പാലക്കാട്: ജില്ലയില്‍ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യ വിതരണം സ്തംഭനാവസ്ഥയിലേക്ക്. നവംബര്‍ മാസത്തേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ മൊത്തവിതരണ കേന്ദ്രങ്ങളില്‍ നിന്നു റേഷന്‍ വിതരണക്കാര്‍ ശേഖരിക്കുന്നത് നിര്‍ത്തി.
ഇതോടെയാണ് മിക്ക റേഷന്‍ കടകളിലും അരിയും ഗോതമ്പും മറ്റു വസ്തുക്കളും ആവശ്യത്തിനു കിട്ടാനില്ല. ഒക്ടോബര്‍ മാസത്തില്‍ വിറ്റഴിഞ്ഞതിന്റെ ബാക്കിയാണ് ഇപ്പോള്‍ റേഷന്‍ കടകളിലൂടെ വില്‍ക്കുന്നത്. അരിയും മറ്റും വാങ്ങാന്‍ ദിവസവും നിരവധി കുടുംബങ്ങളാണ് റേഷന്‍ കടകളില്‍ കയറിയിറങ്ങുന്നത്.
റേഷന്‍ വിതരണക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയാണ് സമരം നടത്തുന്നതെന്ന് ഡീലേഴ്സ് അസോസിയേഷന് പറയുന്നു. മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നു ഒരു ക്വിന്റല്‍ അരി, ഗോതമ്പ് എന്നിവ റേഷന്‍ ഷോപ്പുകളിലേക്ക് എത്തിക്കുന്നതിനു വ്യാപാരികളുടെ വില്പന കമ്മിഷന് 60 രൂപയാണ് അധികൃതര്‍ ഇവര്‍ക്കു നല്‍കുന്നത്.
വാഹന വാടക, കയറ്റിറക്ക് കൂലി എന്നിവയ്ക്കായി 70 മുതല്‍ 80 രൂപവരെ കടയുടമകള്‍ക്കു ചെലവാകുന്നു. 90 രൂപയാക്കാമെന്ന അധികൃതരുടെ നിര്‍ദേശം അംഗീകരിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും കമ്മിറ്റി ചെയര്മാന് ശിവദാസ് പറഞ്ഞു.ഡോര്‍ഡെലിവറി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. തുടര്‍ന്നായിരുന്നു ഭക്ഷ്യധാന്യം എടുക്കുന്നത് നിര്‍ത്തിയത്.
ഇതോടെ പാലക്കാട്, കൊപ്പം, കല്ലേക്കാട് തുടങ്ങി ജില്ലയിലെ 19 മൊത്തവിതരണ കേന്ദ്രങ്ങളിലും റേഷന്‍ കടകളിലേക്കുള്ള ഭക്ഷ്യധാന്യം കെട്ടികിടക്കുകയാണ്. ചരക്കു നീക്കം നടക്കാത്തതിനാല്‍ വരും മാസങ്ങളിലേക്കുള്ള അലോട്ട്മെന്റും ഇവിടെ ശേഖരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ജില്ലയിലെ അഞ്ചു താലൂക്കുകളിലെ 936 റേഷന്‍ കടകളിലേക്ക് നവംബര്‍ മാസത്തില്‍ 1400 ലോഡ് അരിയും ഗോതമ്പുമാണ് ജില്ലാ സപ്ലൈ ഓഫിസ് മുഖേന വിതരണം ചെയ്യുന്നത്.
ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മൊത്തവിതരണ കേന്ദ്രങ്ങളില്‍ രണ്ടുമാസത്തേക്കുള്ള ശേഖരണവും മുന്‍പേ നടത്തണം.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ മാസത്തില്‍ തന്നെ നവംബര്മാസത്തേക്കുള്ള ഭക്ഷ്യധാന്യത്തിന്റെ പകുതിയോളം ഇവിടങ്ങളില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നു ഈമാസം ഒരു ലോഡുപോലും റേഷന്‍ കടകളിലേക്കു കൊണ്ടു പോയിട്ടില്ല.
നിലവില്‍ 40% ധാന്യം മൊത്ത വിതരണ കേന്ദ്രങ്ങളില്‍ കിടക്കുകയാണ്. റേഷന്‍ കടകളിലേക്കു ഇവ കൊണ്ടു പോകാത്തതിനാല്‍ ബാക്കിയുള്ള ഭക്ഷ്യധാന്യം കൊണ്ടുവരാനും പറ്റാത്ത സ്ഥിതിയാണ്.
റേഷന്‍ കടകളില്‍ ആവശ്യത്തിനു അരിയും ഗോതമ്പും ലഭിക്കാത്തതിനാല്‍ സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇപ്പോള്‍ അന്ത്യോദയ അന്നയോജന ഉപയോക്താക്കള്‍ അടക്കം ഒരു കിലോ അരിക്കായി 30-40 രൂപ കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്സ് സമരം ശക്തമാക്കുന്നതോടെ വരും ദിവസങ്ങളില്‍ ജില്ലയിലെ റേഷന്‍ കടകള്‍ പൂര്‍ണമായും അടച്ചിടുന്ന അവസ്ഥയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: