ബ്രിസ്ബെയ്ന്‍: ജി 20 ഉച്ചകോടി പൂര്‍ത്തിയാക്കാതെ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന് വേദി വിട്ടു. യുക്രൈനില്‍ റഷ്യനടത്തുന്ന അധിനിവേശങ്ങള്‍ അവസാനിപ്പിക്കണമെന്ന ലോകനേതാക്കളുടെ ആവശ്യമാണ് പുടിനെ ചൊടിപ്പിച്ചത്.
യുക്രൈനില്‍ നിന്നും സൈന്യത്തെയും ആയുധങ്ങളെയും പിന്‍വലിക്കണമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഇതേക്കുറിച്ച് പുടിനോട് സംസാരിച്ചിരുന്നു. റഷ്യയുടെ നടപടി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഒബാമ തുറന്നടിച്ചു.
യുക്രൈനിലെ അധിനിവേശം അവസാനിപ്പിച്ചില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ബ്രിട്ടണും മുന്നറിയിപ്പു നല്‍കിയിരുന്നു. അധിനിവേശം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കുമേല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും വ്യക്തമാക്കിയിരുന്നു.
യുക്രൈന് പ്രതിസന്ധിക്ക് പരിഹാരം സാധ്യമാണെന്നും എന്നാല്‍ ഈ വിഷയം ഇത്രയും ചര്‍ച്ചയാക്കേണ്ടെന്നും വേദിവിടുന്നതിനുമുമ്പ് പുടിന് പറഞ്ഞു. ഇന്നത്തെ സ്ഥിതിയില്‍ യുക്രൈന് പ്രശ്നത്തില്‍ പരിഹാരം കണ്ടെത്താന്‍ മികച്ച അവസരമുണ്ട്. ഇത് എങ്ങനെ പരിഹരിക്കപ്പെടും എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും പുടിന് വ്യക്തമാക്കി.
എന്നാല്‍ മറ്റുനേതാക്കള്‍ ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ പുടിന് വേദിവിട്ടിറങ്ങുകയായിരുന്നു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ ഇക്കൊല്ലം 4,000 പേരാണ് കൊല്ലപ്പെട്ടത്. നാള്‍ക്കുനാള്‍ പ്രശ്നം രൂക്ഷമായിട്ടും പ്രതിസന്ധി പരിഹരിക്കാനോ, ഇടപെടലുകള്‍ നടത്താനോ റഷ്യ തയ്യാറാകാത്തതാണ് അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: