നമ്മുടെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേരിട്ടുള്ള ഓര്‍മ്മകളുള്ള ഒരു എഴുത്തുകാരി കൂടി പിന്‍വാങ്ങിയിരിക്കുന്നു. സാഹിത്യപഠനത്തിന്റെയും ആത്മകഥാരചനയുടെയും വിവര്‍ത്തനത്തിന്റെയും മൗലികത സൂക്ഷിക്കുകയും അദ്ധ്യാപനത്തെ അഗാധമായ ആനന്ദമായി കാണുകയും ചെയ്ത പ്രൊഫ. ബി. ഹൃദയകുമാരി 85 വയസ്സിലേക്ക് നടന്നുതുടങ്ങിയപ്പോള്‍ തന്നെ കാലത്തിന്റെ കറുത്ത ചിറകും രോമരഹിതമായ കഴുത്തുമുള്ള പക്ഷി നമുക്കിടയില്‍നിന്നും അവരെ തട്ടിയെടുത്തുകൊണ്ടുപോയി.
ഒരായുഷ്കാലം മുഴുവന്‍ ആംഗലഭാഷയും സാഹിത്യവും പഠിപ്പിക്കുകയും അതില്‍നിന്നുള്ള അനുഭവപരിചയത്തിന്റെ വെളിച്ചത്തില്‍ ആഴവും സൂക്ഷ്മതയുമുള്ള ലാവണ്യശാസ്ത്ര പ്രയോഗ ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത എഴുത്തുകാരിയാണ് അവര്‍. കാല്പനികത, നവോത്ഥാനം ആംഗലസമൂഹത്തില്‍, ഓര്‍മ്മകളുടെ വസന്തകാലം, ചിന്തയുടെ ചില്ലകള്‍, ഹൃദയപൂര്‍വ്വം തുടങ്ങിയവ അവരുടെ മൗലിക രചനകളാണ്. സിവിയും ആശാനും ഉള്‍പ്പെടെയുള്ള എഴുത്തുകാരെ പുതിയ വെളിച്ചത്തില്‍ പരിശോധിക്കുന്ന വിമര്‍ശന കൃതിയുടെ അച്ചടി നടന്നുകൊണ്ടിരിക്കുന്നു.
ദേവേന്ദ്രനാഥ ടാഗോറിനെയും വള്ളത്തോളിനെയും സമഗ്രപരിശോധനയ്ക്ക് വിധേയമാക്കുന്ന ഇംഗ്ലീഷ് കൃതികളുടെ പരിഭാഷ അവര്‍ നിര്‍വഹിച്ചിട്ടുണ്ട്. ആരാണ് നമ്മെ ഭരിച്ച ഈ വിദേശികളായ ബ്രിട്ടീഷുകാര്‍ എന്ന് ഒരു സാധാരണ മലയാളി വായനക്കാരന് ചോദിച്ചാല്‍ അവരുടെ ചരിത്രവും നരവംശശാസ്ത്രവും സാമൂഹിക വികാസ പ്രേരണകളും വെളിപ്പെടുത്തികൊണ്ട് കൃത്യമായി ഉത്തരം നല്കുന്ന ഗ്രന്ഥമാണ് “’നവോത്ഥാനം ആംഗലസമൂഹത്തില്‍’ എന്ന ഗ്രന്ഥം.
ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കടന്നുചെന്ന് അവിടങ്ങളിലെ ജനതയെ കീഴടക്കുകയും ഭരിക്കുകയും തങ്ങളുടെ ബൗദ്ധിക സ്വാധീനം എന്നന്നേയ്ക്കുമായി അവിടെയൊക്കെ ഉറപ്പിക്കുകയും ചെയ്ത വെള്ളക്കാരെ രൂപപ്പെടുത്തിയിട്ടുള്ള മിശ്ര സംസ്കാരത്തിന്റെ ജനിതക മൂലധനത്തെ ഈ കൃതി അടയാളപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും മാത്രമല്ല ഇംഗ്ലീഷിന്റെ കടുകട്ടില്നിന്നും മോചിതരാകാന്‍ വേണ്ടി നിയമവും നിരാഹാരവും മുറവിളിയും ഇതര പ്രതിഷേധ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നവര്‍ക്കും ഉപകാരപ്രദമാണ് ‘നവോത്ഥാനം ആംഗലസമൂഹത്തില്‍’ എന്ന ഗ്രന്ഥം.
കാല്‍പ്പനികത എന്ന കൃതി കേരള സാഹിത്യ അക്കാദമിയുടെയുള്പ്പെടെ വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള സാഹിത്യപഠന ഗ്രന്ഥമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അഭിജാതസൗന്ദര്യമുള്ള കാല്പനിക കൃതികളെയും കവികളെയും ആസ്പദമാക്കി മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗ്രന്ഥമാണിത്. മനുഷ്യമനസ്സിന്റെ വികാസ സങ്കോചങ്ങളുടെ ഭിന്നാവസ്ഥകളെ കുറിക്കുന്ന കാല്പനികത എക്കാലത്തും കവികളും കലാകാരന്മാരും ഉള്‍പ്പെടെ എല്ലാ മേഖലകളിലെയും സര്ഗാത്മചിന്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ചില കാലങ്ങളില്‍ പ്രസ്ഥാനമായും ചിലകാലങ്ങളില്‍ മനോഭാവമായും കടന്നുവരുന്ന കാല്പനികത എന്ന സ്വപ്നചിത്രം (റൃലമാ ുശരൗേൃല) എന്നും എഴുത്തുകാരുടെ ഭ്രമവും ലഹരിയുമാണ്.
കാല്പനികതയുമായി ബന്ധപ്പെട്ടുവരുന്ന വിവിധ ഭാവാവസ്ഥകളെ തികഞ്ഞ ഉത്തരവാദിത്തത്തോടും മികവോടും വിശകലനം ചെയ്യുന്ന കൃതിയാണ് ഇത്. കാല്പനിക മനസ്സിനേയും കാല്പനിക അനുഭവത്തേയും ആംഗല കവികളായ വേഡ്സ് വര്‍ത്ത്, കോള്‍റിഡ്ജ്, ഷെല്ലി,ബൈറണ്‍, കീറ്റ്സ് എന്നിവരെയും മലയാള കവികളായ ആശാന്, ചങ്ങമ്പുഴ, പി. കുഞ്ഞിരാമന് എന്നിവരെയും പഠനവിഷയമാക്കികൊണ്ട് വിലയിരുത്തുകയാണ് ഈ ഗ്രന്ഥത്തില്‍. അക്കാദമിക് സമൂഹത്തിലും സാധാരണ വായനക്കാര്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനും ഒരുപോലെ സ്വീകാര്യവും പാരായണക്ഷമവും ജ്ഞാനസംവേദനക്ഷമവുമായ നിരവധി വിദ്യാഭ്യാസ സംബന്ധിയായ ലേഖനങ്ങളും ഈ എഴുത്തികാരിയുടേതായിട്ടുണ്ട്.
വളളത്തോളിന്റെ ജീവിതരേഖയും സാഹിത്യ കലാപ്രവര്‍ത്തനങ്ങളും ഉചിതമായി രേഖപ്പെടുത്തുന്ന ഗ്രന്ഥം ഹൃദയകുമാരി കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി തയ്യാറാക്കിയിട്ടുണ്ട്. കവിത നിറഞ്ഞ വാക്കുകളില്‍ തന്റെ ഇന്നലെകളെ ഓര്‍ത്തെടുക്കുന്ന ‘നന്ദിപൂര്‍വ്വം’ എന്ന കൃതി മലയാളത്തിലെ ഒര്‍ജിനല്‍ ആത്മകഥകളില്‍ ഒന്നാണ്. സ്വാതന്ത്ര്യഗായകനും ദേശാഭിമാനിയും ഗാന്ധിയനുമായിരുന്ന കവി ബോധേശ്വരന്റെ പൈതൃകമാണ് തന്റെയും, മലയാളത്തിലെ എക്കാലത്തെയും വലിയ കവികളില്‍ ഒരാളായ സുഗതകുമാരിയുടെയും, മറ്റൊരു സഹോദരി സുജാതകുമാരിയുടെയും എഴുത്തില്‍ തെളിയുന്നതെന്ന് ഈ ആത്മകഥാക്കുറിപ്പുകള്‍ പറഞ്ഞുതരും.
കേരളത്തിന്റെ ഏഴെട്ടുദശകങ്ങളിലെ രാഷ്ട്രീയവും വിദ്യാഭ്യാസവും സാമൂഹിക ചലനങ്ങളും അതിന്റെ പരിണാമ ത്വരകളും ഈ കൃതി വിശകലന വിധേയമാക്കുന്നു. അറബിക്കഥകളിലും ടാഗോറിന്റെ ജീവിതസ്മൃതികളിലും രാമായണത്തിലും ബാല്യത്തിന്റെ ഓര്‍മ്മകളെ കണ്ടെത്തുന്ന ഹൃദയകുമാരി മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളും പരപ്പും ആവാഹിക്കുന്ന കാളിദാസ കൃതികളിലും ഷേക്സ്പീരിയന്‍ ദുരന്തനാടകങ്ങളിലും പില്ക്കാലത്ത് തന്നെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഹോമറും ദാന്തെയും കോന്റിഡ്ജും ദസ്തയേസ്കിയും സി.വി രാമന്‍പിള്ളയും അവരുടെ ചിന്തയുടെയും സൗന്ദര്യാനുഭവത്തിന്റെയും ലോകത്തേക്ക് കടന്നുകയറി.
ആശാന്റെ ധ്യാനാത്മകത കാല്പനികതയുടെ ലോകം അവരെ വശീകരിച്ചു. മലയാളത്തിലെ ആധുനികരുടെ ഇടയില്‍ നിന്നും ആനന്ദിനെയും ഒ.വി. വിജയനെയും താല്പര്യപൂര്വം സ്വീകരിച്ചു. തന്റെ പതിവു ചിന്താഗതികളെ, പരിപ്രേക്ഷ്യങ്ങളെ വെല്ലുവിളിക്കുന്നവരായി ഈ എഴുത്തുകാരെ നോക്കിക്കണ്ടു.
ആനന്ദിന്റെ ഇമോഷണല്‍ ഇന്റന്‍സിറ്റി തന്നെ ആകര്‍ഷിക്കുന്നു എന്ന് ഹൃദയകുമാരി എടുത്തുപറഞ്ഞിട്ടുണ്ട്. തന്റെ പാരമ്പര്യത്തിന്റെ വിശുദ്ധ സൗന്ദര്യം പേറുന്ന രാമായണത്തെ വഴിതെറ്റി പുനര്‍ വായിച്ച് ഊരുകാവല്‍ എന്നപേരില്‍ നോവല്‍ എഴുതിയ സാറാ ജോസഫിനോട് അവര്‍ വിയോജിക്കുന്നു. പുരോഗമന വാദികളുടെ എതിര്‍പ്പിനെ അവഗണിച്ചും തന്റെ നിലപാട് അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ഊരുകാവല്‍ എന്ന നോവല്‍ പൂര്‍ണ്ണമായും ദുര്‍വ്യാഖ്യാനമാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു.
ഇതൊക്കെ ഹൃദയകുമാരിയുടെ ധൈഷണിക സത്യസന്ധതയുടെ തെളിവുകളാണ്. തന്റെ ബൗദ്ധിക ജീവിതത്തെ ആര്‍ക്കും പണയം വയ്ക്കാതെയിരുന്ന ഈ എഴുത്തുകാരി തന്റെ ശരികള്‍ക്കൊപ്പം ഭയമില്ലാതെ സഞ്ചരിച്ചു. ലാളിത്യത്തിന്റെ സമാനപരമായി ജീവിച്ച അവര്‍ വ്യക്തിത്വത്തിന്റെ ഔന്നത്യത്തെ ആരാധിച്ചിരുന്നു. അതുകൊണ്ടാണവര്‍ ഒരു ഇടതുപക്ഷ മാധ്യമത്തിനുവേണ്ടി ഇന്റര്‍വ്യു കൊടുത്തപ്പോള്‍ പോലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ തുറന്നു എതിര്‍ക്കുവാനും തന്റെ നിലപാടുകളിലെ വിയോജിപ്പ് പ്രഖ്യാപിക്കാനും തയ്യാറായത്.
കമ്മ്യൂണിസ്റ്റുകളുടെ ഫിലോസഫിയോടോ പ്രവര്‍ത്തന പദ്ധതികളോടൊ അവര്‍ ഉണ്ടാക്കിയ മാതൃകകളോടോ തനിക്ക് താല്പര്യമില്ലായെന്ന് അവര്‍ വിളിച്ചുപറഞ്ഞു.
കമ്മ്യൂണിസ്റ്റുകള്‍ എന്നും ഉയര്ത്തിപറയുന്ന എം.എന്‍. ഗോവിന്ദന് നായരെ പോലുള്ള ആദര്ശസ്വരൂപങ്ങളെപോലും ഒരു നര്മ്മഭാവത്തോടുകൂടി വിമര്‍ശിക്കാന്‍ തയ്യാറാവുന്നത് ഇത്തരം വിചാരപരമായ ഉറപ്പില്നിന്നുകൊണ്ടാണ്. ലോകസാമൂഹ്യസാഹചര്യങ്ങളെകുറിച്ച് തങ്ങളെപ്പോലെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കേരളത്തിലെ പഴയ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെന്ന് ഹൃദയകുമാരി ഫലിതമായി പറയാറുണ്ടായിരുന്നു. ഗാന്ധിജിയോടും നെഹ്റുവിനോടും ആദരവുണ്ടായിരുന്ന അവര്‍ കോണ്‍ഗ്രസിന്റെ നയങ്ങളിലെ അഖിലേന്ത്യാ പരിപ്രേക്ഷ്യത്തോട് യോജിപ്പുള്ളവരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രാദേശിക താല്പര്യങ്ങള്ക്കും സാമുദായിക പരിഗണനകള്‍ക്കും സ്വന്തം നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും അടിയറവച്ചപ്പോള്‍ അതിനെയൊക്കെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഒട്ടും യോജിക്കാന്‍ കഴിയാത്ത ഒരുപാടു കാര്യങ്ങള്‍ കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ആ പാര്‍ട്ടി ചെയ്തിട്ടുണ്ടെന്ന് അവര്‍ പറയാറുണ്ട്.
ധൈഷണിക വ്യാപാരത്തിന്റെ രംഗത്ത് സുചിന്തിതമായ നിലപാടുകളുള്ള വ്യക്തിത്വമായിരുന്നു ഹൃദയകുമാരി. തന്റെ വീക്ഷണങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തും വന്നുപ്പെട്ട കെടുതികളെ അവര്‍ തിരിച്ചറിയുകയും ഭാരതീയ പരിപ്രേക്ഷ്യത്തില്‍ പരിഹാര നിര്‍ദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു വിദ്യാഭ്യാസ വിചക്ഷണയുടെ ദീര്‍ഘ ദര്ശിത്വത്തോടെയുള്ള അവരുടെ അഭിപ്രായങ്ങള്‍ വിദ്യാഭ്യാസ സംബന്ധിയായ ലേഖനങ്ങളില്‍ കാണാം. അത് കേരള സമൂഹം പലവട്ടം ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്.
രാഷ്ട്രീയവും മതപരവും വിദ്യാഭ്യാസപരവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് തന്റെ വീക്ഷണങ്ങള്‍ അവര്‍ ലേഖനങ്ങളിലൂടെ തുറന്ന് അവതരിപ്പിച്ചിട്ടുണ്ട്. താന്‍ പഠനത്തിന് എടുക്കുന്ന മേഖലകളില്‍ തികഞ്ഞ അവഗാഹമുണ്ടായിരിക്കണമെന്ന നിര്ബന്ധത്തോടുകൂടിയാണ് അവര്‍ എഴുതിയിരുന്നത്. അവയൊക്കെ പക്വമായ കണ്ടെത്തലുകളുടെയും ഉന്നതമായ കാഴ്ചപ്പാടുകളുടെയും ഫലമായിരുന്നു. കേരളത്തിലെ സര്‍വ്വകലാശാല വിദ്യാഭ്യാസരംഗത്തെ ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സമ്പ്രദായത്തിലെ പോരായ്മകള്‍ പരിശോധിക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ ചെയര്‍മാനായിരുന്നു അവര്‍. പ്രീതിയോ അപ്രീതിയോ പരിഗണിക്കാതെ പ്രസ്തുത മേഖലയ്ക്ക് ഗുണകരമായ, പ്രയോഗികമായ പരിപാടികളാണ് അവര്‍ നിര്‍ദ്ദേശിച്ചത്. അവ പലതും ഗവണ്മെന്റുകളുടെ പിടിപ്പുകേടുകൊണ്ട് ഇനിയും നടപ്പിലാക്കപ്പെട്ടിട്ടില്ലായെന്നത് മറ്റൊരു കാര്യം.
ലളിതജീവിതത്തിനുടമയായ ഹൃദയകുമാരി ചിന്തയിലും സമീപനത്തിലും കുലീനമായ പൈതൃകത്തെയാണ് മുന്നോട്ട് വയ്ക്കുന്നത്. കേരളവും ഭാരതവും ലോകവും ഒരേപോലെ അവരില്‍ പ്രതിഫലിച്ചു. ഭാരതീയ ദേശീയ ജീവിതത്തിന്റെ മുദ്രകള്‍ അവരുടെ ജീവിതത്തില്‍ എമ്പാടും കാണാം. ഹൈന്ദവീയമായ കേരളീയ ജീവിതശൈലി അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. കൃഷ്ണഭക്തിയും ദൈവവിശ്വാസവും സാര്‍വലൗകിക അനുഭവമായി ഇടര്ച്ചകളോടെ അവരെ പിന്തുടര്ന്നിരുന്നു. സ്വാമി വിവേകാനന്ദനായിരുന്നു അവരുടെ ആരാധ്യപുരുഷന്. തന്റെ സ്വീകരണ മുറിയില്‍ തിളങ്ങുന്ന കണ്ണുകളുമായി നില്ക്കുന്ന സ്വാമി വിവേകാനന്ദന്റെ ചിത്രം അവര്‍ എപ്പോഴും സൂക്ഷിച്ചിരുന്നു. അവരുടെ ഭൗതിക ശരീരം കിടത്തിയിരുന്നതും സ്വാമിയുടെ ചേതോഹരമായ രൂപത്തിന്റെ മുമ്പിലായിരുന്നു.
പാശ്ചാത്യവും പൗരസ്ത്യവുമായ വിചാരധാരകളുടെ സങ്കലനം വഴി ഇന്ത്യയുടെ ആത്മാവിനെ നവീകരിക്കാന്‍ ശ്രമിച്ച നരേന്ദ്രനാഥ ദത്തയുടെ ഹൃദയസാന്നിധ്യം എപ്പോഴും ഹൃദയകുമാരിയില് ഉണ്ടായിരുന്നു. പാശ്ചാത്യ ചിന്തയുടെ യുക്തികളും പുരോഗമനാശയങ്ങളും സ്വീകരിക്കുമ്പോഴും ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തിന്റെ പിന്തുടര്ച്ച ഏറ്റെടുക്കുമ്പോഴും അവര്‍ തികഞ്ഞ ഉദ്ഗ്രഥനവാദിയായിരുന്നു. ഈ കാഴ്ചപ്പാട് സുഗതകുമാരിയുടെ ബൗദ്ധികജീവിതത്തില്‍ ആകെ കാണാവുന്നതാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ തെളിച്ചങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ഒഴുകുന്ന ഒരു വലിയ പ്രകാശസാന്നിധ്യമായിരുന്നു അവരുടെ വാക്കുകള്‍.
ഇത് അവരുടെ ക്ലാസ് മുറികളില്‍വച്ച് അനുഭവിച്ചറിഞ്ഞ എത്രയോ വിദ്യാര്‍ത്ഥി തലമുറകളുണ്ട്. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയും പുതിയ ഭാവുകത്വത്തോടെ ഇഴുകിചേരാന്‍ ശ്രമിക്കുകയും ചെയ്ത ഈ അധ്യാപിക വര്‍ത്തമാനകാല കാലുഷ്യങ്ങളെ തന്റെ ആത്മശാന്തിക്ക് ഭംഗമാകാതെ പുറത്തുനിര്‍ത്തി. നര്‍മ്മവും ജ്ഞാനവും ഇടകലരുന്ന നേര്‍മ്മയുള്ള വാക്കുകളില്‍ ക്ലാസ് റൂമുകളില്‍ ജ്ഞാനത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. സാഹിത്യ അദ്ധ്യാപനം അങ്ങനെ ഉന്നത ഗൗരവമുള്ള ഒരു കലയായി ഹൃദയകുമാരി കണ്ടു. explication, lecture, discussion എന്ന മൂന്നുതലങ്ങളിലാണ് സാഹിത്യാദ്ധ്യാപനത്തെ അവര്‍ കണ്ടത്. v.- explication വെറും വ്യാഖ്യാനമല്ല. പഠനവസ്തുവിന്റെ പുനര്‍നിര്‍മാണമാണ് അത്. അതിലാണ് അദ്ധ്യാപകന്റെ അഭിരുചിയും നൈപുണ്യവും ഒരുപോലെ പ്രകടമാകുന്നത്. ലക്ചറിംഗിനും അദ്ധ്യാപനത്തില്‍ മുന്തിയ സ്ഥാനമുള്ളതാണ്. അതിനുശേഷമാണ് കുട്ടികളുമായുള്ള സംവാദത്തിന് ഇടം. അദ്ധ്യാപകന് മോഡറേറ്ററുടെയും ലീഡറുടെയും റോളുകളാണ് ഡിസ്കഷനില്‍ നിര്‍വഹിക്കാനുള്ളത്. ഈ മൂന്നു റോളുകളും കണിശതയോടെയും ആര്‍ജവത്തോടെയും നിര്‍വചിച്ച അദ്ധ്യാപികയായിരുന്നു ഹൃദയകുമാരി. നമ്മുടെ ഗുരു പരമ്പരയില്‍ അറിവിന്റെ ആഴവും സൂക്ഷമതയുംകൊണ്ട് വെളിച്ചത്തിന്റെ പ്രസരം ഒരുക്കിയ അപൂര്‍വം അദ്ധ്യാപകരില്‍ ഒരാളായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: