മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തമായി നാണയം ഇറക്കുന്നു. ഗോള്‍ഡ്, സില്‍വര്‍, കോപ്പര്‍ നാണയങ്ങള്‍ ഇറക്കാനാണ് പദ്ധതി. നിലവിലെ സമ്പദ് വ്യവസ്ഥയില്‍ മാറ്റം വരുത്താനുള്ള ഈ നീക്കം ഇത് പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കുന്നുവെന്നും സംഘടന പറയുന്നു.
നിലവിലെ ആഗോള സമ്പദ് വ്യവസ്ഥ സാത്താന്മാരായ കൊള്ളപ്പലിശക്കാര്‍ക്ക് അടിസ്ഥാനപ്പെട്ടാണ്. ഈ സമ്പദ് വ്യവസ്ഥ സ്വേച്ഛാധിപത്യപരവും ലോകത്തിലെ മുസ്ലിംങ്ങളെ അടിമപ്പെടുത്തുന്നതുമാണ്. ഈ സമ്പ്രദായം മാറ്റുകയെന്ന ലക്ഷ്യത്തിലാണ് പുതിയ നാണയം ഇറക്കുന്നതെന്ന് ഐഎസ് നേതാവ് അബുബക്കര്‍ അല്‍-ബാഗ്ദാദി പ്രസ്താവനയില്‍ പറഞ്ഞു.
തന്റെ കീഴിലുള്ളവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സംഘടനയുടെ ഉപദേശക സമിതിയായയ ഷുരാ കൗണ്‍സില്‍ തീരുമാനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇറക്കാന്‍ പോകുന്ന നാണയങ്ങളുടെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്/എ കാലിഫെറ്റ് ബേസ്ഡ് ഓണ്‍ ദി ഡോക്ട്രിണ് ഓഫ് ദി പ്രൊഫെറ്റ് എന്ന് അറബിയിലുള്ള എഴുത്തും നാണയത്തില്‍ കാണാം.
എന്നാല്‍ നാണയങ്ങള്‍ ഇറക്കാന്‍ സ്വര്‍ണവും, വെള്ളിയും ചെമ്പും ഐഎസിന് എവിടെ നിന്നും ലഭിക്കുമെന്നതില്‍ വ്യക്തതയില്ല. ഖുറാനെക്കുറിച്ച് പ്രതിപാദിക്കുന്നതും, ലോക മാപ്പും പ്രതീകാത്മകമായി പതിച്ചാണ് നാണയും പുറത്തിറക്കുന്നത്.
നാണയം എങ്ങനെ ഉപയോഗിക്കും എന്നതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഐഎസിന്റെ ട്രഷറി വകുപ്പ് നല്‍കുമെന്നും വെബ്സൈറ്റ് പ്രസ്താവനയില്‍ പറയുന്നു. എസ്ഐടിഇ എന്ന വെബ്സൈറ്റു വഴിയാണ് ഐഎസ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് പലതവണ ഈ സൈറ്റിലൂടെയാണ് സംഘടന അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: