കല്‍പ്പറ്റ: കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് വയനാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇഞ്ചി, അടക്ക, റബ്ബര്‍ വിപണികളിലാണ് വന്‍ വിലയിടിവുണ്ടായത്. ഇത് കാര്‍ഷികകുടുംബങ്ങളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. ഓരോവര്‍ഷവും വിളവെടുപ്പ് സമയമാകുമ്പോഴേക്കും തന്നാണ്ട് വിളകളുടെ വിലയിടിവ് കാര്‍ഷികവൃത്തിയോട് വിരക്തി തോന്നുംവിധം വര്‍ദ്ധിക്കുകയാണ്.
വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും കൂലിച്ചെലവ് കഴിച്ച് ഇന്നത്തെ അവസ്ഥയില്‍ ഇത്തരം വിളകള്‍ക്ക് മുടക്ക്മുതല്‍ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കഴിഞ്ഞ നവംബറില്‍ ഒരു ചാക്ക് ഇഞ്ചിക്ക് 2500-2600 രൂപയായിരുന്നു വിപണിവില. ഇപ്പോഴിത് 1200-1250 രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഒരുകിലോ റബ്ബര്‍ഷീറ്റിന് 150-160 രൂപ ആയിരുന്നത് 100-108 രൂപയാണ് ഇപ്പോഴത്തെ വില.
പൊളിച്ച അടക്കയ്ക്ക് 90-100 രൂപവരെ വില ലഭിച്ചിരുന്നിടത്ത് ഇന്ന് ലഭിക്കുന്നത് 50-55 രൂപ മാത്രം. ചേനയുടെ കാര്യത്തില്‍ മാത്രമാണ് വിലസ്ഥിരതയുള്ളത്. കുരുമുളകിന് മെച്ചപ്പെട്ട വില ഇക്കുറി ലഭിക്കുന്നുണ്ട്. ഇതിന്റെ ഉല്‍പ്പാദനമാകട്ടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കുറവുമാണ്. ഒന്നര പതിറ്റാണ്ട് മുന്‍പുണ്ടായ കുരുമുളക് വിളനാശവും വിലതകര്ച്ചക്കുശേഷം കര്‍ഷകര്‍ ഏറെക്കുറെ അവഗണിച്ച കൃഷിയായിരുന്നു ഇത്. അക്കാലത്ത് കുരുമുളക് വള്ളികള്‍ പൂര്‍ണ്ണമായും നശിച്ച തോട്ടങ്ങള്‍ റബ്ബര്‍ കൃഷിക്ക് വഴിമാറുകയാണുണ്ടായത്.
റബ്ബര്‍ കൃഷിയുടെ വലിയ മുന്നേറ്റത്തിന് വയനാട് സാക്ഷ്യം വഹിച്ചതും ആ കാലഘട്ടത്തില്തന്നെയാണ്. ഇന്ന് റബ്ബര്‍തോട്ടം തൊഴിലാളികള്‍ക്ക് കൂലി നല്‍കാനുള്ള ഉല്പ്പന്നവിലപോലും കര്‍ഷകര്‍ക്ക് ലഭിക്കാതെയുമായി. ഇതോടെ ആദായമെടുത്തിരുന്ന റബ്ബര്‍തോട്ടങ്ങളില്‍ പലതും ടാപ്പിംഗ് ജോലികള്‍ നിര്‍ത്തിവെക്കുകയോ കുരുമുളക് കൃഷിക്ക് വഴിമാറുകയോ ചെയ്യുന്ന കാഴ്ച്ചയാണ്. കഴിഞ്ഞ നവംബറില്‍ ഒരുകിലോ കുരുമുളകിന് 500-550 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 700-750 രൂപയായി. കുരുമുളക് വള്ളികളുടെ താങ്ങുകാല്ക്ഷാമവും കൃഷിയെ ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: