യാച്ച് നല്‍കിയാണ് ഡിക്ക്വെല്ല മടങ്ങിയത്. അധികം വൈകാതെ മറ്റൊരു ഓപ്പണറായ ദില്ഷശന സ്റ്റുവര്‍ട്ട് ബിന്നി ബൗള്‍ഡാക്കുകയും ചെയ്തു.
സ്കോര്‍ രണ്ടിന് 45. പിന്നീട് ജയവര്‍ദ്ധനെയും ചണ്ടിമലും ചേര്‍ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 73-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. അഞ്ച് റണ്‍സെടുത്ത ചണ്ടിമലിനെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ രോഹിത് ശര്‍മ്മ പിടികൂടി. അധികം വൈകാതെ ജയവര്‍ദ്ധനെയും മടങ്ങി. 33 പന്തുകളില്‍ നിന്ന് 32 റണ്‍സെടുത്ത ജയവര്‍ദ്ധനയെ അശ്വിന്റെ പന്തില്‍ രഹാനെയാണ് പിടികൂടിയത്.
സ്കോര്‍: 4ന് 85. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും തിരിമന്നെയും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ ബൗളര്‍മാരുടെ മുനയൊടിഞ്ഞു. ഇരുവരും ചേര്‍ന്ന് 128 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്കോര്‍ 213-ല്‍ എത്തിയപ്പോള്‍ 52 റണ്‍സെടുത്ത തിരിമന്നെയെ അശ്വിന്റെ പന്തില്‍ റായിഡു കയ്യിലൊതുക്കി. പിന്നീട് ആഞ്ചലോ മാത്യൂസിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അധികം വൈകാതെ 102 പന്തില്‍ നിന്ന് മാത്യൂസ് സെഞ്ചുറി തികച്ചു.
എന്നാല്‍ സ്കോര്‍ 258-ല്‍ എത്തിയപ്പോള്‍ ആറ് റണ്‍സെടുത്ത തീസര പെരേരയെ അക്ഷര്‍ പട്ടേലും അവസാന ഓവറിലെ മൂന്നാം പന്തില്‍ 285-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന പ്രസന്നയെയും ഇന്നിംഗ്സിലെ അവസാന പന്തില്‍ അജാന്ത മെന്‍ഡിസിനെയും ധവാല്‍ കുല്‍ക്കര്‍ണി മടക്കി. 116 പന്തില്‍ നിന്ന് 6 ഫോറും 10 സിക്സറുമടക്കം 139 റണ്‍സുമായി ആഞ്ചലോ മാത്യൂസ് പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി മുന്നും അക്ഷര്‍ പട്ടേല്‍, അശ്വിന് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
287 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ രഹാനയും (2) കഴിഞ്ഞ ഏകദിനത്തിലെ ലോക റെക്കോര്‍ഡ് സ്കോര്‍ നേടിയ രോഹിത് ശര്‍മ്മയും (9) ആഞ്ചലോ മാത്യൂസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. പിന്നീട് അമ്പാട്ടി റായിഡുവും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
സ്കോര്‍ 150-ല്‍ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 69 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത അമ്പാട്ടി റായിഡു റണ്ണൗട്ടായി മടങ്ങി. തുടര്‍ന്നെത്തിയ റോബിന് ഉത്തപ്പക്ക് കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. സ്കോര്‍ 180-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ഉത്തപ്പയെ അജാന്ത മെന്‍ഡിസ് ആഞ്ചലോ മാത്യൂസിന്റെ കൈകളിലെത്തിച്ചു. പിന്നീട് വിരാട് കോഹ്ലിയും അരങ്ങേറ്റക്കാരന്‍ കേദാര്‍ ജാദവും ചേര്‍ന്ന് സ്കോര്‍ 215ലെത്തിച്ചു.
എന്നാല്‍ 20 റണ്‍സെടുത്ത ജാദവിനെ അജാന്ത മെന്‍ഡിസ് ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും തകര്‍ന്നു. പിന്നീട് സ്കോര്‍ 231-ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 12 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയെയും റണ്ണൊന്നുമെടുക്കാത്ത ആര്. അശ്വിനെയും അജാന്ത മെന്‍ഡിസ് പുറത്താക്കി. ഇതിനിടെ വിരാട് കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കി. 107 പന്തുകില്‍ നിന്ന് 10 ബൗണ്ടറികളോടെയായിരുന്നു കോഹ്ലിയുടെ ശതകം. പിന്നീട് അക്ഷര്‍ പട്ടേലിനെ (17 നോട്ടൗട്ട്) കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: